Capturing Business 360°

ഇസ്രയേൽ-അര്‍ജന്റീന സൗഹൃദ ഫുട്ബോൾ മത്സരം ഉപേക്ഷിച്ചു; വാർത്ത പുറത്ത് വിട്ടത് പലസ്തീൻ ഫുട്ബോൾ അസോസിയേഷൻ

ജെറുസലേം: ഇസ്രയേലുമായി നടക്കാനിരുന്ന ലോകകപ്പ് സന്നാഹ സൗഹൃദ മത്സരം അര്‍ജന്റീന ഉപേക്ഷിച്ചതായി സൂചന. ഇസ്രയേലുമായുള്ള കളിയില്‍അർജന്റീന പിന്മാറുകയാണെന്ന കാര്യം പലസ്തീൻ ഫുട്ബോൾ അസോസിയേഷനാണ് പുറത്ത് വിട്ടത്.

ഇസ്രായേലുമായുള്ള മത്സരത്തില്‍ നിന്ന് അര്‍ജന്റീന പിന്മാറണെന്ന് പലസ്തീന്‍ പലതവണ ആവശ്യപ്പെട്ടിരുന്നു. വിവിധ രാജ്യങ്ങളിലെ പലസ്തീൻ അനുകൂല വിഭാഗങ്ങളും ഈ ആവശ്യം ഉന്നയിച്ചിരുന്നു.

ഇസ്രയേല്‍ രാജ്യം രൂപീകൃതമായതിന്റെ 70ാം വാര്‍ഷികത്തോടനുബന്ധിച്ച് ജറുസലേമിലെ ടെഡി കോളക് സ്റ്റേഡിയത്തില്‍ ജൂണ്‍ 9നാണ് ലോകകപ്പ് സന്നാഹ മത്സരം നടത്താന്‍ തീരുമാനിച്ചിരുന്നത്.

പലസ്തീന്‍ ജനതയോടുള്ള അര്‍ജന്റീനയുടെ രാഷ്ട്രീയ ഐക്യദാര്‍ഢ്യമായാണ് പിന്‍മാറ്റത്തെ അനുകൂലിക്കുന്നവർ നോക്കികാണുന്നത്. എന്നാൽ അർജന്റീനയുടെയോ ഇസ്രയേലിന്റെയോ ഫുട്ബോൾ അസോസിയേഷനുകൾ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം ഒന്നും നടത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.