Capturing Business 360°

പ്രൊഫൗണ്ടിസിന് ശേഷം വാർത്തകളിൽ നിറഞ്ഞ് മറ്റൊരു മലയാളി സ്റ്റാര്‍ട്ടപ്പ് ഏറ്റെടുക്കൽ; കൊച്ചി ആസ്ഥാനമായ ചില്ലറിനെ ട്രൂകോളര്‍ ഏറ്റെടുത്തു

കൊച്ചി: ആഗോളതലത്തിൽ പ്രശസ്തമായ ട്രൂകോളര്‍ ഐഡന്റിഫികേഷൻ ആപ്ലിക്കേഷന്റെ ഉടമകളായ സ്വീഡിഷ് കമ്പനി, ട്രൂ സോഫ്ട്‍വെയർ സ്കാൻഡിനേവിയ മലയാളികളുടെ സ്റ്റാര്‍ട്ട്‌അപ്പ് സ്ഥാപനമായ ചില്ലറിനെ ഏറ്റെടുത്തു. തങ്ങളുടെ പെയ്‌മെന്റ്‌സ് ബിസിനസ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സ്വീഡിഷ് കമ്പനി ഇന്ത്യയിലെ തങ്ങളുടെ ആദ്യ ഏറ്റെടുക്കലിനായി ചില്ലറിനെ തെരഞ്ഞെടുത്തത്. മൊബൈല്‍ വഴി പണം കൈമാറ്റത്തിനായി ട്രൂകോളര്‍ പെ എന്ന പേരിലുള്ള പദ്ധതിക്കായാണ് ഏറ്റെടുക്കല്‍. വരും മാസങ്ങളില്‍ ഇന്ത്യയില്‍ ക്രെഡിറ്റ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആരംഭിക്കുമെന്ന് സ്വീഡിഷ് കമ്പനി അറിയിച്ചു.

ചില്ലർ സഹസ്ഥാപകനായ സോണി ജോയ്, ട്രൂകോളർ സഹസ്ഥാപകൻ നാമി സാറിങ്‌ലാം

ചില്ലർ കമ്പനിയുടെ മുഴുവന്‍ ജീവനക്കാരെയും ട്രൂകോളര്‍ ഏറ്റെടുത്തിട്ടുണ്ട്. ചില്ലറിന്റെ സഹസ്ഥാപകനായ സോണി ജോയ് ട്രൂകോളര്‍ പേയുടെ ആഗോള വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കും.

ഇന്ത്യയില്‍ 15 കോടി (150 മില്യണ്‍) ഉപയോക്താക്കളാണ് ട്രൂകോളറിനുള്ളത്. 300 പാര്‍ട്ണർമാരുമായാണ് പെയ്‌മെന്റ്‌സ് ഫീച്ചര്‍ ട്രൂകോളര്‍ അവതരിപ്പിക്കുന്നത്. യുപിഐ ഉപയോഗിച്ചുള്ള പെയ്‌മെന്റ് പ്ലാറ്റ്‌ഫോമുമായി ട്രൂകോളര്‍ ഇന്ത്യന്‍ വിപണിയിലേക്ക് എത്തിയത് കഴിഞ്ഞ വര്‍ഷമാണ്.

എത്ര കോടി രൂപയ്ക്കാണ് ചില്ലറിനെ ട്രൂകോളര്‍ ഏറ്റെടുത്തത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. കേരളത്തിലെ ആദ്യ സ്റ്റാര്‍ട്ട്‌അപ്പായ മോബ്മീയുടെ സഹ സ്ഥാപകരില്‍ ഒരാളാണ് സോണി ജോയ്.