Capturing Business 360°

രാജ്യത്തെ ആദ്യ ഉല്ലാസയാത്ര കപ്പല്‍ സർവീസിന് മുംബൈയില്‍ തുടക്കമായി

ന്യൂഏജ് ന്യൂസ്

രാജ്യത്തെ ആദ്യ ഉല്ലാസയാത്ര കപ്പല്‍ സര്‍വീസ് മുംബൈയില്‍ നിന്നും ഗോവയിലേക്ക് ആരംഭിച്ചു. ആന്‍ഗ്രിയ എന്ന കപ്പലാണ് പരീക്ഷണാര്‍ത്ഥം മുംബൈ പോര്‍ട്ടില്‍ നിന്നും യാത്ര തിരിച്ചു യാത്രക്കാരുമായി ഗോവയിലെത്തിയത്. മുംബൈ പോര്‍ട്ട് ട്രസ്റ്റും ആന്‍ഗ്രിയ സീ ഈഗിള്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്ബനിയും ചേര്‍ന്നാണ് സേവനത്തിന് തുടക്കമിട്ടിരിക്കുന്നത് .ഡാന്‍സ് ഫ്ലോറും നീന്തല്‍ക്കുളവും അടക്കം ഒട്ടേറെ സൗകര്യങ്ങളുള്ള കപ്പലില്‍ 400 പേര്‍ക്ക് സഞ്ചരിക്കാനാകും.

മുംബൈയില്‍നിന്ന് വിനോദസഞ്ചാര കേന്ദ്രമായ ഗോവയിലേക്കുളള യാത്ര ഉല്ലാസപ്രദമാക്കുക എന്നതിനൊപ്പം കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്‌ഷ്യം കൂടി ഈ പദ്ധതിക്കുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലിനു സമാനമായ സൗകര്യങ്ങളാണു കപ്പലിലുണ്ടാകുക. മുംബൈയില്‍നിന്നു ട്രെയിനില്‍ ഗോവയിലെത്താന്‍ എ‍‍ട്ടുമുതല്‍ പത്തുമണിക്കൂര്‍ വരെ എടുക്കുമെന്നിരിക്കെ കപ്പല്‍ 16 മണിക്കൂറാണ് എടുക്കുന്നത്. കൂടാതെ ഒരാള്‍ക്ക് 7000 രൂപയാണു ടിക്കറ്റ് നിരക്കെന്നു മുംബൈ പോര്‍ട്ട് ട്രസ്റ്റ് അറിയിച്ചു.

ശീതികരിച്ച കോച്ചില്‍ ട്രെയിനില്‍ ഗോവയിലെത്താന്‍ ഏകദേശം 2600 രൂപയാണ് ചെലവ്. വോള്‍വോ ബസ്സുകള്‍ 1000 മുതല്‍ 2500 വരെ ചാര്‍ജ് ഈടാക്കുന്നുണ്ട്. വിമാന യാത്രക്കും 3500 മുതല്‍ 7000 രൂപയാണ് ചിലവ് കണക്കാക്കുന്നത്.