Capturing Business 360°

ഇന്ത്യ നേരിടാൻ പോകുന്ന കടുത്ത ഭീഷണി സൈബര്‍ ആക്രമണമായിരിക്കുമെന്ന് മുന്‍ സൈനിക മേധാവി; സൈബര്‍ ആക്രമണങ്ങളെ അതിജീവിക്കാൻ നിലവിൽ ഇന്ത്യ ശക്തമല്ല

ന്യൂഏജ് ന്യൂസ്

ന്യൂഡല്‍ഹി:സൈ ബര്‍ യുദ്ധരംഗം ഭാവിയില്‍ കടുത്ത ഭീഷണിയാകുമെന്നും എന്നാല്‍ ഇന്ത്യ ഇനിയും അത് നേരിടാന്‍ പ്രാപ്തമായിട്ടില്ലെന്നും മുന്‍ ഇന്ത്യന്‍ ആര്‍മി ജനറല്‍. സൈബര്‍ ഭീഷണി അതിവേഗം വര്‍ധിച്ചുവരികയാണ്. ഇന്റര്‍നെറ്റ് ഓഫ് തിങ്‌സിന്റെ കാലത്ത് എല്ലാം പരസ്പര ബന്ധിതമാണ്. ഭീഷണിയുടെ സാധ്യത പെട്ടെന്നാണ് നമ്മള്‍ മനസിലാക്കുകയെന്നും അതിനെ പ്രതിരോധിക്കാനാവശ്യമായ സംഘടനാപരമായ മതിയായ തയ്യാറെടുപ്പുകളുടെ കുറവ് നമുക്കുണ്ടെന്നും വിരമിച്ച ലഫ്. ജനറല്‍ ഡിഎസ് ഹൂഡ ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സേനയുടെ സുപ്രധാന സ്ഥാപനങ്ങളും സംവിധാനങ്ങളുമെല്ലാം ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെടുന്ന സാഹചര്യത്തില്‍ സൈബര്‍ ആക്രമണങ്ങളുടെ ഭീഷണി വര്‍ധിക്കുകയാണ്. വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യ പ്രത്യേകിച്ചും അത്തരം ആക്രമണങ്ങളുടെ ഭീഷണിയിലാണ്.

ഭൂമി, വെള്ളം, വായു, ബഹിരാകാശം എന്നിവ കഴിഞ്ഞാല്‍ യുദ്ധത്തിന്റെ അഞ്ചാം രൂപമായാണ് ഹൂഡ സൈബര്‍ യുദ്ധത്തെ വിശേഷിപ്പിച്ചത്. സൈബര്‍ യുദ്ധത്തില്‍ ഭീഷണി നേരിടുന്ന രാജ്യങ്ങളില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. എന്നാല്‍ അത് നേരിടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുള്ള രാജ്യങ്ങളുടെ പട്ടികയില്‍ 23ാം സ്ഥാനത്താണെന്നും ഹൂഡ പറഞ്ഞു.

സാമ്ബത്തികമായും നയതന്ത്രതലത്തിലും രാഷ്ട്രീയമായും ഇന്ത്യ വളരുന്നതിനാല്‍ ആളുകള്‍ ഇന്ത്യയെ ലക്ഷ്യമിടും. രാജ്യങ്ങളെ ദുര്‍ബലരാക്കാന്‍ സൈബര്‍ ആക്രമണം ഒരു ആയുധമാണ്. പാകിസ്താന്‍ നമുക്കെതിരെ അത് ഇനിയും ഉപയോഗിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ഇതുവരെ തനിക്കറിയില്ലെന്നും ഹൂഡ പറഞ്ഞു.

2016 ല്‍ പാകിസ്താനെതിരെ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ സൂത്രധാരനായിരുന്നു അന്ന് നോര്‍ത്തേണ്‍ ആര്‍മി കമാന്റ് ചീഫായിരുന്ന ഹൂഡ. ഈ സൈബര്‍ യുദ്ധ രംഗത്തെ കുറിച്ച്‌ കാര്യമായ ചര്‍ച്ചകളും സംവാദങ്ങളും ഇതുവരെ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.