Capturing Business 360°

‘IMPOSSIBLE IS NOTHING’: ലോകം കാത്തിരുന്ന കൂടിക്കാഴ്ച വിജയമാക്കി ഡോണൾഡ്‌ ട്രംപും കിം ജോംഗ് ഉന്നും

സിംഗപ്പൂർ: ഔദ്യോഗികമായല്ലെങ്കിലും ആഗോള സ്പോർട്സ് കമ്പനിയായ അഡിഡാസിന് ഇന്നുമുതൽ രണ്ട് ലോകനേതാക്കളെയാണ് ബ്രാൻഡ് അംബാസഡർമാരായി ലഭിച്ചിരിക്കുന്നത്. അസാധ്യമായി യാതൊന്നുമില്ലെന്ന് ലോകത്തെ ഓർമിപ്പിച്ച് കൊണ്ടേയിരിക്കുന്ന തങ്ങളുടെ വിശ്വവിഖ്യാതമായ ടാഗ്‌ലൈൻ അന്വർത്ഥമാക്കിയിരിക്കുകയാണ് മുൻപ് ബദ്ധവൈരികളായിരുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപും ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നും. ലോകം കാത്തിരുന്ന ചർച്ചയ്ക്ക് ഇരുവരും മുഖാമുഖം വന്നു, പുഞ്ചിരിച്ചു, ഹസ്തദാനം നടത്തി… തുടർ ചർച്ചകളും ആണവ നിരായുധീകരണവും ഉറപ്പുനൽകുന്നതായി ഇരുവരുടെയും ചരിത്രപരമായ ആദ്യ കൂടിക്കാഴ്ച. സമാധാനത്തിന് ഉറപ്പുനൽകുന്ന ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. കൂടിക്കാഴ്ച പുതിയ ചരിത്രമാണെന്നും ഭൂതകാലത്തെ പിന്നിൽ ഉപേക്ഷിക്കുന്നുവെന്നും കിം ജോങ് ഉൻ പറഞ്ഞു.

കൂടിക്കാഴ്ചയോടെ തങ്ങൾ തമ്മിലുള്ള ബന്ധത്തിൽ വളരെയധികം പുരോഗതിയുണ്ടായിട്ടുണ്ടെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഉത്തര കൊറിയയിലെ ആണവനിരായുധീകരണ പ്രവർ‌ത്തനങ്ങൾ എത്രയും പെട്ടെന്ന് ആരംഭിക്കും. കിം ജോങ്ങിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കും.

സമാധാനത്തിലേക്കുള്ള ചുവടുവയ്പായിരിക്കും കൂടിക്കാഴ്ചയെന്ന് കിം ജോങ് ഉൻ പ്രതീക്ഷ പ്രകടിപ്പിച്ചു. ലോകമെമ്പാടുമുള്ളവർ ഈ നിമിഷം കാണുകയാണെന്ന് എനിക്കറിയാം. പലരും ചിന്തിക്കുന്നത് ഇതൊരു ഫാന്റസി, സയൻസ് ഫിക്‌ഷൻ ചലച്ചിത്രത്തിലെ രംഗമാണെന്നായിരിക്കും. ഉച്ചകോടിയെക്കുറിച്ചുള്ള അവിശ്വാസങ്ങളും ഊഹാപോഹങ്ങളും ഞങ്ങൾ മറികടക്കും- കിം പറഞ്ഞു.

സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപെല്ല ഹോട്ടലിലാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. വിദേശകാര്യ മന്ത്രി റി യോങ് ഹോ, വിശ്വസ്തനും യുഎസുമായുള്ള ചർച്ചയുടെ സൂത്രധാരനുമായ കിം യോങ് ചോൽ എന്നിവരാണ് കിമ്മിനൊപ്പം ചർച്ചയ്ക്കെത്തിയത്. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെ, സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ, വൈറ്റ്ഹൗസ് സ്റ്റാഫ് മേധാവി ജോൺ കെല്ലി, പ്രസ് സെക്രട്ടറി സാറ സാൻഡേഴ്സ് എന്നവർ ട്രംപിനൊപ്പമെത്തിയിരുന്നു.