Capturing Business 360°

ജയിൽ മോചിതനായതിനു പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിലെ ഇഷ്ട്ട താരമായി അറ്റ്‌ലസ് രാമചന്ദ്രന്‍

ന്യൂഏജ് ന്യൂസ്

ദുബായ്: ദുബായില്‍ ജയില്‍മോചിതനായ അറ്റ്‌ലസ് രാമചന്ദ്രനാണ് രണ്ടുദിവസമായി സാമൂഹിക മാധ്യമങ്ങളിലെ താരം. ചെക്ക് കേസില്‍ കുടുങ്ങി മൂന്നുവര്‍ഷമായി ജയിലിലായിരുന്ന അദ്ദേഹം മോചിതനായതില്‍ സന്തോഷം രേഖപ്പെടുത്തുന്നതാണ് എല്ലാ പോസ്റ്റുകളും.

ഒരു വ്യവസായി എന്ന നിലയ്ക്കപ്പുറമുള്ള സ്നേഹമാണ് എല്ലാവരും അറ്റ്‌ലസ് രാമചന്ദ്രനായി കരുതിവെച്ചത്. ഫിനിക്‌സ് പക്ഷിയെപ്പോലെ തിരിച്ചെത്തുമെന്ന അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തെ തികഞ്ഞ സന്തോഷത്തോടെയാണ് ഏവരും എതിരേറ്റത്. ഇനി കച്ചവടം തുടങ്ങിയാല്‍ പൂര്‍വസ്ഥിതിയിലാവുന്നതുവരെ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളില്‍നിന്നു മാത്രമേ സ്വര്‍ണം വാങ്ങുകയുള്ളൂ എന്ന് ഉറപ്പ് നല്‍കുന്നവരും ധാരാളം.

സാധാരണഗതിയില്‍ ഒരാള്‍ ചെക്ക് കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ പലതരത്തിലുള്ള അഭിപ്രായപ്രകടനങ്ങള്‍ ഉയരാറുണ്ട്. എന്നാല്‍, അറ്റ്‌ലസ് രാമചന്ദ്രന്റെ കാര്യത്തില്‍ അദ്ദേഹത്തിന് എതിരായ അഭിപ്രായങ്ങള്‍ കാര്യമായൊന്നും ഇതുവരെ ഉണ്ടായിട്ടില്ല എന്നതാണ് സവിശേഷത. പല കുറിപ്പുകളും അനുകമ്പയുടെയും സ്നേഹത്തിന്റെയും പ്രകടനങ്ങളായിരുന്നു. അദ്ദേഹത്തിനുവേണ്ടി പ്രവര്‍ത്തിച്ച ഭാര്യ ഇന്ദിരയും പലരുടെയും കുറിപ്പുകളില്‍ ഇടംനേടി.

ജയില്‍ മോചിതനായെങ്കിലും ഇപ്പോഴും അടുത്ത സുഹൃത്തുക്കളെപ്പോലും കാണാതെ കഴിയുകയാണ് രാമചന്ദ്രനും ഭാര്യയും. ടെലിഫോണിലും ഇരുവരും സംസാരിക്കാന്‍ തയ്യാറാവുന്നില്ല. അല്പം കഴിയട്ടെ എന്ന മറുപടിയാണ് അവര്‍ എല്ലാവര്‍ക്കും നല്‍കുന്നത്. അവരുടെ സ്വകാര്യത മാനിക്കണമെന്ന് നേരത്തേ തന്നെ അടുത്ത കേന്ദ്രങ്ങളും അറിയിച്ചിരുന്നു.