Capturing Business 360°

എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ട് വര്‍ഷം പിന്നിടുമ്പോള്‍…. എഡിറ്റോറിയല്‍

ന്യൂഏജ് ന്യൂസ്

സംസ്ഥാനത്ത് പിണറായി വിജയന്റെ നേതൃത്വത്തിലുളള എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ കാര്യങ്ങള്‍ എത്രമാത്രം ശരിയാക്കാനായിയെന്ന ചിന്ത പൊതുസമൂഹത്തില്‍ ഉണ്ടാവുന്നത് സ്വാഭാവികമാണ്. കാരണം ഭരണത്തില്‍ ഇടതുപക്ഷമെത്തുന്നത് ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുമെന്ന വിശ്വാസം സുദൃഢമാക്കിക്കൊണ്ടാണ്. രണ്ടു വര്‍ഷത്തെ ഭരണം പൂര്‍ണ്ണമായി ഒരു സര്‍ക്കാരിനെ വിലയിരുത്താനുളള ശരിയായ കാലദൈര്‍ഘ്യമല്ലെങ്കിലും ഭരണനിര്‍വ്വഹണത്തിന്റെ ഗതിവേഗവും ഉദ്ദേശ്യലക്ഷ്യങ്ങളുമൊക്കെ വിലയിരുത്താറായിയെന്നുതന്നെ ഉറപ്പിക്കാം. അഴിമതിക്കെതിരെയുളള ശക്തമായ നിലപാട്, ബാര്‍, സോളാര്‍ വിഷയങ്ങളില്‍ തട്ടി മുഖം നഷ്ടമായ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ നിഷ്‌കാസനം ചെയ്യാന്‍ ഇടതുമുന്നണി സ്വരൂക്കൂട്ടിയ ഏറ്റവും മൂര്‍ച്ചയേറിയ ആയുധമായിരുന്നു. ആ നിലപാടിനെ സാധൂകരിക്കുന്നതിനുതകും വിധം ഭരണനിര്‍വ്വഹണത്തില്‍ അഴിമതിവിരുദ്ധപ്രതിഛായയുളള ഉദേ്യാഗസ്ഥരെ പങ്കാളികളാക്കാന്‍ തുടക്കത്തില്‍ തന്നെ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. വിജിലന്‍സ് തലപ്പത്ത് ജേക്കബ്ബ് തോമസിനെയും എക്‌സൈസില്‍ ഋഷിരാജ് സിങ്ങിനെയുമൊക്കെ കൊണ്ടുവന്നതിന്റെ ഉദ്ദേശ്യം മറ്റൊന്നായിരുന്നില്ല. എന്നാല്‍ പിന്നീട് ജേക്കബ്ബ് തോമസ് അനഭിമതനായതും തച്ചങ്കരി കെഎസ്ആര്‍ടിസി തലപ്പത്ത് നിയമിതനായതുമെല്ലാം അഴിമതി വിരുദ്ധപ്രതിഛായയ്ക്ക് മങ്ങലേല്‍പ്പിച്ചില്ലേയെന്ന ചിന്തയ്ക്ക് സാംഗത്യമുണ്ട്. മുന്‍കാലങ്ങളിലെ പോലെ പല വിവാദങ്ങളില്‍പ്പെട്ട് മന്ത്രിസ്ഥാനം രാജിവെയ്‌ക്കെണ്ടിവന്ന മന്ത്രിമാരും സര്‍ക്കാരിന്റെ പിഴവുകളുടെ ഗണത്തിലുണ്ട്. എന്നാല്‍ ഈ പിഴവുകളെ മറികടന്ന് വാഗ്ദാനങ്ങള്‍ എത്രത്തോളം പ്രാവര്‍ത്തികമാക്കിയെന്നതാണ് പ്രധാനം.
കേരളത്തിന്റെ വികസനരംഗത്തെ മുരടിപ്പില്‍ മാറ്റമുണ്ടാക്കാനായിയെന്നും ഇവിടെ ഒന്നും ശരിയാകില്ലെന്ന മുന്‍വിധി മാറ്റിയെടുക്കാനായിട്ടുണ്ടെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇതില്‍ ഇനിയുമേറെ കാര്യങ്ങള്‍ ബാക്കിയുണ്ടെന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കരുത്. സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ സമഗ്രവികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം, തുടങ്ങിയ രംഗങ്ങളില്‍ പുതിയ പദ്ധതികള്‍ക്ക് തുടക്കമിട്ടത് ഈ വികസന സാക്ഷാത്കാരം മുന്‍നിര്‍ത്തി തന്നെയാണ്. ലൈഫ് പാര്‍പ്പിട പദ്ധതിയൂടെ നടത്തിപ്പില്‍ സാമ്പത്തിക പരാധീനതകള്‍ വിഘാതമായിട്ടുണ്ടെങ്കിലും സാമൂഹിക സുരക്ഷയുടെ രംഗത്തെ സര്‍ക്കാരിന്റെ പ്രധാന ചുവടുവെയ്പായിത്തന്നെ ഇതിനെ വിലയിരുത്താം. ലക്ഷ്യമിട്ട അഞ്ച് ലക്ഷം വീടുകളില്‍ 28,000 വീടുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസമേഖലയ്ക്ക് ഉണര്‍വ്വ് പകരാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ശ്രദ്ധേയമാണ്. പൊതുവിദ്യാലയങ്ങള്‍ വിവരസാങ്കേതികത്തികവോടെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനുളള ശ്രമം തികച്ചും കാലാനുസൃതം തന്നെ. പൊതുവിദ്യാഭ്യാസ സംരക്ഷണ മിഷന്‍ രൂപീകരിച്ചുളള പ്രവര്‍ത്തനങ്ങള്‍ പൊതുവിദ്യാലയങ്ങള്‍ക്ക നവചൈതന്യം പകരാന്‍ പര്യാപ്തമാണ്. മദ്യം സാമൂഹികവിപത്ത് തന്നെയെങ്കിലും മുന്‍സര്‍ക്കാരിന്റെ മദ്യനയം അത് പ്രതിരോധിക്കാനുളള ശരിയായ നയമായിരുന്നില്ല. അത് തിരിച്ചറിയപ്പെട്ടുവെന്നതു ശ്രദ്ധേയമാണ്. പൊതുജനാരോഗ്യസംരക്ഷണം പൂര്‍ണ്ണതയിലെത്തിക്കാനുളള ശ്രമങ്ങളുടെ ഭാഗമായുളള ആര്‍ദ്രം മിഷന്‍, സര്‍ക്കാര്‍ ആശുപത്രികളില്‍ വിദഗ്ദ്ധചികിത്സാ സൗകര്യം, ഒ.പി.ചികിത്സാ സൗകര്യങ്ങളുടെ വിപുലീകരണം, കുടുംബഡോക്ടര്‍ തുടങ്ങിയവ ശ്രദ്ധേയം തന്നെയാണ്. ക്രമസമാധാനപാലനത്തില്‍ പോലീസ് സേനയുടെ നേട്ടങ്ങള്‍ സര്‍ക്കാര്‍ നിരത്തുന്നുണ്ടെങ്കിലും വിവാദങ്ങള്‍ക്കും വീഴ്ചകള്‍ക്കും യാതൊരു കുറവുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇത് സ്വയം തിരിച്ചറിയുകയും തിരുത്തുകയും വേണം.
സംസ്ഥാനത്തെ നിക്ഷേപക സൗഹൃദമാക്കുമെന്ന വാഗ്ദാനത്തോട് നീതിപുലര്‍ത്താനുളള ശ്രമം സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. നോക്കുകൂലി നിരോധിച്ച നടപടി അതിന് ദൃഷ്ടാന്തമാകുന്നുണ്ട്. പ്രായോഗികതലത്തില്‍ ഇത് പാലിക്കപ്പെടുകയും വേണം. അതിസങ്കീര്‍ണ്ണമായ സാമ്പത്തിക സങ്കീര്‍ണ്ണതകളിലൂടെ കടന്നുപോകുന്ന സംസ്ഥാനത്തിന് പുത്തന്‍ സാമ്പത്തിക നയങ്ങളുടെ പശ്ചാത്തലം കൂടുതല്‍ സാമ്പത്തിക വെല്ലുവിളികള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത് പല പദ്ധതികളെയും മന്ദഗതിയിലാക്കുന്നുണ്ടെങ്കിലും ധനവകുപ്പിന്റെ പ്രായോഗിക നടപടികള്‍ അവ ലഘൂകരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. ഇടതുസര്‍ക്കാരിന് തങ്ങളുടെ വാഗ്ദാനപൂര്‍ത്തീകരണത്തിന് ഇനിയും ഏറെ ദിനങ്ങള്‍ ബാക്കിയുണ്ട്. വീഴ്ചകള്‍ പാഠമാകണം. അവ തിരുത്താന്‍ തയ്യാറാവുകയും വേണം. എല്ലാം ശരിയാക്കുക എന്നത് വലിയ ലക്ഷ്യമാണ്. ആ ലക്ഷ്യപൂര്‍ത്തീകരണത്തിനുളള ശ്രമങ്ങള്‍ ഇനിയും അവിഘ്‌നം തുടരെട്ട

കേരളം വികസന മരവിപ്പില്‍ നിന്ന് മുക്തമായി – എളമരം കരീം

കേരളം വികസന രംഗത്ത് പുതിയ മുന്നേറ്റത്തിലേക്ക് എത്തിയിരിക്കുന്നുവെന്നു തന്നെയാണ് കരുതുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വികസന രംഗത്ത് നിലനിന്നിരുന്ന മുരടിപ്പിന് പരിഹാരമായിയെന്നു തന്നെയാണ് തെളിയുന്നത്. സംസ്ഥാനത്തിന്റെ നിക്ഷേപക സൗഹൃദ അന്തരീക്ഷം മെച്ചപ്പെട്ടത് കൂടുതല്‍ നിക്ഷേപകരെ ഇവിടേക്ക് ആകര്‍ഷിക്കുമെന്നു തന്നെയാണ് കരുതുന്നത്. മുടങ്ങിക്കിടന്ന പല പദ്ധതികളും ഇന്ന് പൂര്‍ത്തീകരിക്കുകയാണ്. നാഷണല്‍ ഹൈവേ വികസനത്തിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നമ്മെ നിരന്തരം പരിഹസിച്ചിരുന്നു. ഭൂമി ഏറ്റെടുത്തു നല്‍കുന്നതില്‍ നമ്മള്‍ വീഴ്ച വരുത്തിയെന്നതാണ് അതിനു കാരണം. ഇപ്പോള്‍ ഭൂമി ഏറ്റെടുക്കല്‍ പുരോഗമിക്കുകയാണ്. എല്‍.എന്‍.ജി.പദ്ധതിയുടെ പൈപ്പിടല്‍ കഴിഞ്ഞ യുഡിഎഫ് ഭരണത്തില്‍ മുടങ്ങിയിരുന്നു. ഇപ്പോള്‍ അത് പൂര്‍ത്തീകരണത്തിലെത്തി. പരിസ്ഥിതി സൗഹൃദ ഇന്ധനമെന്ന നിലയ്ക്കും വീടുകളില്‍ നേരിട്ട് ഗ്യാസ് എത്തിക്കുന്നതിലും വ്യാവസായിക ഉപയോഗത്തിലുമൊക്കെ വന്‍ നേട്ടമാണ് ഇതു വഴി ഉണ്ടാകുന്നത്. വിഴിഞ്ഞം പദ്ധതി, കൊച്ചി മെട്രോ,കൂടംകുളംവൈദ്യുതിലൈന്‍ ഇവയിലൊക്കെ വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. പുതിയ സംരംഭകര്‍ക്ക് അവസരമൊരുക്കുന്നതിലും സംരംഭം ആരംഭിക്കുന്നതിനുളള വ്യവസ്ഥകളില്‍ ഉദാരനയം കൊണ്ടുവന്നതിലുമൊക്കെ കേരളത്തെ നിക്ഷേപ സൗഹൃദമാക്കുകയെന്ന ലക്ഷ്യമാണുളളത്. നിക്ഷേപകര്‍ക്കു വിശ്വാസ്യതയുളള അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വിജയിച്ചിട്ടുണ്ടെന്നു തന്നെ പറയാം.

(ലേഖകന്‍ മുന്‍ വ്യവസായ മന്ത്രിയും സിഐടിയു സംസ്ഥാന നേതാവുമാണ്)

യുഡിഎഫ് തുടക്കമിട്ട പദ്ധതികളുടെ തുടര്‍ച്ച മാത്രം – എം.എം.ഹസ്സന്‍

കേരളത്തില്‍ വികസനമുരടിപ്പ് മാറി, നിക്ഷേപം വരുന്നുവെന്നു പറയുന്നത് വെറും പബ്ലിസിറ്റിമാത്രമാണ്. യഥാര്‍ത്ഥത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ തുടക്കമിട്ട വികസന പദ്ധതികളുടെ തുടര്‍ച്ച മാത്രമാണുണ്ടാകുന്നത്. വിഴിഞ്ഞം പദ്ധതിയും മെട്രോയുമെല്ലാം ഇത്തരം തുടര്‍ച്ച മാത്രമാണ്. അഴിമതി വിരുദ്ധമെന്നുപറയുന്നുണ്ടെങ്കിലും അഴിമതി വളരുകയാണുണ്ടായത്. യുഡിഎഫ് കൊണ്ടുവന്ന മദ്യനയം അട്ടിമറിച്ചത് തന്നെ വലിയ അഴിമതിയാണ്. സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നിരിക്കുന്നു. അക്രമവും കൊളളയും വര്‍ദ്ധിക്കുന്നു. സ്ത്രീ സുരക്ഷ മുമ്പില്ലാത്ത വിധം ചോദ്യം ചെയ്യപ്പെടുന്നു. വിദേശികള്‍ കൊലചെയ്യപ്പെടുന്നത് ടൂറിസം രംഗത്ത് തിരിച്ചടിയായിട്ടുണ്ട്. പോലീസ് വകുപ്പ് നിഷ്‌ക്രിയമാണ്. നോക്കുകൂലി നിരോധിച്ചെങ്കിലും അത് പ്രാവര്‍ത്തികമായിട്ടില്ല. ഇത് മുതലാളിമാര്‍ക്കു വേണ്ടി ചെയ്തതാണ്. നിക്ഷേപം വരുന്നുവെന്നത് കടലാസില്‍ മാത്രമുളളകാര്യമാണ്. സംസ്ഥാനത്ത് വിശ്വസിച്ച് നിക്ഷേപിക്കാനുളള സാഹചര്യമില്ലെന്നു തന്നെയാണ് കരുതുന്നത്.പുതിയ വ്യവസായങ്ങള്‍ വന്നാല്‍ മാത്രമെ പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുകയുളളൂ. തൊഴില്‍ രംഗം കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും വിരുദ്ധ നയങ്ങള്‍ മൂലം തകര്‍ന്നടിയുകയാണ്. വികസനമുരടിപ്പ് മാറിയെന്നത് സര്‍ക്കാരിന്റെ അവകാശവാദം മാത്രമാണ്.

(കെ.പി.സിസിയുടെ അദ്ധ്യക്ഷനാണ് ലേഖകന്‍)

സര്‍ക്കാര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഉണ്ടാകുന്നില്ല – ജോയ് ഫിലിപ്പ്

സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. അഴിമതി വിരുദ്ധമെന്ന പ്രഖ്യാപനത്തോടെയാണ് ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. എന്നാല്‍ അഴിമതിയ്‌ക്കെതിരെ എന്താണു ചെയ്തതെന്നും വിലയിരുത്തണം. സംസ്ഥാനത്തിന്റെ വ്യവസായരംഗത്ത് എത്രമാത്രം നിക്ഷേപം പുതിയതായി എത്തിയെന്നതും കണക്കിലെടുക്കണം. ചെറുകിട – ഇടത്തരം വ്യവസായ യൂണിറ്റുകള്‍, കച്ചവട സ്ഥാപനങ്ങള്‍ ….ഇവയൊക്കെ പൂട്ടിപോകുന്ന സാഹചര്യമാണുളളത്. പുതിയതായി തൊഴില്‍ സൃഷ്ടിക്കപ്പെടുന്നില്ല. ഉളള തൊഴില്‍ തന്നെ നിലനിര്‍ത്താനാവുന്നില്ല. പൊതുമേഖലയിലും സ്വകാര്യമേഖലയിലും ഇന്‍വെസ്റ്റ്‌മെന്റ് ഉണ്ടാകുന്നില്ല. ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ മാത്രമല്ല, കേന്ദ്രനടപടികളും പ്രതികൂലമായിട്ടുണ്ട്.
വ്യവസായം മാത്രമല്ല കാര്‍ഷിക രംഗവും തകര്‍ച്ചയിലാണ്. റബ്ബര്‍, കുരുമുളക്, കാപ്പി, ഏലം ഇവയൊക്കെ തിരിച്ചടി നേരിടുകയാണ്. വളര്‍ച്ചയുണ്ടെന്നതിന് തെളിവാകുന്നില്ല. ഇന്നത്തെ സാഹചര്യങ്ങള്‍ ശരിയായ ഇന്‍വെസ്റ്റ്‌മെന്റ് അടിസ്ഥാന മേഖലയില്‍ പോലും ഇല്ലെന്നതിന്റെ തെളിവാണ്. വേഗത്തില്‍ പടര്‍ന്നുപിടിക്കുന്ന രോഗങ്ങള്‍ ആരോഗ്യം, ശുചിത്വം തുടങ്ങിയ രംഗങ്ങളില്‍ ശരിയായ ഇന്‍വെസ്റ്റ്‌മെന്റ് ഇല്ലെന്നതിന്റെ തെളിവാണ്. എണ്ണവിലയിലെ വര്‍ദ്ധന കൂടുതല്‍ തിരിച്ചടിയ്ക്ക് കാരണമായേക്കാം. ചെലവ് വര്‍ദ്ധിക്കുമ്പോള്‍ നിക്ഷേപകര്‍ പിന്മാറും വളര്‍ച്ച സര്‍ക്കാര്‍ കണക്കുകളില്‍ മാത്രമായി ചുരുങ്ങുന്ന സാഹചര്യമാണുളളത്.

(ലേഖകന്‍ ബിസ്സിനസ്സ് ദീപികയുടെ എഡിറ്ററാണ്)