Capturing Business 360°

ആയുര്‍വേദ ഔഷധ വിതരണം വ്യാപകമാക്കാനൊരുങ്ങി ഔഷധി

ന്യൂഏജ് ന്യൂസ്

എല്‍ഡിഎഫ് സര്‍ക്കാരിന് പൊതുമേഖലാ സ്ഥാപനങ്ങളോടുള്ള കരുതലോടുള്ള സമീപനവും ഉള്‍ക്കാഴ്ചയോടെയുള്ള ചുവടുവയ‌്പുകളും കരുത്താക്കി സാധാരണക്കാരിലേക്ക‌് ആയുര്‍വേദ ഒൗഷധത്തിന്റെ നന്മകള്‍ കൂടുതലായി എത്തിക്കാനൊരുങ്ങുകയാണ‌് ഔഷധി എന്ന പേരില്‍ അറിയപ്പെടുന്ന തൃശൂരിലെ ദി ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പറേഷന്‍ കേരള ലിമിറ്റഡ‌്.

മികച്ച ഗുണനിലവാരവും മിതമായ വിലയും ഉറപ്പാക്കി ഈ രംഗത്തെ വിപണി നിയന്ത്രിക്കുന്നതിനും ഔഷധിക്ക‌് കഴിയുന്നുണ്ട‌്. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ ഔഷധച്ചെടികളുടെയും മറ്റും വിലയില്‍ 20 ശതമാനം വിലവര്‍ധന ഉണ്ടായെങ്കിലും മൊത്തം വിപണിയെ വിലവര്‍ധനയില്‍നിന്നു പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട‌്.

ഫലവത്തായ മരുന്നുകള്‍ ഗുണമേന്മ ചോരാതെ പുതിയ തലമുറയെക്കൂടി ആകര്‍ഷിക്കുന്ന വിധത്തില്‍ പായ്‌ക്കിങ്ങിലും മറ്റു പുതുമവരുത്തി വിപണിയിലെത്തിച്ച‌് പ്രകൃതി വിഭവങ്ങളിലേക്കു മടങ്ങുക എന്ന സന്ദേശത്തിനു പ്രചാരം നല്‍കുന്ന ഒൗഷധി ലോകനിലവാരത്തിലേക്ക‌് എത്തുന്നതിനായി ലോകാരോഗ്യ സംഘടനയുടെ ജിഎംപി സര്‍ട്ടിഫിക്കേഷന്‍ നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ‌്. ഇതിനുള്ള ശ്രമങ്ങളുടെ ഭാഗമായി തൃശൂരിലെ ആസ്ഥാനത്തുള്ള ഫാക്ടറിയില്‍ കൈകൊണ്ടുള്ള പാക്കിങ്ങിനു പകരം ക്ലീന്‍ റൂം എന്ന ആശയത്തിലൂന്നിയുള്ള പുതിയ പായ‌്ക്കിങ‌് യൂണിറ്റ‌് 2017ല്‍ മന്ത്രി കെ കെ ശൈലജ ഉദ‌്ഘാടനം ചെയ‌്തത‌് ശ്രദ്ധേയമായ ചുവടുവയ‌്പായി. ബോട്ടിലിങ‌്മുതല്‍ ലേബലി‌ങ‌്‌വരെയുള്ള എല്ലാ നടപടികളും തികച്ചും വൃത്തിയായ രീതിയില്‍ പായ‌്ക്ക‌്ചെയ്യുന്നതിനുള്ള അത്യാധുനിക സൗകര്യങ്ങളാണ‌് ഇവിടെ ഒരുക്കിയിരിക്കുന്നത‌്. ഇക്കഴിഞ്ഞ ഏപ്രിലില്‍ തിരുവനന്തപുരത്ത‌് മുട്ടത്തറയില്‍ ഔഷധിയുടെ അത്യാധുനിക ഫാക്ടറി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ‌്ഘാടനംചെയ‌്തിരുന്നു.

യുഡിഎഫ‌് ഭരണകാലത്ത‌് 2015-16 സാമ്ബത്തികവര്‍ഷം 93 കോടി രൂപയുടെ വിറ്റുവരവുണ്ടായിരുന്ന ഔഷധി എല്‍ഡിഎഫ‌് അധികാരത്തിലെത്തിയ 2016-17 സാമ്ബത്തികവര്‍ഷം വിറ്റുവരവ‌് 95 കോടി രൂപയായി വര്‍ധിപ്പിച്ചു. 2017-18 ലാകട്ടെ ഇത‌് 142 കോടി രൂപയായാണ‌് ഉയര്‍ന്നത‌്‌. ലാഭത്തിലും ക്രമാനുഗതമായ വര്‍ധന ഇക്കാലയളവില്‍ നേടാനായിട്ടുണ്ടെന്ന‌് മാനേജിങ‌് ഡയറക്ടര്‍ കെ വി ഉത്തമന്‍ പറഞ്ഞു. നടപ്പുസാമ്പത്തികവര്‍ഷം 250 കോടി രൂപയാണ‌് ലക്ഷ്യമിട്ടിരിക്കുന്നതെന്ന‌് അദ്ദേഹം പറഞ്ഞു. ഇതു നേടിയെടുക്കുന്നതിനായി ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും കൂടുതല്‍ പേരിലേക്കെത്തിക്കാനും വിതരണശൃംഖല വിപുലമാക്കാനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

കെ ആര്‍ വിശ്വംഭരനാണ്‌ ഔഷധിയുടെ ചെയര്‍മാന്‍ കേരളത്തിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആയുര്‍വേദ ആശുപത്രികളിലും ഡിസ‌്പെന്‍സറികളിലുമൊക്കെ ഔഷധിയാണുള്ളത‌്. 450 ഓളം ക്ലാസിക‌് മരുന്നുകളും 24 തരം സ്വന്തമായി വികസിപ്പിച്ചെടുത്ത മരുന്നുകളുമാ‌ണുള്ളത‌്. 700 ലേറെ വിതരണ ഔട്ട‌്‌ലെറ്റുകളുള്ള കമ്ബനി ബഹു ബ്രാന്‍ഡ‌് കടകളിലുള്‍പ്പെടെ മരുന്നുകള്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞു. കേരളത്തിനു പുറത്തും വിപണിയുണ്ട‌്‌. മികച്ച ഗവേഷണ വികസന സൗകര്യങ്ങളും ഗുണമേന്മാ നിയന്ത്രണ സംവിധാനങ്ങളുമുള്ള ഇവിടെ സ‌്ത്രീതൊഴിലാളികളാണ‌് ഏറെയും ജോലിയെടുക്കുന്നത്. ഔഷധ നിര്‍മാണ രംഗത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഔഷധി 2025ല്‍ 1000 കോടി രൂപയുടെ വിറ്റുവരവാണ‌് ലക്ഷ്യമിടുന്നത‌്‌.