Capturing Business 360°

‘ക്യാച്ച് മി ഈഫ് യു ക്യാൻ…’, ഇന്ത്യയിൽ നിന്ന് മുങ്ങിയ നീരവ് മോഡി സിംഗപ്പൂർ, ലണ്ടൻ വഴി ബെൽജിയത്തിലേക്ക് കടന്നതായി സൂചന

ബ്രസ്സൽസ്: പിഎന്‍ബി തട്ടിപ്പു കേസില്‍ ഒളിവില്‍ പോയ വജ്രവ്യാപാരി നീരവ് മോദി ബല്‍ജിയൻ തലസ്ഥാനമായ ബ്രസല്‍സിലേക്കു കടന്നതായി സൂചന. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കു തട്ടിപ്പു കേസില്‍ കുറ്റാരോപിതനായ നീരവ് മോദി സിംഗപ്പൂര്‍ പാസ്പോര്‍ട്ടിലാകാം സഞ്ചരിക്കുന്നത് എന്നാണ് ഇന്റര്‍പോളിന്റെ അനുമാനം.

നീരവ് ലണ്ടനിലുണ്ടന്ന് കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇതിനെ തുടര്‍ന്നാകാം ബ്രസല്‍സിലേക്കു കടന്നത്. കഴിഞ്ഞ ദിവസം സിബിഐയുടെ ആവശ്യപ്രകാരം ഇന്റര്‍പോള്‍ നീരവിനും സഹോദരനും ബല്‍ജിയം പൗരനുമായ നിഷാലിനുമെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം മാര്‍ച്ച്‌ 31നു ശേഷം നീരവിന്റെ ഇന്ത്യന്‍ പാസ്പോര്‍ട്ടില്‍ ഒരു യാത്രയും രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ഇന്റര്‍പോള്‍ ഇന്ത്യന്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. സിംഗപ്പൂര്‍ പാസ്പോര്‍ട്ടാണ് അദ്ദേഹം ഉപയോഗിക്കുന്നതെങ്കില്‍ വിഷയത്തിൽ സിംഗപ്പൂരിന്റെ ഇടപെടൽ അനിവാര്യമാണെന്നും ഇന്റര്‍പോള്‍ വ്യക്തമാക്കി.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,578 കോടിയുടെ തട്ടിപ്പ് നടത്തിയതാണ് നീരവ് മോദിക്കെതിരെയുള്ള കേസ്. ബാങ്കിന്റെ വാർഷിക വരുമാനത്തിന്റെ മൂന്നിലൊന്നാണ് നീരവ് മോദി തട്ടിച്ചിരിക്കുന്നത്. രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കാണ് പഞ്ചാബ് നാഷണല്‍ ബാങ്ക്.