Capturing Business 360°

ഇന്ത്യയുടെ സ്വന്തം ദിവ്യ സൂര്യദേവ്‌റ ഇനി ജനറല്‍ മോട്ടോഴ്സിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസർ

ഡെട്രോയിറ്റ്, മിഷിഗൺ: ഇന്ദ്രൻ നൂയിക്കും സുന്ദർ പിച്ചൈക്കും സത്യ നാദെല്ലയ്ക്കും പിന്നാലെ അമേരിക്കൻ കോർപ്പറേറ്റ് ലോകത്ത് മറ്റൊരു ഇന്ത്യൻ വിജയഗാഥ. ലോകത്തെ മുന്‍നിര വാഹന നിര്‍മാണ കമ്പനിയായ ജനറല്‍ മോട്ടോഴ്സിന്റെ ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫിസറായി ഇന്ത്യൻ വംശജ ദിവ്യ സൂര്യ ദേവ്‌റയെ നിയമിച്ചു.

കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ തസ്തികയിലും ഇതാദ്യമായി ഒരു വനിതയാണ്. അമേരിക്കക്കാരിയായ മേരി ബാര. ഏറ്റവും പ്രധാനപ്പെട്ട രണ്ടു പോസ്റ്റുകളിലേക്ക് സ്ത്രീകള്‍ എത്തുന്നത് അമേരിക്കൻ കോർപ്പറേറ്റ് ലോകത്ത് പോലും പുതുമയുള്ള കാഴ്ചയാണ്.

കഴിഞ്ഞ പതിനാല് വർഷമായി ജനറല്‍ മോട്ടോഴ്സിന്റെ ഭാഗമായ ദിവ്യ കോര്‍പറേറ്റ് ഫിനാന്‍സ് വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ചെന്നൈയില്‍ ജനിച്ച ദിവ്യ മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് കോമേഴ്സില്‍ ബിരുദം നേടിയ ശേഷം ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് മാസ്റ്റേഴ്സ് ബിരുദം നേടി. തുടര്‍ന്ന് യു ബി എസ്, പ്രൈസ് വാട്ടര്‍ഹൌസ് കൂപ്പേഴ്‌സ് എന്നീ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത ശേഷം ഇരുപത്തിയഞ്ചാം വയസില്‍ ജനറല്‍ മോട്ടോഴ്സില്‍ ജോലിയില്‍ പ്രവേശിച്ചു.