Capturing Business 360°

ബംഗ്ലാദേശ് അതിർത്തി കാക്കാൻ ഇന്ത്യക്ക് ഇസ്രയേലിന്റെ ലേസർ സാങ്കേതികവിദ്യ

ന്യൂഡല്‍ഹി: അതിര്‍ത്തി സുരക്ഷയ്ക്കു പുതിയ മാര്‍ഗങ്ങളുമായി ഇന്ത്യ. ത്രിപുരയില്‍ ബംഗ്ലദേശുമായുള്ള അതിര്‍ത്തി സുരക്ഷയ്ക്കു ലേസര്‍ രശ്മികളും ഉപയോഗിക്കാന്‍ ബിഎസ്‌എഫ് പദ്ധതിയിടുന്നു. അതിര്‍ത്തിയില്‍ കമ്പിവേലികള്‍ സ്ഥാപിക്കാന്‍ സാധിക്കാത്ത സ്ഥലങ്ങളിലാണ് ലേസര്‍ അധിഷ്ഠിത അദൃശ്യ അതിരുകള്‍ സ്ഥാപിക്കുന്നത്.

തുടര്‍ന്ന് കമ്പിവേലികള്‍ ഉള്ളിടത്തും ലേസര്‍ സ്ഥാപിച്ചേക്കും. നുഴഞ്ഞുകയറ്റം തടയാന്‍ അസമിലെ രാജ്യാന്തര അതിര്‍ത്തിയായ ധൂബ്രിയിലും സമാന സുരക്ഷ ഒരുക്കുന്നതു പരിഗണനയിലുണ്ട്.

പഞ്ചാബ്, ജമ്മു എന്നിവിടങ്ങളില്‍ പാക്കിസ്ഥാനുമായുള്ള അതിര്‍ത്തി മേഖലകളില്‍ ലേസര്‍ അതിരുകള്‍ നേരത്തേ സജ്ജമാക്കിയിരുന്നു. നുഴഞ്ഞുകയറ്റം തടയാന്‍ ഇത് ഏറെ സഹായിച്ചുവെന്നാണു വിലയിരുത്തല്‍.

ലേസര്‍ മതില്‍ സ്ഥാപിക്കാന്‍ ഇസ്രയേല്‍ സാങ്കേതിക വിദ്യയാവും ഇന്ത്യ ഉപയോഗിക്കുക. ലേസര്‍ രശ്മിയുടെ അദൃശ്യ സുരക്ഷാവലയം ഭേദിച്ചാലുടന്‍ സെന്‍സറുകള്‍ ഇതു തിരിച്ചറിയുകയും കണ്‍ട്രോള്‍ റൂമില്‍ അപായസന്ദേശം നല്‍കുകയും ചെയ്യും. ലേസര്‍ തടസ്സപ്പെടുത്തുന്ന നീക്കത്തിന്റെ ചിത്രങ്ങള്‍ ക്യാമറകള്‍ കണ്‍ട്രോള്‍ റൂമിലെത്തിക്കും. രാത്രിയിലും കടുത്ത മൂടല്‍മഞ്ഞിലും കൃത്യമായി കാണാവുന്ന ക്യാമറകളാണ് സ്ഥാപിക്കുക.