Capturing Business 360°

ഹ്യുണ്ടായി എലൈറ്റ് i20 സിവിടി ഇന്ത്യന്‍ വിപണിയിൽ അവതരിപ്പിച്ചു

ന്യൂഏജ് ന്യൂസ്

എലൈറ്റ് i20 സിവിടി ഓട്ടോമാറ്റിക് പതിപ്പിനെ ഹ്യുണ്ടായി ഇന്ത്യയില്‍ അവതരിപ്പിച്ചു. മാഗ്‌ന, ആസ്റ്റ എന്നീ രണ്ടു വകഭേദങ്ങളില്‍ എലൈറ്റ് i20 സിവിടി പതിപ്പു ലഭ്യമാകും. 7.04 ലക്ഷം രൂപയാണ് എലൈറ്റ് i20 മാഗ്‌ന സിവിടിയുടെ വില. അതേസമയം എലൈറ്റ് i20 ആസ്റ്റ സിവിടിക്ക് വില 8.16 ലക്ഷം രൂപയാണ് വിലകള്‍ ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തിയാണ്. ബലെനോ സിവിടിയെക്കാളും നേരിയ വിലക്കുറവിലാണ് പുതിയ ഹ്യുണ്ടായി എലൈറ്റ് i20 സിവിടിയുടെ വരവ്.

ബലെനോ സിവിടിക്ക് 7.1 ലക്ഷം മുതലാണ് വില തുടങ്ങുന്നത്. മറ്റൊരു എതിരാളി ഹോണ്ട ജാസ് സിവിടിക്ക് വില 7.71 ലക്ഷം രൂപ മുതലും. പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് പുതിയ എലൈറ്റ് i20 സിവിടി വകഭേദങ്ങള്‍ ലഭ്യമാവുക. 1.2 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് എലൈറ്റ് i20 ഫെയ്‌സ്‌ലിഫ്റ്റില്‍. 83 bhp കരുത്തും 114 Nm torque എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും. അഞ്ചു സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഇനി മുതല്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.

അതേസമയം 89 bhp കരുത്തും 219 Nm torque സൃഷ്ടിക്കുന്ന 1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ പതിപ്പില്‍ ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സിനുള്ളത്. എബിഎസും എയര്‍ബാഗുകളും എലൈറ്റ് i20 ഫെയ്‌സ്‌ലിഫ്റ്റില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.പുതിയ സിവിടി വകഭേദങ്ങളുടെ ബുക്കിംഗ് രാജ്യത്തുടനീളമുള്ള ഹ്യുണ്ടായി ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചു. മോഡലിന്റെ വിതരണം ഉടന്‍ ആരംഭിക്കുമെന്ന് ഡീലേഴ്‌സ് അറിയിച്ചു. എലൈറ്റ് i20 മാനുവല്‍ പതിപ്പിലുള്ള ഫീച്ചറുകളെല്ലാം ഒന്നു പോലും വിട്ടുപോകാതെ സിവിടി പതിപ്പില്‍ ഇടംപിടിച്ചിട്ടുണ്ട്.

പുറംമോഡിയിലും അകത്തളത്തിലും ശ്രദ്ധേയമായ മാറ്റങ്ങള്‍ വരുത്തിയാണ് എലൈറ്റ് i20 ഫെയ്‌സ്‌ലിഫ്റ്റിനെ കമ്ബനി ഇന്ത്യയില്‍ കൊണ്ടുവന്നത്. വലിയ ഹെക്‌സഗണല്‍ ഗ്രില്‍ ഘടനയ്ക്ക് ഇടംനല്‍കാന്‍ വേണ്ടി പഴയ ശൈലിയെ ഹ്യുണ്ടായി പൂര്‍ണമായും ഉപേക്ഷിച്ചു. പിന്നിലേക്ക് ഇറങ്ങി ഒരുങ്ങിയ ‘ടൂ പീസ്’ ടെയില്‍ലാമ്ബുകള്‍, 16 ഇഞ്ച് അലോയ് വീലുകള്‍, ഇരട്ടനിറം എന്നിങ്ങനെ നീളുന്നതാണ് പുതിയ എലൈറ്റ് i20 ഫെയ്‌സ്‌ ലിഫ്റ്റിന്റെ വിശേഷങ്ങള്‍. ആറു നിറങ്ങളിലാണ് മോഡല്‍ വിപണിയിലെത്തുന്നത്.