Capturing Business 360°

ബ്രെക്സിറ്റിന്റെ ആഘാതം മായുന്നില്ല; ജാഗ്വർ ലാൻഡ് റോവർ യു.കെ. ക്ക് പുറത്ത് ആദ്യ നിർമാണ പ്ലാന്റ് തുടങ്ങി

ലണ്ടൻ: യു.കെ.യിലെ ഏറ്റവും വലിയ കാർ നിർമ്മാതക്കളായ ജാഗ്വർ ലാൻഡ് റോവർ തങ്ങളുടെ പുതിയ നിർമാണ പ്ലാന്റ് ഈസ്റ്റേൺ യൂറോപ്യൻ രാജ്യമായ സ്ലോവാക്യയിൽ ആരംഭിക്കുന്നു. പുതിയ ഡിസ്‌കവറി മോഡലിന്റെ ഉൽപാദനമാണ് സ്ലോവാക്യയിൽ ആരംഭിക്കുന്നത്. പുതിയ മാറ്റം മൂലം നൂറ് കണക്കിന് ബ്രിട്ടീഷുകാർക്ക് ജോലി നഷ്ടപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.

ബ്രെക്സിറ്റിനെ തുടർന്ന് ബ്രിട്ടീഷ് വിപണിയിൽ പൊതുവെ മാന്ദ്യം ബാധിച്ചതും വില്പനയിൽ തിരിച്ചടി നേരിട്ടതും ജാഗ്വർ ലാൻഡ് റോവർ ബ്രിട്ടൻ വിട്ട് മറ്റു വിപണികളിൽ കൂടുതൽ ശ്രദ്ധിക്കാൻ കാരണമാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. തങ്ങളുടെ യുകെ പ്രവർത്തനങ്ങൾക്ക് സഹായകരമാകുന്ന വിധത്തിൽ സ്ലോവാക്യയിൽ പ്ലാന്റ് ആരംഭിക്കുമെന്നായിരുന്നു രണ്ട് വർഷം മുമ്പ് കമ്പനി വെളിപ്പെടുത്തിയിരുന്നത്. എന്നാൽ ഇപ്പോൾ അവിടേക്ക് ഉൽപാദനം മാറ്റാനുള്ള തീരുമാനമാണ് കമ്പനിയെടുത്തിരിക്കുന്നത്. ദീർഘകാല നയത്തിന്റെ ഭാഗമായിട്ടാണ് ഈ മാറ്റമെന്നാണ് കമ്പനിയുടെ വിശദീകരണം. ഇതിലൂടെ ബിസിനസ് ആഗോളതലത്തിൽ കൂടുതൽ വ്യാപിപ്പിക്കുകയെന്ന ലക്ഷ്യമുണ്ടെന്നും കമ്പനി പറയുന്നു.

ജാഗ്വർ ലാൻഡ് റോവറിന്റെ ലാഭം തുടർച്ചയായ നാലാ ക്വാർട്ടറിലും പാതിയായി കുറഞ്ഞുവെന്ന വെളിപ്പെടുത്തലുണ്ടായി ആഴ്ചകൾക്ക് ശേഷമാണ് പുതിയ തീരുമാനം കമ്പനിയെടുത്തിരിക്കുന്നത്. ബ്രെക്സിറ്റ് തീർത്ത അനിശ്ചിതത്വവും വാഹനങ്ങളുടെ നികുതി സംവിധാനത്തിലുണ്ടായ വൻ അഴിച്ച് പണിയും ഡിസൽ വാഹനങ്ങളുടെ വിൽപന ചുരുക്കിയതാണ് കമ്പനിയെ പ്രതിസന്ധിയിലാക്കിയത്.

മാർച്ച് 31 വരെയുള്ള മൂന്ന് മാസങ്ങൾക്കിടെ പ്രീ-ടാക്സ് പ്രോഫിറ്റ് 364 മില്യൺ പൗണ്ടിലേക്ക് ഇടിഞ്ഞിരുന്നു. കഴിഞ്ഞ വർഷം ഇതേ സമയം ഇത് 676 മില്യൺ പൗണ്ടായിരുന്നു.