Capturing Business 360°

കൊച്ചി തീരത്ത് വന്‍ വാതക നിക്ഷേപമെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ; കണ്ടെത്തിയത് ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക നിക്ഷേപങ്ങളിലൊന്ന്, അടുത്ത സാമ്പത്തികവര്‍ഷം തന്നെ പര്യവേക്ഷണം ആരംഭിച്ചേക്കുമെന്ന് സൂചന

ന്യൂഏജ് ന്യൂസ്

കൊച്ചി: 300 വര്‍ഷത്തേക്ക് രാജ്യത്തിന്റെ ഊര്‍ജാവശ്യം നിറവേറ്റാനുതകുന്ന വന്‍ വാതക നിേക്ഷപം കൊച്ചിയുള്‍പ്പെടെയുള്ള ഇന്ത്യന്‍ തീരത്ത് കണ്ടെത്തി. കൊച്ചി തീരം, കൃഷ്ണ-ഗോദാവരി തടം, കാവേരി തടം എന്നിവിടങ്ങളിലായി 130 ലക്ഷം കോടി ക്യുബിക് അടി ഹൈഡ്രേറ്റ് പ്രകൃതിവാതക ശേഖരമുണ്ടെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേയാണ് കണ്ടെത്തിയത്.

ഇതിലേതാണ്ട് മൂന്നിലൊന്നും കൊച്ചി തീരത്താണെന്ന് കരുതുന്നു. ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക നിക്ഷേപങ്ങളിലൊന്നാണ് ഇതെന്നും വിലയിരുത്തുന്നു. ഹൈഡ്രേറ്റ് പ്രകൃതിവാതകം പര്യവേക്ഷണം ചെയ്ത്, വാണിജ്യപരമായി ഉത്പാദിപ്പിക്കാനുള്ള ശ്രമം ഇന്ത്യ ഉടന്‍ തുടങ്ങും.

വീടുകളിലേക്കും വാണിജ്യ-വ്യവസായ സ്ഥാപനങ്ങളിലേക്കും ആവശ്യമായ വാതകത്തിന് പുറമെ വാഹനങ്ങള്‍ക്കാവശ്യമായ ഇന്ധനമായും ഹൈഡ്രേറ്റ് വാതകം രൂപപ്പെടുത്താം. ഇന്ത്യയുടെ ഊര്‍ജ ഉപഭോഗത്തില്‍ ഇപ്പോള്‍ ആറരശതമാനം മാത്രമാണ് വാതകങ്ങള്‍.

കടലിനടിയില്‍ ഐസിന്റെ രൂപത്തിലാണ് ഹൈഡ്രേറ്റ് പ്രകൃതിവാതകം (ഗ്യാസ് ഹൈേഡ്രറ്റ്) ഉണ്ടാവുക. പ്രകൃതിവാതകങ്ങളില്‍പെടുന്ന ഗ്യാസ് ഹൈഡ്രേറ്റിന്റെ നിക്ഷേപം കൂടുതലും അമേരിക്കയിലാണ്. അതുകഴിഞ്ഞാല്‍ ഇന്ത്യയിലാണെന്നാണ് പുതിയ കണ്ടെത്തല്‍. ഇത് വാണിജ്യപരമായി ഉത്പാദിപ്പിക്കാനുള്ള സാങ്കേതികവിദ്യ ഇനിയും കണ്ടെത്തിയിട്ടില്ല. അമേരിക്ക, ജപ്പാന്‍, കാനഡ എന്നിവിടങ്ങളില്‍ ഇതിനായി ശ്രമം പുരോഗമിക്കുകയാണ്.

സാങ്കേതികവിദ്യക്ക് ശ്രമം തുടങ്ങി

എണ്ണ-പ്രകൃതി വാതക കോര്‍പ്പറേഷന്‍ (ഒ.എന്‍.ജി.സി.), യു.എസ്. ജിയോളജിക്കല്‍ സര്‍വേ, ജാപ്പനീസ് ഡ്രില്ലിങ് കമ്ബനി എന്നിവയുമായി ചേര്‍ന്ന് സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. കാനഡയുടെ സഹായവും തേടിയേക്കും. ഓയില്‍ ഇന്‍ഡസ്ട്രി ഡെവലപ്‌മെന്റ് ബോര്‍ഡ് (ഒ.ഐ.ഡി.ബി.), ഒ.എന്‍.ജി.സി, ഗെയില്‍, ഓയില്‍ ഇന്ത്യ, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നിവ ചേര്‍ന്ന് ചെലവ് വഹിക്കും. ഒ.ഐ.ഡി.ബി. 200 കോടി രൂപ അനുവദിച്ചു.

മുംബൈയിലെ പനവേലില്‍ പ്രകൃതിവാതക ഹൈഡ്രേറ്റിന്റെ ഗവേഷണങ്ങള്‍ക്കായി പ്രത്യേക കേന്ദ്രം തുടങ്ങുമെന്ന് ഒ.എന്‍.ജി.സി. ചെയര്‍മാന്‍ ശശി ശങ്കര്‍ പറഞ്ഞു. കൊച്ചി ഉള്‍പ്പെടെ രാജ്യത്ത് മൂന്നിടത്ത് ഹൈഡ്രേറ്റ് വാതകശേഖരം കണ്ടെത്തിയതോടെ ഇതിന് വേഗം കൂട്ടും.

കൃഷ്ണ-ഗോദാവരി തടത്തിലാവും ആദ്യം പര്യവേക്ഷണം നടത്തുക. അതുകഴിഞ്ഞാല്‍ കൊച്ചി തീരത്തും. അടുത്ത സാമ്ബത്തികവര്‍ഷംതന്നെ പര്യവേക്ഷണം ഉണ്ടാകുമെന്നാണ് സൂചന. ഇത് വിജയിച്ചാല്‍ ലോകത്തിലെ മുന്‍നിര സാന്പത്തികശക്തിയായി ഇന്ത്യ മാറും.

പര്യവേക്ഷണം മുമ്പും

കൊച്ചിയില്‍ 2009-ലും 2013-ലും ആഴക്കടലില്‍ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും പര്യവേക്ഷണം നടത്തിയിട്ടുണ്ട്. എണ്ണ-പ്രകൃതി വാതക കോര്‍പ്പറേഷന്റെ (ഒ.എന്‍.ജി.സി.) നേതൃത്വത്തിലായിരുന്നു പര്യവേക്ഷണം. രണ്ടു തവണയും എണ്ണക്കിണറുകള്‍ കുഴിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് അവ മൂടി. 1977-ലും ഇത്തരത്തില്‍ പരീക്ഷണം നടന്നിട്ടുണ്ട്.

ഹൈഡ്രേറ്റ് പ്രകൃതിവാതകം

അമേരിക്കയിലെ ഷെയ്ല്‍ ഗ്യാസിന്റെ മാതൃകയിലുള്ള പ്രകൃതിവാതകശേഖരം. ഭൂനിരപ്പിന് താഴെ, ഷെയ്ല്‍ എന്നറിയപ്പെടുന്ന പാറയില്‍നിന്നാണ് ഷെയ്ല്‍ ഗ്യാസ് തുരന്നെടുക്കുന്നത്. കടലിനടിയില്‍ ഐസ് രൂപത്തിലാണ് ഗ്യാസ് ഹൈഡ്രേറ്റ് ശേഖരം. പ്രകൃതിവാതകവും കടല്‍ജലവും ചേര്‍ന്നുള്ള ഐസ് പാളികളായാണ് ഗ്യാസ് ഹൈഡ്രേറ്റ് കാണപ്പെടുന്നത്.