Capturing Business 360°

‘ഇങ്ങനെയൊക്കെ ചെയ്യാമോ…’ 15 കോടി രൂപ വിലമതിക്കുന്ന ഒന്നര ലക്ഷം ലീറ്റർ വിദേശമദ്യം ഒഴുക്കിക്കളയാൻ സർക്കാർ തീരുമാനം

തിരുവനന്തപുരം: മദ്യപാനികളുടെ ‘ചങ്ക് തകർക്കുന്ന’ തീരുമാനവുമായി സംസ്ഥാന സർക്കാർ. അപകടസാധ്യത ഒഴിവാക്കാൻ 15 കോടി രൂപ വിലമതിക്കുന്ന ഒന്നര ലക്ഷം ലീറ്റർ വിദേശമദ്യം ഒഴുക്കിക്കളയാൻ സർക്കാർ തീരുമാനിച്ചു. യുഡിഎഫ് സർക്കാരിന്റെ കാലത്തു പൂട്ടിയ 312 ബാറുകളിൽനിന്നു തിരിച്ചെടുത്ത മദ്യമാണു രണ്ടു വർഷത്തെ ആലോചനയ്ക്കുശേഷം നശിപ്പിക്കുന്നത്. അന്നു സർക്കാരും ബാറുടമകളും തമ്മിൽ ഏറ്റുമുട്ടലിലായിരുന്നതിനാൽ ബാറുകളിൽനിന്നു തിരിച്ചെടുത്ത മദ്യം വിതരണം ചെയ്യുന്നത് സുരക്ഷിതമല്ലെന്നു പൊലീസ് ഇന്റലിജൻസ് മുന്നറിയിപ്പു നൽകിയിരുന്നു.

തുടർന്നാണു നശിപ്പിക്കാൻ ബവ്റിജസ് കോർപറേഷനു നികുതിവകുപ്പ് അനുമതി നൽകിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയധികം വിദേശമദ്യം ഒരുമിച്ചു നശിപ്പിക്കുന്നത്. കോർപറേഷനു കീഴിൽ തിരുവല്ല പുളിക്കീഴിലുള്ള ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ എത്തിച്ചശേഷം വൻ കുഴികളെടുത്ത് ഒഴുക്കിക്കളയാനാണു തീരുമാനം.

തിരിച്ചെടുത്ത മദ്യം മുദ്രവച്ചു ബവ്‌റിജസ് കോർപറേഷന്റെ 23 സംഭരണകേന്ദ്രങ്ങളിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൗ മദ്യത്തിനു ബാറുടമകൾക്ക് അന്നു ചെലവായ 15 കോടി രൂപ ഈയിടെ സർക്കാർ തിരികെ നൽകിയിരുന്നു.