Capturing Business 360°

ഇതാ ‘ഹലാൽ റിച്ചാർഡ് ബ്രാൻസൺ’; ബ്രിട്ടനിലെ ആദ്യ ശരിയാ എയർലൈൻ കമ്പനി ഫിർനസ് എയർവേയ്‌സിന്റെ ഉടമ കാസി ഷഫീഖുർ റഹ്മാൻ

ലണ്ടൻ: ബ്രിട്ടനിലെ ആദ്യ ഹലാൽ എയർലൈൻ സർവീസുമായി ബംഗ്ലാദേശ് വംശജനായ ബ്രിട്ടീഷ് പൗരൻ കാസി ഷഫീഖുർ റഹ്മാൻ. ഫിർനാസ് എയർവേസ് എന്നാണ് അദ്ദേഹത്തിൻറെ വിമാനക്കമ്പനിയുടെ പേര്. ബംഗ്ലാദേശിൽ നിന്നും 1997ൽ സ്റ്റുഡന്റ് വിസയിൽ യുകെയിലെത്തി കഠിന പ്രയത്നത്താൽ ബിസിനസ് രംഗത്ത് ഉയർന്ന് വന്നയാളാണ് ഷഫീഖുർ റഹ്മാൻ.

മിഡിൽ ഈസ്റ്റിലേക്കാണ് ഫിർനാസ് എയർവേസ് ആദ്യമായി സർവീസ് നടത്താനൊരുങ്ങുന്നത്. മദ്യം വിളമ്പാത്ത വിമാന സർവീസിലെ എയർ ഹോസ്റ്റസുമാർ പർദയായിരിക്കും ധരിക്കുന്നത്. ഇതിൽ വിളമ്പുന്ന ഭക്ഷണങ്ങൾ തീർത്തും ഹലാലായിരിക്കും.

ബംഗ്ലാദേശിൽ നിന്നും എത്തിയ കാലത്ത് എയർപോർട്ട് ക്ലീനർ ജോലി ചെയ്ത് ജീവിതം കരുപ്പിടിപ്പിച്ച കാസി ഷഫീഖുർ റഹ്മാൻ സ്ഥിരപ്രയത്നത്താലാണ് ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തത്. വെറും സ്‌കൂൾ വിദ്യാഭ്യാസം മാത്രമുള്ള റഹ്മാൻ പെർഫ്യൂമുകൾ ഇറക്കുമതി ചെയ്യുന്ന ബിസിനസിലായിരുന്നു തുടക്കം. പിന്നീട് 19 സീറ്റുകളുള്ള ജെറ്റ് സ്ട്രീം 32 പ്ലെയിൻ ലീസിനെടുത്ത് വിമാനക്കമ്പനി ആരംഭിക്കുകയും ചെയ്തു. വിമാനസർവീസിനെ മതപരമായ വിശ്വാസവുമായി കൂട്ടിയിണക്കിയാൽ അതൊരു വിപ്ലവമായിത്തീരുമെന്നാണ് ഷഫീഖുർ റഹ്മാന്റെ പക്ഷം.

ബിസിനസ് സ്പിരിയറ്റിന്റെ കാര്യത്തിൽ ഷഫീഖുർ റഹ്മാന്റെ ആവേശം വിർജിൻ ഗ്രൂപ്പ് ഉടമയും ബ്രിട്ടഷുകാരനുമായ സെലിബ്രിറ്റി സംരംഭകൻ റിച്ചർഡ് ബ്രാൻസണാണ്. ‘ഹലാൽ റിച്ചർഡ് ബ്രാൻസൺ’ എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത് തന്നെ.

ശരിയാ വ്യവസ്ഥകൾ പാലിച്ചുകൊണ്ടുള്ള ലോകത്തെ പ്രധാന എയർലൈനുകൾ റോയൽ ബ്രൂണെയ് എയർലൈൻസ്, സൗദി അറേബ്യൻ എയർലൈൻസ്, ഇറാൻ എയർ, 2016ൽ പ്രവർത്തനം നിറുത്തിയ മലേഷ്യയിലെ റിയാനി എയർലൈൻസ് എന്നിവയാണ്. ഇത്തരം സർവീസുകളിൽ വിമാനങ്ങൾ പുറപ്പെടുന്നതിന് മുമ്പ് പ്രാർത്ഥന നിർബന്ധമായിരിക്കും; മദ്യപാനം കർശനമായി നിരോധിച്ചിട്ടുമുണ്ടാകും. അതെ സമയം യുഎഇ കേന്ദ്രമായ ലോകത്തെ ഏറ്റവും ജനപ്രിയ വിമാനസർവീസുകളായ എമിറേറ്റ്സും എത്തിഹാദ് എയർലൈൻസും മദ്യം അനുവദിക്കുന്നുണ്ട്.