Capturing Business 360°

ചാനൽ നിരക്കുകളിലും വിതരണത്തിലും നിയന്ത്രണത്തിനൊരുങ്ങി ട്രായ്; ടെലിവിഷന്‍ കാണുന്നതിന്റെ പൂര്‍ണ നിയന്ത്രണം ഇനി ഉപഭോക്താവിലേക്ക്, ആവശ്യമുള്ള ചാനലുകള്‍മാത്രം തിരഞ്ഞെടുത്ത് പണം ലാഭിക്കാൻ ഉപഭോക്താക്കൾക്ക് അവസരം

ന്യൂഏജ് ന്യൂസ്

ഉപഭോക്താവിന് തങ്ങള്‍ക്കാവശ്യമുള്ള ചാനലുകള്‍ മാത്രം തിരഞ്ഞെടുത്ത് അതിന് മാത്രം പണം നല്‍കാനുള്ള സംവിധാനം വരുന്നു. ഇഷ്ടമുള്ള നൂറ് ചാനലുകള്‍ക്ക് നല്‍കേണ്ടത് വെറും 130 രൂപയും നികുതിയും. പേ, എച്ച്‌.ഡി. (ഹൈ ഡെഫിനിഷന്‍), പ്രീമിയം ചാനലുകള്‍ക്ക് പ്രത്യേക വില നല്‍കണം.

ഓപ്പറേറ്റര്‍മാര്‍ കൂട്ടമായി നല്‍കുന്ന ചാനല്‍ പാക്കേജുകള്‍ വാങ്ങേണ്ടതില്ല. 60 ദിവസത്തിനുള്ളില്‍ തങ്ങളുടെ ചാനലുകള്‍ സൗജന്യമാണോ, അല്ലെങ്കില്‍ നിരക്ക് എത്രയാണെന്നോ തീരുമാനിക്കാന്‍ ചാനല്‍ കമ്ബനികളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ട്രായ് അനുവദിച്ച നിരക്കില്‍ കൂടാനും പാടില്ല. ചാനല്‍ നിരക്ക് തയ്യാറായി കഴിഞ്ഞാല്‍ പ്രത്യേക പാക്കേജുകളും അതിന്റെ നിരക്കും തീരുമാനിക്കാന്‍ വിതരണക്കാര്‍ക്ക് 180 ദിവസവും നല്‍കിയിട്ടുണ്ട്.

വര്‍ഷങ്ങളായി ടെലിവിഷന്‍ കാണുന്നവരുടെ ആവശ്യമാണ് ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നടപ്പിലാക്കുന്നത്. പുതിയ നിയമ പ്രകാരം പൊതുവിനോദ ചാനലുകള്‍ക്ക് (പേ ചാനല്‍) പരമാവധി നിരക്ക് മാസം 12 രൂപയാണ്. ഇന്‍ഫൊടെയിന്‍മെന്റ് (9), സിനിമ (10), കിഡ്‌സ് (7), ന്യൂസ് (5), സ്പോര്‍ട്‌സ് (19), ആധ്യാത്മികം (3) എന്നിങ്ങനെയാണ് മറ്റ് ചാനല്‍ നിരക്കുകള്‍. കമ്ബനികള്‍ക്ക് ഈ നിരക്ക് കുറയ്ക്കാം. കൂട്ടാന്‍ പാടില്ല.

കൂടുതല്‍ പേ ചാനലുകള്‍ ഉണ്ടെങ്കില്‍ ഓരോന്നിനും പ്രത്യേക നിരക്ക് വേണം. ഇവ കൂട്ടമായി (ബൊക്കെ) നല്‍കുന്നുണ്ടെങ്കില്‍ അത് മൊത്തം ചാനലുകളുടെ ആകെ തുകയില്‍ നിന്നും 15 ശതമാനത്തിലധികം കുറയാന്‍ പാടില്ല. സ്പോര്‍ട്‌സ് ചാനലുകളും മറ്റും ഓരോ ചാനലിനും പ്രത്യേകം വിലയിട്ട് ബൊക്കെ നിരക്കില്‍ 80 ശതമാനത്തോളം കുറയ്ക്കുന്നത് തടയാനാണിത്.

അടിസ്ഥാന പാക്കേജായ 100 ചാനലില്‍ എസ്.ഡി. (സ്റ്റാന്‍ഡേര്‍ഡ് ഡെഫിനിഷന്‍), എച്ച്‌.ഡി., പ്രീമിയം ചാനലുകള്‍ എത്ര വീതം വേണമെന്ന് ഉപഭോക്താവിന് തീരുമാനിക്കാം. ഒരു എച്ച്‌.ഡി. ചാനല്‍ രണ്ട് എസ്.ഡി. ചാനലിന് സമമായിരിക്കും. 130 രൂപ എന്ന അടിസ്ഥാന വില കൂടാതെ പ്രീമിയം ചാനലുകളുടെ അധിക തുക പ്രത്യേകം നല്‍കേണ്ടി വരും. തുടര്‍ന്നുള്ള ഓരോ 25 സൗജന്യ ചാനലുകളുടെ പാക്കേജിന് 20 രൂപയും നികുതിയും നല്‍കണം. സൗജന്യ ചാനലുകളും പേ ചാനലുകളും ഒരു പാക്കേജില്‍ പാടില്ല. ഒരേ ചാനലിന്റെ എസ്.ഡി., എച്ച്‌.ഡി. പതിപ്പുകളും ഒരു പാക്കേജില്‍ ഉണ്ടാവരുത്.

അടിസ്ഥാന പാക്കേജിന് പുറമെ സൗജന്യ ചാനലുകളുടെ ഒരു പാക്കേജെങ്കിലും നല്‍കിയിരിക്കണം. ഇതില്‍ ഓരോ വിഭാഗത്തിലുമുള്ള അഞ്ച് ചാനലുകളെങ്കിലും വേണം. ഏതെങ്കിലും വിഭാഗത്തില്‍ അഞ്ചു ചാനലുകള്‍ ഇല്ലെങ്കില്‍ മറ്റു ചാനലുകള്‍ ഉള്‍പ്പെടുത്താം. തീരുമാനിക്കുന്ന നിരക്ക് ആറ് മാസത്തേക്ക് മാറ്റാന്‍ കഴിയില്ല.
ചാനലുകള്‍ക്കും നേട്ടം

2016 ഓക്ടോബറില്‍ തന്നെ ട്രായ് പുതിയ നിയന്ത്രണങ്ങളുടെ കരട് പുറത്തിറക്കിയിരുന്നു. ഡി.ടി.എച്ച്‌. കമ്ബനികള്‍ ഇതിനെതിരേ മദ്രാസ് ഹൈക്കോടതിയില്‍ പോയതാണ് ഇത് നടപ്പിലാക്കാന്‍ വൈകിയത്. മദ്രാസ് ഹൈക്കോടതിയുടെ വിധി കഴിഞ്ഞ മാസം പുറത്തുവന്ന ശേഷമാണ് ട്രായ് ജൂലായ് മൂന്നിന് ഇത് നടപ്പിലാക്കിയത്. എന്നാല്‍ ഇതിനെതിരേ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാന്‍ ടാറ്റാ സ്കൈ തീരുമാനിച്ചിരിക്കയാണ്. നിയമ നടപടികള്‍ നീണ്ടുപോയില്ലെങ്കില്‍ ഇനി ടെലിവിഷന്‍ കാണുന്നതിന്റെ പൂര്‍ണ നിയന്ത്രണം ഉപഭോക്താവിന്റെ കൈയിലായിരിക്കും.

നിലവില്‍ ചാനലുകള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ വിതരണ കമ്ബനികള്‍ ചാനലുടമകളില്‍ നിന്നും കോടികളാണ് വാങ്ങുന്നത്. ഉപഭോക്താക്കളില്‍ നിന്നും വാടക വാങ്ങുന്നതിനും പ്രത്യേകിച്ച്‌ നിയന്ത്രണമൊന്നുമില്ല. അടുത്തിടെ ഡി.ടി.എച്ച്‌. കമ്ബനിയായ എയര്‍ടെല്‍ ഡിജിറ്റലിന്റെ പ്ലാറ്റ്‌ഫോമില്‍ നിന്നും സ്റ്റാര്‍ ഇന്ത്യയുടെ സ്പോര്‍ട്‌സ് ചാനലുകള്‍ മാറ്റിയത് വലിയ ചര്‍ച്ചയായിരുന്നു. സ്റ്റാര്‍ ചാനല്‍ നിരക്ക് കുത്തനെ കൂട്ടിയെന്ന് എയര്‍ടെല്‍ പരാതിപ്പെട്ടപ്പോള്‍ ഉപഭോക്താക്കളില്‍ നിന്നും കൂടുതല്‍ പണം വാങ്ങാനാണ് ഈ ‘നാടകം’ എന്നായിരുന്നു സ്റ്റാറിന്റെ പരാതി. പിന്നീട് പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിച്ചു. ഓരോ വലിയ കായിക മേളകള്‍ വരുമ്ബോഴും ഈ നാടകം തുടരുന്ന പതിവുണ്ടായിരുന്നു.

ഉപഭോക്താക്കളുടെ എണ്ണം കുറച്ചുകാണിച്ച്‌ തങ്ങള്‍ക്ക് പണം നല്‍കുന്നത് കുറയ്ക്കുന്നു എന്ന പരാതിയും ചാനല്‍ കമ്ബനികള്‍ കറേക്കാലമായി ഉയര്‍ത്തുന്നു. പുതിയ സംവിധാനം വരുന്നതോടെ ഇതിനൊക്കെ പരിഹാരമാകുമെന്നാണ് ട്രായ് പറയുന്നത്.