Capturing Business 360°

പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം കുതിച്ചുയരുന്നു; രാജ്യത്തെ 26 ബാങ്കുകൾക്ക് ആകെ കിട്ടാനുള്ളത് 7.31 ലക്ഷം കോടി, പൊതുമേഖലാ ബാങ്കുകളുടെ മാത്രം കിട്ടാക്കടം 6 ലക്ഷം കോടി രൂപയ്ക്കും മുകളിൽ

ന്യൂഏജ് ന്യൂസ്

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം വന്‍ തോതില്‍ കുതിച്ചുയരുന്നു. 2017 -18 സാമ്പത്തീക വര്‍ഷത്തിലെ അവസാന ക്വര്‍ട്ടറില്‍ [ജനുവരി – മാര്‍ച്ച്‌] 26 ബാങ്കുകളുടെ മൊത്തം കിട്ടാക്കടം 7 .31 ലക്ഷം കോടിയായി ഉയര്‍ന്നു. ഇതില്‍ പൊതുമേഖലാ ബാങ്കുകളുടെ മാത്രം കിട്ടാക്കടം 6 .16 ലക്ഷം കോടിയാണ്. ഏറ്റവും ആശങ്കയുണര്‍ത്തുന്ന കാര്യം കിട്ടാക്കടത്തിലെ കുതിച്ചു കയറ്റമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മാത്രം 2 .5 ലക്ഷം കോടിയുടെ വര്‍ധനയാണ് ഉണ്ടായത്. കെയര്‍ റേറ്റിംഗ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം പൊതുമേഖലാ ബാങ്കുകളുടെ നെറ്റ് എന്‍ പി എ 11 ശതമാനത്തില്‍ നിന്നും 13 .41 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്.

ഈ പ്രതികൂല സാഹചര്യം മൂലം ബാങ്കുകള്‍ കിട്ടാക്കടത്തിനായി വലിയ തുകകള്‍ മാറ്റി വയ്‌ക്കേണ്ടി വരുന്നു. ഇത് മിക്ക ബാങ്കുകളും കനത്ത നഷ്ടത്തിലേക്ക് വഴുതി വീഴുന്നതിനും ഇടയാക്കിയിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നഷ്‌ടമായ 7718 കോടി രേഖപ്പെടുത്തി. പഞ്ചാബ് നാഷണല്‍ ബാങ്കിലും കാനറാ ബാങ്കിലും കിട്ടാക്കടം വന്‍ ആശങ്ക ഉളവാക്കുന്ന വിധത്തിലാണ്. പഞ്ചാബ് നാഷണല്‍ ബാങ്ക് ജനുവരി – മാര്‍ച്ച്‌ കാലയളവില്‍ 13,000 കോടി രൂപയുടെ നഷ്ടം കാണിച്ചിരുന്നു.

തട്ടിപ്പ് നടത്തി കോടികള്‍ അടിച്ചു മാറ്റുന്നത് മൂലം ഇവ തിരിച്ചു പിടിക്കാനുള്ള സാധ്യത വിരളമാണ്. അതുകൊണ്ട് ഇതില്‍ നല്ല പങ്കും എഴുതി തള്ളേണ്ടി വരും.