Capturing Business 360°

പതിനഞ്ചാം ധനകാര്യകമ്മിഷന്‍ മെയ് 28ന് കേരളത്തിൽ; സംസ്ഥാനത്തിന്റെ സാമ്പത്തികനില വിശദമായി അവലോകനം ചെയ്യും

ന്യൂഏജ് ന്യൂസ്

തിരുവനന്തപുരം: എന്‍.കെ.സിംഗിന്റെ നേതൃത്വത്തിലുള്ള പതിനഞ്ചാം ധനകാര്യകമ്മിഷന്‍ 28 മുതല്‍ നാല് ദിവസം കേരളം സന്ദര്‍ശിക്കും. സംസ്ഥാനത്തിന്റെ സാമ്പത്തികനില അവലോകനം ചെയ്യുന്ന കമ്മിഷന്‍ സാമൂഹ്യ,സാമ്പത്തിക രംഗങ്ങളില്‍ കേരളം കൈവരിച്ച പുരോഗതി വിലയിരുത്തും. കമ്മിഷന്റെ ദക്ഷിണേന്ത്യയിലെ ആദ്യ സന്ദര്‍ശനമാണ്‌ കേരളത്തിലേത്. മുഖ്യമന്ത്രി, മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വാണിജ്യ- വ്യവസായ മേഖലകളിലം വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തും. നഗര, പ്രാദേശിക ഭരണകൂടങ്ങളുമായും പഞ്ചായത്തീരാജ് സ്ഥാപനങ്ങളുമായും ആശയവിനിമയം നടത്തും. കമ്മിഷന്‍ അംഗങ്ങളായ ശക്തികാന്ത ദാസ്, ഡോ.അനൂപ് സിംഗ്, ഡോ.അശോക് ലാഹിരി, ഡോ.രമേശ് ചന്ദ് തുടങ്ങിയവരും സെക്രട്ടറി അരവിന്ദ്‌ മേത്ത മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഘത്തിലുണ്ടാകും. കേരളത്തെ കുറിച്ചുള്ള വിശദാംശങ്ങളൊക്കെ ഡല്‍ഹിയില്‍ വച്ച്‌ കേരളത്തിലെ അക്കൗണ്ടന്റ് ജനറലില്‍ നിന്ന് കമ്മിഷന്‍ ശേഖരിച്ചു കഴിഞ്ഞു.

എ.ജിയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ പത്താമത്തെ വലിയ സമ്പദ്ഘടനയാണ്‌ കേരളത്തിന്റേത്. ഇന്ത്യയുടെ ജി.ഡി.പിയില്‍ 4.2% വിഹിതം കേരളത്തിന്റെ സംഭാവനയാണ്. 2016-17ല്‍ സ്ഥിരവിലയില്‍ കേരളത്തിന്റെ ജി.എസ്.ഡി.പി. വളര്‍ച്ചാനിരക്ക് 7.4%ആണ്. ഉയര്‍ന്ന നിരക്കിലുള്ള ജി.എസ്.ഡിപിയും ആളോഹരി വരുമാനവുമുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ്‌ കേരളം . കാര്‍ഷിക, ഉല്പാദന മേഖലകളില്‍ വേണ്ടത്ര പുരോഗതിയില്ലാത്ത സാഹചര്യത്തില്‍ സേവനമേഖലയാണ്‌ കേരളത്തിന്റെ സമ്ബദ്ഘടനയെ താങ്ങിനിറുത്തുന്നത്. പ്രവാസി ഇന്ത്യക്കാരുടെ വരുമാനം കേരളത്തിന്റെ സമ്ബദ്ഘടനയില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. കുടിയേറ്റവും കുടിയേറ്റക്കാരുടെ വരുമാനവും കേരളത്തിന്റെ സമ്ബദ്ഘടനയെ സുസ്ഥിരമായി തുടര്‍ന്നും നിര്‍ത്തുന്നു. വിദേശ വരുമാനത്തില്‍ എന്തെങ്കിലും കുറവുണ്ടായാല്‍ കേരളത്തിലെ വ്യാപാര, റിയല്‍ എസ്‌റ്റേറ്റ്, നിര്‍മ്മാണ മേഖലകളും ദുര്‍ബലമാകും. വികസന സൂചികകളായ ദാരിദ്ര്യാനുപാതം, ആരോഗ്യ മാനദണ്ഡങ്ങള്‍, വിദ്യാഭ്യാസ മാനദണ്ഡങ്ങള്‍, ആളോഹരി വരുമാനം എന്നിവയിലും കേരളം മുന്നിലാണ്.

പ്രവൃത്തിയെടുക്കാന്‍ കഴിയുന്ന 15- 59 വയസില്‍പ്പെട്ടവരുടെ വളര്‍ച്ചാനിരക്ക് കുറഞ്ഞ നിരക്കിലാണ്. ആയുര്‍ദൈര്‍ഘ്യം കൂടിയതിനാലും മികച്ച ആരോഗ്യ പരിരക്ഷ കാരണവും 60 വയസിന് മുകളില്‍ പ്രായമുള്ളവരുടെ എണ്ണം സമീപഭാവിയില്‍ കൂടും. സാക്ഷരത കൂടുതലാണെങ്കിലും ആനുപാതികമായി വിദ്യാഭ്യാസത്തിന്റെ പരിണിതഫലമില്ല. കേരളത്തിന്റെ പൊതുഗതാഗതത്തില്‍ മുഖ്യപങ്ക് വഹിക്കുന്നത് സ്വകാര്യ വാഹനങ്ങളാണ്. എന്നാല്‍ ആന്ധ്ര, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ പൊതുഗതാഗതത്തില്‍ സ്വകാര്യവാഹനങ്ങള്‍ കുറവാണെങ്കില്‍ കേരളത്തില്‍ ആകെയുള്ള വാഹനങ്ങളുടെ നാലില്‍ മൂന്നും സ്വകാര്യവാഹനങ്ങളാണ്.