Capturing Business 360°

ഇന്ധനവില പണി തുടങ്ങി; രാജ്യത്തെ വിലക്കയറ്റം അഞ്ച് ശതമാനത്തിലേക്ക്

ന്യൂ‍‍ഡൽഹി: ഇന്ധനവില വർധനയുടെ രൂക്ഷഫലങ്ങൾ നിത്യജീവിത ചെലവുകളെ കാര്യമായി ബാധിച്ചു തുടങ്ങുന്നു. രാജ്യത്തെ ഉൽപന്നങ്ങളുടെ ചില്ലറ വിൽപനവിലകളിൽ ശരാശരി 4.87% വർധന.മുഖ്യമായും ഭക്ഷ്യോൽപന്നങ്ങളുടെ വില ഉയർന്നതാണു 2018 മെയ് മാസത്തിലെ ഉപഭോക്തൃ വില സൂചിക മുൻ കൊല്ലം മേയിലേക്കാൾ ഇത്രയും ഉയരാൻ കാരണം. ഏപ്രിലിൽ 4.58% വിലക്കയറ്റമാണു രേഖപ്പെടുത്തിയിരുന്നത്.

ഭക്ഷ്യോൽപന്ന വിലയിൽ 3.10% വാർഷിക വർധനയുണ്ടെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് അറിയിച്ചു. ഇന്ധന വിലക്കയറ്റവും രൂപയുടെ വിലയിടിവുമാണ് ഉൽപന്ന വില ഉയരാൻ പ്രധാന കാരണങ്ങൾ. പച്ചക്കറിവില 8%, പഴവർഗ വില 12.3% എന്നിങ്ങനെ ഉയർന്നിട്ടുണ്ട്.

വിലക്കയറ്റം ഈ നിലയിൽ വർധിക്കുകയാണെങ്കിൽ റിസർവ് ബാങ്ക് വായ്പാ പലിശ നിരക്കുകൾ ഇനിയും കൂട്ടുമെന്നു സാമ്പത്തിക നിരീക്ഷകർ വിലയിരുത്തുന്നു. സെപ്റ്റംബർ വരെ വിലക്കയറ്റത്തോത് 4.9% കവിഞ്ഞുപോകില്ലെന്നായിരുന്നു റിസർവ് ബാങ്കിന്റെ പ്രതീക്ഷ.