Capturing Business 360°

ഉത്തരകൊറിയയോട് ചങ്ങാത്തം കൂടുന്നതിനിടെ ട്രംപ് ഇന്ത്യക്ക് വില്ലനാവുന്നു; ഇറക്കുമതി തീരുവ കുറച്ചില്ലെങ്കില്‍ ഇന്ത്യയുമായുള്ള വ്യാപാരം നിര്‍ത്തുമെന്ന് ഭീഷണി

ക്യൂബെക്ക് സിറ്റി: കിം ജോംഗ് ഉന്നുമായി കൈകോർത്ത് സമാധാനത്തിന്റെ സന്ദേശവാഹകനായി മാറിയ ഡോണൾഡ്‌ ട്രംപ് പക്ഷേ ഇന്ത്യയുമായി വ്യാപാര യുദ്ധത്തിനൊരുങ്ങുന്നു. ഇറക്കുമതി തീരുവ കുറച്ചില്ലെങ്കില്‍ ഇന്ത്യയുമായുള്ള വ്യാപാരം നിര്‍ത്തുമെന്ന മുന്നറിയിപ്പുമായാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയത്. ജി7 ഉച്ചകോടിക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ട്രംപിന്റെ പരാമര്‍ശം. ‘നമുക്ക് ഇന്ത്യയുടെ കാര്യമെടുക്കാം. 100 ശതമാനമാണ് ചിലതിന് ഇന്ത്യ നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. അമേരിക്കയാകട്ടെ അങ്ങനെ ചെയ്യുന്നുമില്ല. അത് തുടരാനാകില്ല. നിരവധി രാജ്യങ്ങളോട് അധിക നികുതി ഈടാക്കുന്നതിനേക്കുറിച്ച്‌ സംസാരിച്ചിട്ടുണ്ട്.’, ട്രംപ് പറഞ്ഞു.

ആര്‍ക്കും കൊള്ളയടിക്കാന്‍ കഴിയുന്ന ഒരു ബാങ്കായി അമേരിക്ക മാറിയെന്നും ട്രംപ് വ്യക്തമാക്കി. ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ ജി 7 ഉച്ചകോടിക്ക് സാധിച്ചിരുന്നില്ല.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്ത സുഹൃത്ത് കൂടിയായി കരുതപ്പെടുന്ന ഡോണൾഡ്‌ ട്രംപ് പക്ഷെ അടുത്തിടെ നടപ്പാക്കിയ നയപരമായ പല കർശന നിയമങ്ങളും ഇന്ത്യയെ ലക്ഷ്യമിട്ടുള്ളവയായിരുന്നു. ഇറക്കുമതി തീരുവയുടെ കാര്യത്തിലും അമേരിക്കയിലെ ഇന്ത്യൻ പ്രൊഫഷണലുകൾക്കുള്ള എച്ച് വൺ വിസയുടെ കാര്യത്തിലും ഇന്ത്യക്കെതിരെ കർശന നിലപാടുകളാണ് ട്രംപ് സ്വീകരിച്ചു വരുന്നത്.