Capturing Business 360°

‘റഹ്മാന്‍ ഷോയ്ക്കായി ഫ്‌ളവേഴ്‌സ് ചാനൽ വയല്‍ നികത്തിയിട്ടില്ല; കള്ളപ്രചരണങ്ങള്‍ നടത്തിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും’; മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ച് ശ്രീകണ്ഠന്‍ നായര്‍

ന്യൂഏജ് ന്യൂസ്

ഏ.ആര്‍. റഹ്മാന്റെ സംഗത ഷോയ്ക്കായി തൃപ്പുണിത്തുറയില്‍ വയല്‍നികത്തിയെന്നുള്ള വാര്‍ത്തകളെ അടിസ്ഥാനരഹിതമെന്ന് ഫ്‌ളവേഴ്‌സ് ടിവി മാനേജിങ് ഡയറക്ടര്‍ ശ്രീകണ്ഠന്‍ നായര്‍. ഫളവേഴ്‌സിന്റെ വാര്‍ത്താ ചാനലായ 24 പ്രഖ്യാപിച്ചുകൊണ്ട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് തെളിവുകളും രേഖകളും നിരത്തി വയല്‍ നികത്തിയിട്ടില്ലെന്ന് ശ്രീകണ്ഠന്‍ നായര്‍ സ്ഥാപിച്ചത്.

‘വസ്തുതകള്‍ അന്വേഷിക്കാതെയാണ് മനോരമ, ഇന്ത്യന്‍ എക്‌സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ പത്രങ്ങള്‍ വാര്‍ത്ത നല്‍കിയത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. ഇന്ത്യന്‍ എക്‌സ്പ്രസിന് പരസ്യം കൊടുത്തപ്പോള്‍ അവര്‍ ഞങ്ങളെ പുകഴ്ത്തി. നിങ്ങള്‍ നടത്തുന്നത് മാധ്യമ പ്രവര്‍ത്തനമല്ലെന്ന് നിങ്ങള്‍ മനസ്സിലാക്കണം. ഇത് നികത്ത് ഭൂമിയാണെന്ന് തഹസില്‍ദാറുടെ റിപ്പോര്‍ട്ട് തന്നെ ഉള്ളതാണ്. 2008 ല്‍ ക്രിസ്ത്യന്‍ സുവിശേഷകനായ ബോങ്കെയുടെ വലിയ സുവിശേഷ യോഗം നടത്തിയത് ഇവിടെ തന്നെയായിരുന്നു. നികത്തിയ വയലില്‍ തന്നെയാണ് അന്നും പരിപാടി നടത്തിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പെ മണ്ണിട്ട് നികത്തിയ വയലില്‍ ഇന്നലെ പോലും കൃഷിയുണ്ടായിരുന്നു എന്ന തരത്തില്‍ സിപിഐയിലെ പ്രാദേശിക നേതാവ് മന്ത്രിയെ പോലും തെറ്റിദ്ധരിപ്പിച്ചു’ – ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു.

മലയാള മനോരമ ദിനപത്രത്തിന് എതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് ശ്രീകണ്ഠന്‍ നായര്‍ നടത്തിയത്. ‘1984ല്‍ മാധ്യമ പ്രവര്‍ത്തനത്തില്‍ എത്തിയതാണ് ഞാന്‍. ഞാന്‍ കരുതിയത് മാധ്യമപ്രവര്‍ത്തകര്‍ എന്നോട് അഭിപ്രായം ചോദിക്കുമെന്നാണ്. പക്ഷെ അവര്‍ മുന്‍വിധിയോടെയാണ് വാര്‍ത്ത എഴുതിയത്. 2008ല്‍ ബോങ്കെ നടത്തിയ സുവിശേഷ യോഗത്തിന്റെ റിപ്പോര്‍ട്ട് മനോരമ ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ നല്‍കിയിരുന്നു. ഈ പത്രങ്ങളുടെയൊക്കെ ഒരു കുഴപ്പം അവര്‍ക്ക് ചിലപ്പോള്‍ കണ്ണ് കാണത്തില്ല. നമ്പി നാരായണന്റെ ജീവിതം വഴിയാധാരമാക്കുന്നത് വരെ കാര്യങ്ങള്‍ എഴുതിയവരാ ഈ പത്രങ്ങള്‍. എന്നിട്ട് അവസാനം അവിടുത്തെ ഒരു മാധ്യമപ്രവര്‍ത്തകനെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് വിട്ടു. അദ്ദേഹത്തിന്റെ ജീവിതം തകര്‍ത്തതിന് മാപ്പ് പറയാന്‍. എത്ര ലാഘവത്തോടെ കാര്യങ്ങളെ കാണുന്ന മാധ്യമ മേധാവികളാണ് നമ്മുടെ നാട്ടിലുള്ളതെന്ന് ഞാന്‍ ചിന്തിക്കുകയാണ്. ഇന്ന് നമ്പി നാരായണന്‍ സുപ്രീംകോടതി കയറുകയാണ് അദ്ദേഹത്തിന്റെ ജീവിതം നശിപ്പിച്ചവരെ കളി പഠിപ്പിക്കാന്‍. ഇപ്പോള്‍ അവര് കളി പഠിച്ചോണ്ടിരിക്കുവാ, അവരുടെയൊക്കെ സമാധാനം പോയി. ഞാന്‍ മനോരമയില്‍ ജോലി ചെയ്തിട്ടുള്ളൊരാളാണ്. മാമ്മന്‍ മാത്യു സാറ് എന്നോട് പറഞ്ഞത് നമ്മള്‍ ഇറങ്ങുമ്പോള്‍ നമ്മള്‍ തമ്മില്‍ ലോഹ്യമായിട്ട് അങ്ങ് പോകണമെന്നാണ് പറഞ്ഞത്. ഞാനതിന് തയാറായിരുന്നു. പക്ഷെ, അലോഹ്യത്തിലാണ് സര്‍ തുടക്കം. എനിക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. അപകീര്‍ത്തിപരമായ വാര്‍ത്തകള്‍ കൊടുത്ത എല്ലാ മാധ്യമങ്ങള്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കും’ – അദ്ദേഹം പറഞ്ഞു.

അന്ന് മുടങ്ങി പോയ റഹ്മാന്റെ ഷോ 23,24 തിയതികളില്‍ അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്നും അദ്ദേഹം അറിയിച്ചു. ഒരു ദിവസത്തെ പരിപാടിയാണ് അദ്ദേഹം ഏറ്റിരുന്നതെങ്കിലും പ്രതിഫലം പോലും വാങ്ങാതെ രണ്ട് ദിവസത്തെ പരിപാടി നടത്താമെന്ന് അദ്ദേഹം സമ്മതിച്ചുവെന്നും ശ്രീകണ്ഠന്‍ നായര്‍ അറിയിച്ചു.

തൃപ്പുണിത്തുറയില്‍ റഹ്മാന്‍ ഷോയ്ക്ക് മനപ്പൂര്‍വം തടസ്സം സൃഷ്ടിക്കാനായി കൊച്ചിയിലെ ജയലക്ഷ്മി സില്‍ക്ക്സ് ശ്രമിച്ചു. പരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്ന സ്ഥലത്തോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലം ജയലക്ഷ്മി സില്‍ക്ക്സിന്‍റേതായിരുന്നു. ഇവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാമായിരുന്നു. എന്നാല്‍, അവിടെ വാഹനങ്ങള്‍ പാര്‍‌ക്ക് ചെയ്യാതിരിക്കാന്‍ കുഴി കുഴിക്കുകയും കല്ലിട്ട് തടസ്സമുണ്ടാക്കുകയും ചെയ്തെന്ന് അദ്ദേഹം ആരോപിച്ചു. പൊലീസുകാര്‍ ഉള്‍പ്പെടെ അഭ്യര്‍ത്ഥിച്ചിട്ടും പാര്‍ക്കിങ് അനുവദിക്കാന്‍ അവര്‍ തയാറായില്ലെന്നും അതാണ് വലിയ ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

''ഞങ്ങൾക്ക് പറയാനുള്ളത്….'' ആർ ശ്രീകണ്ഠൻ നായർ പ്രേക്ഷകരുമായി സംവദിക്കുന്നു…#Live

Posted by Flowers TV on Wednesday, May 30, 2018