Capturing Business 360°

മൂന്നാർ സഞ്ചാരികളെ മാടിവിളിക്കുന്നു; ജൂലൈ മുതലുള്ള നാല് മാസം ഇനി നീലക്കുറിഞ്ഞി പൂക്കും കാലം

മൂന്നാർ: പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മൂന്നാർ മലനിരകളിൽ വീണ്ടും നീലക്കുറിഞ്ഞി സീസൺ എത്തുന്നു. ജൂലൈ മുതൽ ഒക്ടോബര്‍ വരെയുള്ള മാസങ്ങളാണ് നീലക്കുറിഞ്ഞി സീസണായി കണക്കാക്കുന്നത്. കുറിഞ്ഞി എന്ന് തദ്ദേശീയര്‍ വിളിക്കുന്ന പൂവിന് നീലക്കുറിഞ്ഞി എന്ന പേര് കിട്ടുന്നത് അതിന്റെ മനോഹരമായ നീല നിറത്തില്‍നിന്നാണ്.സ്ട്രോബിലാന്തസ് കുന്‍തിയാന എന്ന് ശാസ്ത്രീയ നാമമുള്ള നീലക്കുറിഞ്ഞിച്ചെടികളെ പശ്ചിമഘട്ട മലനിരകളില്‍ ഉടനീളം കാണാനാകും.

ഒരു വ്യാഴവട്ടക്കാലത്തിനിടയില്‍ ഒരിക്കല്‍മാത്രമേ പൂവിടൂ എന്നതാണ് കുറിഞ്ഞിയുടെ പ്രത്യേകത. 2006ലായിരുന്നു മൂന്നാറിൽ ഇതിനു മുമ്പത്തെ നീലക്കുറിഞ്ഞി സീസൺ.

രാജ്യത്ത് ഇതേവരെ കണ്ടെത്തിയ 46 ഇനം സ്ട്രോബിലാന്തസുകളില്‍ ഭൂരിഭാഗവും മൂന്നാര്‍ മലനിരകളില്‍ വളരുന്നുണ്ട്. ജൂലൈയില്‍ തുടങ്ങുന്ന നീലക്കുറിഞ്ഞി സീസണ്‍ തുടര്‍ന്നുള്ള മൂന്നുമാസംകൂടി നീളും.

ഒരു വ്യാഴവട്ടത്തിനു ശേഷം നീലക്കുറിഞ്ഞി സീസൺ വീണ്ടുമെത്തുമ്പോൾ റേക്കോർഡ് വരുമാനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിലാണ് കേരളം ടൂറിസം വകുപ്പും സ്വകാര്യസംരംഭകരും. എട്ടുലക്ഷത്തിലേറെ വിനോദസഞ്ചാരികളെയാണ് ഇത്തവണ ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്. സന്ദർശകരുടെ എണ്ണത്തിൽ മുൻവർഷത്തേക്കാൾ 80% വളർച്ചയാണ് ലക്‌ഷ്യം.

6,28,427 ടൂറിസ്റ്റുകളാണ് 2017ല്‍ മൂന്നാറില്‍ എത്തിയത്. 2016ല്‍ എത്തിയ 4,67,881 ടൂറിസ്റ്റുകളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ പോയവര്‍ഷം സന്ദര്‍ശകരുടെ എണ്ണത്തില്‍ 34.31 ശതമാനത്തിന്റെ വര്‍ധനയുണ്ട്. സഞ്ചാരികളുടെ വലിയ തോതിലുള്ള ഒഴുക്ക് പ്രതീക്ഷിക്കുന്ന സീസണ്‍ കണക്കിലെടുത്ത് ട്രക്കിങ‌് ഉള്‍പ്പെടെയുള്ള അഡ്വഞ്ചര്‍ ഇനങ്ങളുമായി ടൂര്‍ ഓപ്പറേറ്റര്‍മാരും അഡ്വഞ്ചര്‍ ക്ലബുകളും തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു.