Capturing Business 360°

70 ലക്ഷം തൊഴില്‍ സൃഷ്‌ടിച്ചെന്ന കേന്ദ്ര വാദം യാഥാർഥ്യങ്ങൾക്ക് നിരക്കാത്തതോ? കഴിഞ്ഞവർഷം ഇപിഎഫില്‍ ചേര്‍ന്നവരുടെ എണ്ണത്തില്‍ പ്രതീക്ഷിച്ചതിലും 12.58 ശതമാനത്തിന്റെ ഇടുവുണ്ടായതായി റിപ്പോർട്ട്

ന്യൂഏജ് ന്യൂസ്

ന്യൂഡല്‍ഹി : ഇപിഎഫില്‍ പുതുതായി പേരുചേര്‍ക്കപ്പെട്ടവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ 2017-18 കാലയളവില്‍ രാജ്യത്ത് 70 ലക്ഷം തൊഴിലുകള്‍ സൃഷ്‌ടിക്കപ്പെട്ടെന്ന കേന്ദ്ര സര്‍ക്കാര്‍ അവകാശവാദത്തിൽ പൊരുത്തക്കേടെന്ന് റിപ്പോർട്ടുകൾ. ഇക്കാലയളവില്‍ പ്രതീക്ഷിച്ചതിലും 4.95 ലക്ഷത്തിന്റെ (12.58 ശതമാനം) ഇടിവാണ് ഇപിഎഫില്‍ ചേര്‍ന്നവരുടെ എണ്ണത്തില്‍ സംഭവിച്ചത്. കേന്ദ്ര സ്ഥിതിവിവര മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 2017 സെപ്തംബര്‍മുതല്‍ 2018 മാര്‍ച്ചുവരെ ഇപിഎഫില്‍ പുതുതായി ചേര്‍ന്നത‌് 34.40 ലക്ഷം പേര്‍മാത്രം. ഇക്കാലയളവില്‍ 39.35 ലക്ഷം പേര്‍ പുതുതായി ഇപിഎഫില്‍ ഉള്‍പ്പെട്ടതായി ആദ്യം കണക്കാക്കിയിരുന്നെങ്കിലും പിന്നീട് എണ്ണത്തില്‍ മാറ്റംവരുത്തി. ഇപിഎഫ്, ഇഎസ്‌ഐ തുടങ്ങിയ തൊഴിലാളിക്ഷേമ പദ്ധതികളിലെ പുതിയ വരിക്കാരുടെ എണ്ണം കണക്കാക്കിയാല്‍ 70 ലക്ഷം പുതിയ തൊഴിലുകള്‍ 2017-18 കാലയളവില്‍ സൃഷ്ടിക്കപ്പെടുമെന്ന് സൗമ്യകാന്തി ഘോഷ്, പുലോക് ഘോഷ് എന്നിവര്‍ ചേര്‍ന്നു നടത്തിയ പഠനത്തിലാണ് നേരത്തെ അവകാശപ്പെട്ടിരുന്നത്.

ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ വലിയ തൊഴില്‍ വളര്‍ച്ചയാണ് രാജ്യത്ത് സംഭവിക്കുന്നതെന്ന് കഴിഞ്ഞ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവകാശപ്പെട്ടു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവാണ് സൗമ്യകാന്തി ഘോഷ്. 2017 ഏപ്രില്‍- നവംബര്‍ കാലയളവില്‍മാത്രമായി 36.8 ലക്ഷം പേര്‍ പുതുതായി ഇപിഎഫില്‍ ഉള്‍പ്പെട്ടുവെന്നും ഈ തോത് തുടര്‍ന്നാല്‍ 70 ലക്ഷം പുതിയ തൊഴിലുകള്‍ രാജ്യത്ത് സൃഷ്ടിക്കപ്പെട്ടതായി കണക്കാക്കാമെന്നുമായിരുന്നു പഠനറിപ്പോര്‍ട്ട്.

2017 സെപ്തംബര്‍ മുതല്‍ ഓരോ മാസത്തെയും പുതിയ ഇപിഎഫ് വരിക്കാരുടെ കണക്ക് സ്ഥിതിവിവര മന്ത്രാലയം പുറത്തുവിട്ടുതുടങ്ങി. എന്നാല്‍, ഓരോ മാസവും ആദ്യം കണക്കാക്കുന്ന എണ്ണത്തില്‍ പിന്നീട് വലിയ ഇടിവ് സംഭവിച്ചതായി മന്ത്രാലയരേഖകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ 6.13 ലക്ഷം പേര്‍ പുതുതായി ഇപിഎഫില്‍ ഉള്‍പ്പെട്ടുവെന്നായിരുന്നു മന്ത്രാലയം ആദ്യം പുറത്തുവിട്ട കണക്ക്. എന്നാല്‍, പിന്നീട് 4.8 ലക്ഷമാക്കി എണ്ണം വെട്ടിച്ചുരുക്കി. 2017 സെപ്തംബര്‍മുതലുള്ള മറ്റ് മാസങ്ങളിലും സമാനമാണ് കാര്യങ്ങള്‍. ഇരട്ടിപ്പും മറ്റും തിരുത്തുന്നതിന്റെ ഭാഗമായി ചില കുറവുകള്‍ സംഭവിക്കാമെന്ന് മന്ത്രാലയവൃത്തങ്ങള്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍, എണ്ണത്തില്‍ വലിയ ഇടിവ് സംഭവിക്കുന്നതിന്റെ യുക്തി മന്ത്രാലയത്തിനും ബോധ്യപ്പെട്ടിട്ടില്ലന്നാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.