Capturing Business 360°

കൊച്ചി മെട്രൊ ഒന്നാം വാർഷികത്തിലേക്ക്; യാത്രക്കാരെ ആകര്‍ഷിക്കാന്‍ വമ്പൻ പ്രഖ്യാപനങ്ങൾക്കൊരുങ്ങി കെഎംആർഎൽ, കാത്തിരിക്കുന്നത് ആകര്‍ഷകങ്ങളായ ഒട്ടേറെ ഇളവുകള്‍

ന്യൂഏജ് ന്യൂസ്

കൊച്ചി: മെട്രൊ സര്‍വീസിന്‍റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചു യാത്രക്കാരെ കാത്തിരിക്കുന്നത് ആകര്‍ഷകങ്ങളായ ഒട്ടേറെ ഇളവുകള്‍. അടുത്ത മാസം 17നാണു കേരളത്തിലെ ആദ്യ മെട്രൊയുടെ ഒന്നാം പിറന്നാള്‍. ഇ‌തുമായി ബന്ധപ്പെട്ടു യാത്രക്കാരെ ആകര്‍ഷിക്കാന്‍ നടപ്പാക്കേണ്ട പ്രഖ്യാപനങ്ങളെ കുറിച്ചു കൊച്ചി മെട്രൊ റെയ്ല്‍ ലിമിറ്റഡ് ചര്‍ച്ച തുടങ്ങി. അടുത്തയാഴ്ചയോടെ അന്തിമ രൂപരേഖയാകും.

സ്ഥിരം യാത്രക്കാര്‍ക്കു പ്രയോജനകരമായ സീസണ്‍ ടിക്കറ്റുകള്‍ ഏര്‍പ്പെടുത്താന്‍ ഒന്നാം വാര്‍ഷികത്തില്‍ തീരുമാനമായേക്കുമെന്നു കെ‌എംആര്‍എല്‍ മാനേജിങ് ഡയറക്റ്റര്‍ എ.പി.എം മുഹമ്മദ് ഹനീഷ്. യാത്രാ നിരക്കില്‍ കാര്യമായി ഇളവു നല്‍കുന്ന പ്രതിമാസ പാസ് സംവിധാനമാണു പരിഗണനയിലുള്ളത്. നിലവില്‍ യാത്രാ നിരക്കില്‍ 20 ശതമാനം ഇളവു നല്‍കുന്ന കൊച്ചി വണ്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നുണ്ട്. ഇതോടൊപ്പം സീസണ്‍ ടിക്കറ്റുകള്‍ കൂടി തുടങ്ങാനാണു തീരുമാനം.

സീസണ്‍ ടിക്കറ്റുകള്‍ ഏര്‍പ്പെടുത്തുന്നതോടെ സ്ഥിരം യാത്രക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍ എന്നിവ‌രുടെ എണ്ണം കൂടുമെന്നാണു പ്രതീക്ഷ. മെട്രൊ സര്‍വീസില്‍ സീസണ്‍ ടിക്കറ്റ് സംവിധാനം ആരംഭിക്കണമെന്ന ആവശ്യം പല ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നു. സര്‍വീസ് തുടങ്ങി ഒരു വര്‍ഷം തികയാറായിട്ടും കൊച്ചി മെട്രൊ കാര്യമായ വരുമാന വര്‍ധനവ് ഉണ്ടാക്കിയിട്ടില്ല. സര്‍വീസുകളുടെ എണ്ണം കൂട്ടുന്നതുള്‍പ്പെടെ കാര്യങ്ങളിലും ഇതു വരെ അന്തിമ തീരുമാനമായിട്ടില്ല.

2017 ജൂണ്‍ 17നു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കൊച്ചി മെട്രൊ സര്‍വീസ് ഉദ്ഘാടനം ചെയ്തത്. ആലുവ മുതല്‍ പാലാരിവട്ടം വരെ 13.4 കിലോമീറ്റര്‍ സര്‍വീസാണ് അന്നു തുടങ്ങിയത്. തുടര്‍ന്ന് ഒക്റ്റോബര്‍ മൂന്നിന് പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെ സര്‍വീസ് ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജ‍യനാണ് ഉദ്ഘാടനം ചെയ്തത്.18 കിലോമീറ്ററില്‍ 16 മെട്രൊ സ്റ്റേഷനുകളാണുള്ളത്. ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെട്ട മഹാരാജാസ് മുതല്‍ പേട്ടവരെയുള്ള മെട്രൊ നിര്‍മാണം പുരോഗമിക്കുകയാണ്. എറണാകുളം സൗത്ത് , കടവന്ത്ര, എളംകുളം, വൈറ്റില, തൈക്കൂടം, പേട്ട എന്നീ ആറ് സ്റ്റേഷനുകളാണ് ഈ റീച്ചിലുള്ളത്. മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള മെട്രൊ നിര്‍മാണം വൈകാതെ പൂര്‍ത്തിയാക്കി 2018 മെയ് മുതല്‍ സര്‍വീസ് തുടങ്ങാനാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു എപിഎം മുഹമ്മദ് ഹനീഷ് അറിയിച്ചു. എറണാകുളം സൗത്ത് റെയ്ല്‍വെ സ്റ്റേഷന് സമീപം കാന്‍റിലിവര്‍ കോണ്‍ക്ര‌ീറ്റ് സ്പാനിന്‍റെ നിര്‍മാണം അന്തിഘട്ടത്തിലാണ്.

കേരളത്തിലെ ആദ്യ മെട്രൊ സര്‍വീസ് യാത്രാ വരുമാനത്തില്‍ ഇതുവരെ ലാഭം നേടിത്തുടങ്ങിയിട്ടില്ല. പ്രവര്‍ത്തന ചെലവിലെ നഷ്ടം നികത്താന്‍ കെഎംആര്‍എല്‍ പല നടപടികളും സ്വീകരിച്ചിട്ടുണ്ട്. മെട്രൊ സ്റ്റേഷനുകളി‌ലും തൂണുകളിലും പരസ്യം നല്‍കാന്‍ കരാര്‍ നല്‍കി യാത്രാ ഇതര വരുമാനം നേടി തുടങ്ങിയിട്ടുണ്ട്. സിനിമകളുടെയും പരസ്യങ്ങളുടെയും ചിത്രീകരണത്തിനും അനുമതി നല്‍കുന്നു. റെ‍യ്ല്‍വെ സ്റ്റേഷനുകളുടെ മാതൃകയില്‍ മെട്രൊ സ്റ്റേഷനുകളില്‍ സ്റ്റാളുകളും തുറക്കും. നഗരത്തില്‍ മെട്രൊ സ്റ്റേഷനുകളോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങളുമായി കൈകോര്‍ത്ത് വരുമാന വര്‍ധനവിനും പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്.