Capturing Business 360°

ചാറ്റും ചാറ്റ് റൂമുകളും പരിചയപ്പെടുത്തിയ ‘യാഹൂ മെസ്സഞ്ചര്‍’ സേവനം അവസാനിപ്പിക്കുന്നു; ചാറ്റ് ഹിസ്റ്ററി ഡൗണ്‍ലോഡ് ചെയ്യാന്‍ ആറ് മാസം

ന്യൂഏജ് ന്യൂസ്

ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ആദ്യകാല ചാറ്റിങ് ആപ്ലിക്കേഷനുകളില്‍ ഒന്നായ യാഹു മെസഞ്ചര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ജൂലൈ 17-ന് പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ യാഹൂ മെസഞ്ചര്‍ പ്രവര്‍ത്തിപ്പിക്കുന്ന വെരിസോണിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഈ പ്രഖ്യാപനം നടത്തിയത്. ജൂലൈ 17 മുതല്‍ യാഹൂ മെസഞ്ചറില്‍ സൈന്‍ ഇന്‍ ചെയ്യാനും ഉപയോഗിക്കാനും സാധിക്കില്ല. ഉപയോക്താക്കള്‍ മെസഞ്ചര്‍ ചാറ്റില്‍ നിന്നുമുള്ള സന്ദേശങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാന്‍ ആറ് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. യാഹൂ മെയില്‍ ഉപയോഗിക്കാന്‍ ഈ യൂസര്‍ ഐഡി തുടര്‍ന്നും ഉപയോഗിക്കാം, കൂടാതെ ഈ ഐഡി ഉപയോഗിച്ച്‌ ഫെയ്‌സ്ബുക്ക് പോലുള്ള സേവനങ്ങളും തുടര്‍ന്നും ആസ്വദിക്കാം.

യാഹൂ മെസ്സഞ്ചറിന് പകരം ഒരു സേവനം ഇപ്പോള്‍ അവതരിപ്പിക്കുന്നില്ല. സമാനരീതിയിലുള്ള പുതിയ സേവനങ്ങളും സര്‍വീസുകളും പരീക്ഷിച്ച്‌ കൊണ്ടിരിക്കുകയാണ്. അതില്‍ ഒന്നാണ് ഇന്‍വൈറ്റ് ഒണ്‍ലി ഗ്രൂപ്പായ ‘യാഹൂ സ്ക്യുറെല്‍'(Yahoo Squirrel). നിലവില്‍ ബീറ്റ ഫോമിലുള്ള ഈ ആപ്പ് കഴിഞ്ഞ മാസം മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നു. വാട്സ് ആപ്പ്, ഫേസ്ബുക്ക് മെസ്സഞ്ചര്‍,സ്നാപ്പ് ചാറ്റ്,വീ ചാറ്റ് തുടങ്ങിയവയെ കടത്തി വെട്ടുന്ന ആപ്പാണ് പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

1998-ല്‍ യാഹൂ പേജറായി തുടങ്ങിയ ഈ സേവനമാണ് പിന്നീട് ഇന്‍സ്റ്റന്റ് മെസേജിംഗ് യുഗത്തിന് തുടക്കമിട്ടത്. പക്ഷെ പിന്നീട് ഫെയ്‌സ്ബുക്ക് മെസഞ്ചറും, വാട്സ്‌ആപ്പും ഒക്കെ എത്തിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. യാഹൂ മെസഞ്ചറിന് മാറ്റത്തിന്റെ വേഗത്തില്‍ മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞില്ല കടലാസില്‍ എഴുതി സന്ദേശം കൈമാറിയിരുന്ന മനുഷ്യനെ കീബോര്‍ഡില്‍ സമയം ചെലവിടാന്‍ പഠിപ്പിച്ചത് ഇമെയിലല്ല, അത് യാഹൂ മെസഞ്ചറാണ്. ഇന്നത്തെ ഫെയ്‌സ്ബുക്ക് മെസഞ്ചറിന്റെയും വാട്‌സാപ്പിന്റെയുമെല്ലാം പൂര്‍വികന്‍. എന്നാല്‍ പകരം വയ്ക്കാനാകാത്ത സേവനങ്ങള്‍ നല്‍കിയ ചെറിയ ആപ്ലിക്കേഷന്‍. ഇപ്പോള്‍ യാഹൂതന്നെ മെസഞ്ചറിനെ പിന്‍വലിക്കുകയാണ്.

ഇന്ന് കമ്പ്യൂട്ടർ-ഇന്റര്‍നെറ്റ് ബന്ധമുള്ള എല്ലാ ജോലികളും ചെയ്യുന്ന പ്രവൃത്തി പരിചയമുളള ഒരു തലമുറയുടെ ഓണ്‍ലൈന്‍ ഗൃഹാതുരത്വമാണ് യാഹൂ മെസ്സഞ്ചര്‍. ചാറ്റിങ്ങിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നതും ചാറ്റ് റൂമുകളിലെ സുഹൃത്തുക്കളും വിദേശ ചാറ്റിംഗുകളിലെ ഇംഗ്ലീഷ് പഠനവും ശ്ലീലവും അശ്ലീലവുമായ മെസ്സേജുകളുടെ തിരിച്ചറിയലുകളും മനസിലാക്കലുകളുമെല്ലാം സാധ്യമാക്കിയത് മെസ്സഞ്ചറായിരുന്നു.

പുതിയ കാലത്ത് യാഹൂ മെസഞ്ചറിന്റെ സാംഗത്യമില്ലായ്മതന്നെയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങാന്‍ കമ്ബനിയെ പ്രേരിപ്പിച്ചത്. യാഹൂവിന്റെ സ്വന്തം സ്‌ക്വിറലിന് നേട്ടമുണ്ടാക്കാനും തീരുമാനം ഉപകരിക്കും. സ്‌ക്വിറല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ബീറ്റാ വെര്‍ഷനിലാണ് ഇപ്പോഴുള്ളത്. ഗൂഗിള്‍ ടോക്ക് വളരെക്കാലം പിടിച്ചുനില്‍ക്കുകയും പിന്നീട് ഹാംഗൗട്ട് ആയി മാറുകയും ചെയ്തിട്ടും മെസ്സഞ്ചറിന് ഐഒഎസ് ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍ ഇറക്കാന്‍ കമ്ബനി തയാറായിരുന്നില്ല.

പതിറ്റാണ്ടുകള്‍ക്ക് മുന്നേ വീഡിയോ കോള്‍ ചെയ്യാന്‍ മെസ്സഞ്ചര്‍ സൗകര്യമൊരുക്കി. ഇന്നും വീഡിയോ കോള്‍ ഒരു ആഢംബരമല്ലാതായി മാറിക്കൊണ്ടിരിക്കുന്നതേയുള്ളൂ. ബിഎസ്‌എന്‍എല്‍ തരുന്ന 40കെബി വേഗതയുള്ള ഇന്റര്‍നെറ്റിന് പോലും ചേരുന്ന രീതിയില്‍ പ്രവര്‍ത്തിച്ച ഈ ചെറു ആപ്ലിക്കേഷന്‍ പുതുതലമുറയ്ക്ക് അന്യമാണ്. എത്ര ചാറ്റിഗ് ആപ്പുകള്‍ ഇനി എത്തിയാലും മെസ്സഞ്ചറിന്റെ തട്ട് താണുതന്നെയിരിക്കുമെന്നുറപ്പ്.