Capturing Business 360°

രാജ്യത്തെ ലോജിസ്റ്റിക്‌സ് മേഖലയില്‍ 30 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടേക്കും

ന്യൂഏജ് ന്യൂസ്

ന്യൂഡല്‍ഹി: രാജ്യത്ത് ചരക്കുഗതാഗത (ലോജിസ്റ്റിക്‌സ്) മേഖലയില്‍ 2022-ഓടെ 30 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടേക്കും. തൊഴില്‍ മേഖലയില്‍ സേവനങ്ങള്‍ നല്‍കുന്ന ടീം ലീസിന്റേതാണ് കണ്ടെത്തല്‍. കൊച്ചിയിലും തിരുവനന്തപുരത്തും 2022-ഓടെ ഒരു ലക്ഷം വീതം പുതിയ തൊഴിലവസരങ്ങള്‍ ഈ രംഗത്തുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

നിലവില്‍ അഞ്ചു ലക്ഷം പേരാണ് കൊച്ചിയില്‍ ചരക്കുഗതാഗത രംഗത്ത് പ്രവര്‍ത്തിക്കുന്നത്. 2022-ഓടെ ഇത് ആറു ലക്ഷത്തിലെത്തുമെന്നാണ് കരുതുന്നത്. തിരുവനന്തപുരത്താകട്ടെ, രണ്ടു ലക്ഷത്തില്‍ നിന്ന് മൂന്നു ലക്ഷമായി ഉയരും.

റോഡ് മാര്‍ഗമുള്ള ചരക്കുനീക്കത്തിനായി മാത്രം രാജ്യത്ത് 19 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാകും. ഈ രംഗത്തെ പുതിയ തൊഴിലവസരങ്ങളുടെ 63 ശതമാനം വരുമിത്. ജല മാര്‍ഗത്തിലൂടെയും വായുമാര്‍ഗത്തിലൂടെയുമുള്ള ചരക്കുനീക്കത്തിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടേക്കും.

ഇപ്പോള്‍ 1.09 കോടി ആളുകളാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. ഇത് 1.39 കോടിയായി ഉയരുമെന്നാണ് കണക്ക്. മുന്‍നിര നഗരങ്ങളിലാകും പ്രധാനമായും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. ഇ-കൊമേഴ്‌സ് അധിഷ്ഠിത ലോജിസ്റ്റിക്‌സ് മേഖലയില്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ പുതിയതായി സൃഷ്ടിക്കപ്പെടുമെന്നാണ് അനുമാനം.