Capturing Business 360°

സകല സേവനങ്ങൾക്കും ചാർജ് ചുമത്തി എസ്ബിഐ; ബാങ്കിങ് കൊള്ളയ്ക്കെതിരെ കടുത്ത പ്രതിഷേധം

ന്യൂഏജ് ന്യൂസ്

ബാങ്കിംഗ് സേവനങ്ങള്‍ക്കായി വ്യാപകമായി ചാര്‍ജ്ജുകള്‍ ഏര്‍പ്പെടുത്തി തുടങ്ങിയിട്ട് കുറച്ചുകാലമായെങ്കിലും സേവനങ്ങളിലെ കാണാക്കണക്കുകളും കൊള്ളകളും പലതും ആളുകള്‍ തിരിച്ചറിഞ്ഞ് വരുന്നതേയുള്ളു. നോട്ട് നിരോധനസമയത്ത് എടി‌എം ഉപയോഗത്തിന്റെ നിരക്കുകള്‍ വലിയ ചര്‍ച്ചയാകുകയും ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് ബാങ്കുകള്‍ നിരക്ക് കുറയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ തന്റെ അക്കൌണ്ടില്‍ നിന്നും 59 രൂപ നഷ്ടപ്പെട്ട ഒരു എസ്.ബി.ഐ. അക്കൌണ്ട് ഉടമ കാര്യമറിയാനായി ബാങ്കിന്റെ സര്‍വ്വീസ് സെന്ററിലേക്കു വിളിച്ചതിന്റെ ഓഡിയോ ക്ലിപ്പാണ് പലരും ശ്രദ്ധിക്കാതെപോയ ഒരു നിരക്കിനെക്കുറിച്ചും പൊതുജനശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുള്ളത്.

സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായ പ്രചരണവും പ്രതിഷേധവുമാണ് ഈ ഓഡിയോ ക്ലിപ്പ് ഉയര്‍ത്തുന്നത്. സ്വന്തം അക്കൌണ്ടിലേക്ക് ബ്രാഞ്ചുകള്‍ വഴി മൂന്നിലധികം തവണ പണം ഇട്ടാലോ രണ്ടിലധികം തവണ പണം പിന്‍‌വലിച്ചാലോ 59 രൂപ പിഴ ചുമത്തുകയാണ് ബാങ്കുകള്‍ എന്ന് വെളിപ്പെടുത്തുകയാണ് ഈ ഓഡിയോ ക്ലിപ്പ്. എസ്.ബി.ഐ ബാങ്കിംഗ് സേവനങ്ങള്‍ക്കായി നിരക്ക് വര്‍ദ്ധന നടപ്പാക്കിയത് ഏകദേശം ഒരു വര്‍ഷത്തിനു മുന്‍പാണ്. ഇത്ര കാലമായിട്ടും എ.ടി.എം ഇടപാടുകള്‍ക്കും മിനിമം ബാലന്‍സ് ഇല്ലാത്തതിനും ചുമത്തുന്ന ഫീസ്‌ ഒഴികെയുള്ള മറ്റു നിരക്കുകളെപ്പറ്റി ഇപ്പോഴും ഉപഭോക്താക്കള്‍ക്ക്‌ വലിയ ധാരണയൊന്നും ഇല്ല എന്നതാണ് വാസ്തവം. മുഷിഞ്ഞ നോട്ടുകള്‍ മാറി എടുക്കുന്നതിനു തൊട്ട് മൂന്നില്‍ കൂടുതല്‍ തവണ പണം അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിനു വരെ എസ്.ബി.ഐ അധിക ചാര്‍ജ്ജ് ഈടാക്കുന്നു. മൂന്നു തവണയില്‍ കൂടുതല്‍ പണം നിക്ഷേപിച്ചാല്‍ 50 രൂപയും ജിഎസ്ടിയും ചേര്‍ത്ത് 59 രൂപയാണ് എസ്.ബി.ഐ ഈടാക്കുന്നത്. എത്ര കുറഞ്ഞ തുക അക്കൗണ്ടില്‍ നിക്ഷേപിച്ചാലും ഓരോ തവണയും 59 രൂപ ചാര്‍ജ്ജ് ആയി നല്‍കേണ്ടി വരും. അതായത്, നാലാമത്തെ തവണ 10 രൂപയാണ് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതെങ്കിലും 59 രൂപ ബാങ്കിന് നല്‍കണമെന്ന് ചുരുക്കം.

സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കണമെങ്കിലും ബാങ്ക് പണം ഈടാക്കും. രണ്ടു തവണ മാത്രമേ ബ്രാഞ്ചുകള്‍ വഴി അക്കൗണ്ടില്‍ നിന്ന് സൗജന്യമായി പണം പിന്‍വലിക്കാന്‍ ബാങ്ക് അനുവദിക്കുന്നുള്ളൂ. മൂന്നാമത് പണം എടുക്കണമെങ്കില്‍ 50 രൂപയും ജിഎസ്ടിയും ചേര്‍ത്ത് 59 രൂപ കൊടുക്കണം. എന്നാല്‍ അക്കൌണ്ടിലെ പ്രതിമാസ ബാലന്‍സ് തുക അധികമായവര്‍ക്ക് ഇതില്‍ ഇളവുകളുണ്ട്. പ്രതിമാസ ബാലന്‍സ് തുക 25,000 ത്തിനു മുകളില്‍ ആണെങ്കില്‍ 10 തവണയും 50,000 ത്തിനു മുകളില്‍ ആണെങ്കില്‍ 15 തവണയും ചാര്‍ജ്ജില്ലാതെ പണം എടുക്കാന്‍ സാധിക്കും. ഒരു ലക്ഷത്തിനു മുകളില്‍ പ്രതിമാസ ബാലന്‍സ് ഉള്ളവര്‍ക്ക് എല്ലാ പിന്‍‌വലിക്കലും സൌജന്യമായി ചെയ്യാം. ചുരുക്കത്തില്‍ വലിയ ബാങ്ക് ബാലന്‍സുകള്‍ ഇല്ലാത്ത ബഹുഭൂരിപക്ഷം സാധാരണക്കാര്‍ക്കും ബാങ്കിംഗ് സേവനത്തിനായി വലിയ നിരക്കുകള്‍ നല്‍കേണ്ടിവരുമെന്ന് സാരം. ഇതിന്‍റെ വിവരങ്ങള്‍ എസ്.ബി.ഐയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.

എന്നാല്‍ കാഷ് ഡെപ്പോസിറ്റ് മെഷീന്‍ വഴിയോ നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ് എന്നിവ വഴിയോ അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് നിലവില്‍ ചാര്‍ജ്ജുകള്‍ ചുമത്തിയിട്ടില്ല. അപ്പോഴും ഇത്തരം സൌകര്യങ്ങള്‍ ഉപയോഗിക്കാനാകാത്ത സാധാരണക്കാര്‍ക്കാണ് പിഴശിക്ഷ. ഓഡിയോ ക്ലിപ്പ് എസ്.ബി.ഐ. യെക്കുറിച്ചാണെങ്കിലും മറ്റു പൊതുമേഖലാ-സ്വകാര്യബാങ്കുകളിലും ഇതേ കഴുത്തറപ്പന്‍ സമീപനം തന്നെയാണെന്നു വിശദമാക്കുന്ന മറ്റൊരു സോഷ്യല്‍ മീഡിയ സന്ദേശവും എസ്.ബി.ഐ. ബാങ്കുമായി ബന്ധപ്പെട്ടവരില്‍ നിന്നും പ്രചരിക്കുന്നുണ്ട്. എസ്.ബി.ഐ. യെ ടാര്‍ഗറ്റ് ചെയ്യുന്നത് പൊതുമേഖലയെ തകര്‍ക്കാനാണെന്നും സര്‍ക്കാര്‍ നയത്തിനെതിരെ പ്രതിഷേധിക്കാനുമാണ് ഈ സന്ദേശത്തിലെ ആഹ്വാനം.

ഫെഡറല്‍ ബാങ്ക്, കാനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് പോലുള്ള പൊതു ബാങ്കുകളിലേയും എച്ച്‌.ഡി.എഫ്.സി. പോലുള്ള സ്വകാര്യ ബാങ്കുകളിലേയും അക്കൗണ്ട് ഉടമ സ്വന്തം അക്കൌണ്ടിലേക്ക് പണം നിക്ഷേപിക്കുന്നതിനുള്ള പരിധികളും ചാര്‍ജ്ജുകളും വിശദീകരിച്ചുകൊണ്ടാണ് ഈ സന്ദേശം. എന്നാല്‍ അതില്‍ നിന്നും തന്നെ മറ്റുള്ളവയേക്കാള്‍ കൂടുതലാണ് എസ്.ബി.ഐ.യുടെ നിരക്കുകളെന്നും വ്യക്തമാകുന്നുണ്ട്. സ്വകാര്യ ബാങ്കുകളെപ്പോലെ ജനങ്ങളെ കൊള്ളയടിക്കാന്‍ തന്നെയാണോ രാജ്യത്തിന്റെ സ്റ്റേറ്റ് ബാങ്ക് എന്ന ചോദ്യവും അതുയര്‍ത്തുന്നു.