Capturing Business 360°

പോളി കെ. അയ്യമ്പിള്ളി: മുന്നേ ഗമിച്ച സംരംഭക പ്രതിഭ, വലിയ പാഠങ്ങളുടെ നിത്യ പുസ്തകം

ഹരിദാസ് നരീക്കൽ

തൊഴിലുടമ എന്ന നിലയിലും നല്ല സുഹൃത്തെന്ന നിലയിലും ജീവിതത്തിലെ തന്നെ വിലപ്പെട്ട കാര്യങ്ങള്‍ മനസ്സിലാക്കിത്തന്ന പെന്‍ബുക്‌സ് എന്ന അദ്ധ്യയനശാലയുടെ തലവനെന്ന നിലയിലും പോളി കെ. അയ്യമ്പിള്ളി എനിക്കു പ്രിയങ്കരനാണ്. പെന്‍ബുക്‌സിനു ശേഷം നൂറ്റിയിരുപതിലേറെ സ്ഥാപനങ്ങളുടെ ഉടമകളുമായി അടുത്തിടപഴകുവാന്‍ എനിക്കവസരം ലഭിച്ചിട്ടുണ്ട്. ഇതില്‍ വിദേശികളും പെടും. വൈവിധ്യമാര്‍ന്ന നിരവധി ബിസിനസ്സുകളുടെയും ഇതര പ്രവര്‍ത്തനങ്ങളുടെയും മര്‍മ്മപ്രധാന കാര്യങ്ങളില്‍ അവര്‍ക്കെല്ലാമൊപ്പം സമയം ചെലവിടാനും അവസരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ നിരന്തരമായി ഞാന്‍ തിരിച്ചറിയുന്ന ഒരു യാഥാര്‍ത്ഥ്യമാണ് പോളി കെ. അയ്യമ്പിള്ളി എന്ന സംരംഭകന്റെ തികച്ചും മൗലികമായ സവിശേഷതകള്‍. മറ്റാരിലും കാണാത്ത നന്മയും മനുഷ്യപ്പറ്റുമാണ് ഇതില്‍ ഏറ്റവും പ്രധാനം. ഒരു മൂരാച്ചി വ്യവസായിയായിരുന്നില്ല അദ്ദേഹം. പ്രഭാവത്തിന്റെ കാര്യത്തിലും മറ്റൊരു ഉടമയും എന്നെ ഇത്രയധികം ആകര്‍ഷിച്ചിട്ടില്ല.

ഒരി്ക്കല്‍ കവി എ. അയ്യപ്പന്‍ പെന്‍ബുക്‌സിന്റെ ഓഫീസിലെത്തിയപ്പോള്‍ റിസപ്ഷന്‍ സ്റ്റാഫിന് അദ്ദേഹത്തിന്റെ വേഷത്തിലും പെരുമാറ്റത്തിലും അത്ര കുലീനത്തം തോന്നാഞ്ഞിട്ട് അല്പം മോശമായി പെരുമാറി. അയ്യപ്പന്‍ചേട്ടന്‍ തന്റെ സ്വതസിദ്ധ രീതിയില്‍ ‘പോളി എവിടെയാ എനിക്ക് അവനെ കാണണം, കുറച്ച് പൈസ വേണം’ എന്നാണ് അവരോട് ആവശ്യപ്പെട്ടത്. പെന്‍ബുക്‌സിന്റെ പ്രതാപ കാലത്താണിത് നടക്കുന്നത്. ഇങ്ങനെ അയ്യപ്പനോടു പെരുമാറിയ വിവരമറിഞ്ഞ ‘പോളിസാര്‍’ ആ ലേഡി സ്റ്റാഫിനെ വിളിച്ച് സംസാരിച്ചത് ഇതാണ്: ‘മോളെ, നമ്മുടെ സ്ഥാപനത്തില്‍ ആരു വന്നാലും ഒരേപോലെ പെരുമാറിയാല്‍ മതി. ദരിദ്രരോടും പണക്കാരോടും പ്രത്യേകം പ്രത്യേകം രീതി വേണ്ട. അയ്യപ്പന്‍ മഹാനായതുകൊണ്ട് അയ്യപ്പനോട് നല്ല രീതിയില്‍ പെരുമാറണം എന്നല്ല. മഹാനല്ലെങ്കിലും നമ്മുടെ സ്ഥാപനത്തിന്റെ സംസ്‌കാരത്തെ മാനിക്കണം, ആരു വന്നാലും നല്ല സ്വീകരണം ആകണം. കെട്ടും മട്ടും കണ്ട് ആരെയും വിലയിരുത്തരുത് ‘ എന്നാണ്. എനിക്ക് വലിയൊരു പാഠമാണ് ഈ ഉപദേശം പകര്‍ന്നു തന്നത്.

കുറച്ചു വര്‍ഷം മുമ്പ് ആലുവയില്‍ ദയാബായി എന്ന സാമൂഹ്യ പ്രവര്‍ത്തക കെഎസ്ആര്‍ടിസി ജീവനക്കാരനില്‍നിന്നും അപമാനം നേരിട്ടപ്പോള്‍ ഇവിടുത്തെ പ്രമുഖ പത്രങ്ങളും റേഡിയോ നിലയങ്ങളും വളരെ മോശമായിട്ടായിരുന്നു ആ പ്രശ്‌നത്തെ സമീപിച്ചത്. അവരെല്ലാം പറഞ്ഞത് ആരുടേയും വേഷം കണ്ട് മഹത്വം നിശ്ചയിക്കരുതെന്നും മോശമായി പെരുമാറരുതെന്നുമായിരുന്നു. ഇനി വിലകുറഞ്ഞ വസ്ത്രം ധരിച്ച വ്യക്തി യഥാര്‍ത്ഥത്തില്‍ അത്ര മഹത്വമുള്ള ആളായിരുന്നില്ല എങ്കില്‍ എന്തുമാകാം എന്നാണോ?-‘ ഒരു സാധാരണ സ്ത്രീ ആയാല്‍ മോശമായി പെരുമാറാമായിരുന്നു, പക്ഷേ ദയാബായി ഒരു ശ്രദ്ധേയ വ്യക്തിത്വമായതാണ് അവരോട് നല്ല രീതിയില്‍ പെരുമാറാതെ പോയതിലെ കുറ്റം എന്ന മട്ടിലാണ് പല അവതാരകരും സമീപിച്ചത്. അവിടെയാണ് പോളി കെ. അയ്യമ്പിള്ളി പറഞ്ഞതിലെ മഹത്വം. ആരായാലും ഒരുപോലെ എന്നതാണ് അദ്ദേഹത്തിന്റെ പോളിസി.

ആര്‍ദ്രതയുള്ള വലിയ മനസ്സിനുടമ
സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന തൊഴിലാളികള്‍ക്ക്, പ്രത്യേകിച്ചും സ്ത്രീ ജീവനക്കാര്‍ക്ക് ആദ്യം ശന്ബളം നല്‍കിയിട്ടേ മറ്റുള്ളവര്‍ക്ക് ശമ്പളം നല്‍കുമായിരുന്നുള്ളൂ. ഏറ്റവും വലിയ ശമ്പളക്കാരന് അവസാനം. അതാണ് നയം. ഓരോ ജീനക്കാരനോടും ഉടമ-തൊഴിലാളി ബന്ധമായിരുന്നില്ല അദ്ദേഹത്തിന്. എന്നും പറയും നമ്മള്‍ ഒരുമിച്ച് കാര്യങ്ങള്‍ ചെയ്യുന്നു, പങ്കു വയ്ക്കുന്നു എന്ന്. അവശ്യഘട്ടങ്ങളില്‍ ഒരു സ്റ്റാഫിനും സഹായം ചോദിച്ചു വാങ്ങേണ്ടി വന്നിട്ടില്ല. എനിക്കു വീടു പണിയുടെയും വിവാഹത്തിന്റെയും സമയത്ത് ഒന്നേകാല്‍ ലക്ഷം രൂപ ഒരു കവറിലിട്ട് അദ്ദേഹം ഭാര്യ ഷിബി പോളിയുടെ കൈവശം കൊടുത്തുവിട്ടു. മറ്റാരും കാണണ്ട, വീട്ടില്‍ പോയി തുറന്നു നോക്കിയാല്‍ മതി എന്നു പറഞ്ഞു കൊണ്ട് മേശയ്ക്കടിയിലൂടെ അവര്‍ ആ പണം എനിക്കു തന്നത് എനിക്കു മറക്കാനാകില്ല. വീടുവരെ പോകാന്‍ ക്ഷമയില്ലാത്ത ഞാന്‍ ടോയ്‌ലറ്റില്‍ കയറി അത് തുറന്നു നോക്കി. ഞാന്‍ ഉടനെ ഫോണില്‍ പോളിസാറിനെ വിളിച്ച് കരഞ്ഞതും ഓര്‍ക്കുന്നു. കാരണം താലിമാല വാങ്ങാന്‍ പോലും പൈസ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന സമയമായിരുന്നു അത്.

പെന്‍ബുക്‌സിന്റെ പ്രതിസന്ധിയുടെ ആരംഭ ഘട്ടങ്ങളില്‍ (ഞാന്‍ പെന്‍ബുക്‌സ് വിട്ട് മൂന്നു വര്‍ഷമാകുന്ന വേള) രാത്രികളില്‍ പലപ്പോഴും സ്വകാര്യമായി വിളിച്ചു കാണുകയും അദ്ദേഹം കുറെയേറെ വൈകാരികമായി കരഞ്ഞും മറ്റും സംസാരിക്കുമായിരുന്നു. തിരികെ വീടുവരെ വാഹനത്തിലെത്തിക്കാന്‍ ഡ്രൈവറോടു പറഞ്ഞ് എത്തിയോ എന്ന് വിളിച്ചുറപ്പു വരുത്തുന്ന സ്‌നേഹവും വാല്‌സല്യവും ലോകത്ത് ഒരു തൊഴിലുടമയിലും വേറെ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ ഭാതിക ശരീരത്തിന് നമ്മെ വിട്ടു പോകാനായേക്കും. പക്ഷേ നല്ല ഓര്‍മ്മകളിലൂടെ എന്നും പോളി കെ. അയ്യമ്പിള്ളി നമ്മില്‍ ജീവിക്കും. പുസ്തക പ്രസാധകനായല്ല, വലിയ പാഠങ്ങളുടെ നിത്യ പുസ്തകമായി.

(നിരവധി പത്രങ്ങളുടെ രൂപകല്പന ചെയ്തിട്ടുള്ള ഹരിദാസ് നറീക്കൽ പെൻ ബുക്സിൽ പ്രവർത്തിച്ചിട്ടുണ്ട്. ചിത്രകാരനും എഴുത്തുകാരനും, അധ്യാപകനുമാണ്.)