Capturing Business 360°

കാഴ്ചപരിമിതിയെ ചെറുത്തു തോല്‍പിച്ച പാട്ടീല്‍ പ്രാഞ്ജാല്‍ ഇനി എറണാകുളം അസിസ്റ്റന്റ് കലക്ടര്‍

ന്യൂഏജ് ന്യൂസ്

വിശാലമായ ഉള്‍ക്കാഴ്ചകളിലാണ് പാട്ടീല്‍ പ്രാഞ്ജാല്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതം. അതുകൊണ്ടാണ് കണ്ണുള്ളവരേക്കാള്‍ ദീര്‍ഘവും ആഴവുമുള്ള കാഴ്ച്ചപ്പാടുകള്‍ അവള്‍ക്കുണ്ടായത്. കുഞ്ഞുപ്രായത്തില്‍ കാഴ്ച നഷ്ടപ്പെട്ടിട്ടും നിശ്ചയദാര്‍ഢ്യത്തോടെ അവള്‍ തന്റെ സ്വപ്‌നക്കാഴ്ചകളിലേക്ക് നടന്നു കയറി. സ്വപ്‌നസാഫല്യത്തിനായുള്ള വഴികളിലെവിടേയും തപ്പിതടയാതെയും ഇടറിവീഴാതെയും മുന്നേറിയ പാട്ടീല്‍ പ്രാഞ്ജാല്‍ ഇന്ന് എറണാകുളം ജില്ലയുടെ സബ് കലക്ടറായി ചുമതലയേറ്റു.

ആറാം വയസില്‍ കാഴ്ച നഷ്ടപ്പെട്ട പ്രാഞ്ജാലിന് താങ്ങായും തണലായും മാതാപിതാക്കളും സഹോദരനും ഒപ്പമുണ്ടായിരുന്നു. മുംബൈ സെന്റ് സേവ്യേഴ്‌സ് കോളെജില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ മികച്ച മാര്‍ക്കോടെയാണ് പ്രഞ്ജാല്‍ ബിരുദം നേടിയത്. ഇന്റര്‍ നാഷണല്‍ റിലേഷന്‍സില്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ പ്രഞ്ജാല്‍ സിവില്‍ സര്‍വീസ് എന്ന മോഹത്തിലേക്ക് കാലെടുത്തുവച്ചു. 2015 ല്‍ 773-ാം റാങ്ക് യുപിഎസ്സിക്കു വേണ്ടി ലഭിച്ചെങ്കിലും ഉയര്‍ന്ന റാങ്കിനായി പരിശ്രമം തുടരുകയായിരുന്നു.

സിവില്‍ സര്‍വീസ് പരീക്ഷയില്‍ 124-ാം റാങ്കോടെയാണ് പ്രാഞ്ജാല്‍ തന്റെ കാഴ്ചപരിമിതിയെ ചെറുത്തുതോല്‍പ്പിച്ചത്. പേജുകള്‍ സ്‌കാന്‍ ചെയ്തു റീഡ് ചെയ്യുന്ന സോഫ്ട് വെയര്‍ ഉപയോഗിച്ചായിരുന്നു പഠനം. മസൂറിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി അക്കാദമിയില്‍ നിന്നു രണ്ടാഴ്ച മുമ്പാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. കേരളത്തെ കുറിച്ച്‌ മനസിലുള്ളത് നിറമുള്ള ചിത്രങ്ങളാണെന്ന് പറയുമ്പോഴും കൊച്ചിയെ കാണാനല്ല, അനുഭവിച്ചറിയാനും കൊച്ചിക്ക് വേണ്ടി തന്നെക്കൊണ്ടാവുന്നതെല്ലാം ചെയ്യാനുമാണ് എത്തിയതെന്നു പ്രാഞ്ജാല്‍ കൂട്ടിച്ചേര്‍ക്കുന്നു.