Capturing Business 360°

തോന്നുന്ന സമയത്ത് വിമാനം പറത്തിയിരുന്ന കമ്പനികൾക്ക് തിരിച്ചടി; വിമാനം വൈകിയാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നൽകണമെന്ന നിർദ്ദേശവുമായി കേന്ദ്രസർക്കാർ

ന്യൂഏജ് ന്യൂസ്

ദില്ലി: വിമാന സര്‍വ്വീസ് റദ്ദാക്കുകയോ വൈകുകയോ ചെയ്താല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. വിമാനയാത്രക്കാരുടെ അവകാശപത്രികയുടെ ആദ്യ കരടിലാണ് കേന്ദ്രം നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ടിക്കറ്റ് ബുക്ക് ചെയ്ത് ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ചാര്‍ജ് ഇല്ലാതെ റദ്ദാക്കാന്‍ യാത്രക്കാരെ അനുവദിക്കും. യാത്രയ്ക്ക് തൊണ്ണൂറ്റിയാറ് മണിക്കൂര്‍ മുമ്ബ് വരെയാകും ഈ സൗകര്യം നല്കുക. യാത്രയ്ക്ക് രണ്ടാഴ്ച മുതല്‍ ഇരുപത്തിനാല് മണിക്കൂര്‍ വരെയുള്ള സമയത്തിനിടയില്‍ വിമാനം റദ്ദായത് അറിയിക്കുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് നിശ്ചയിച്ച സമയത്തിന് രണ്ടു മണിക്കൂറിനുള്ളില്‍ മറ്റൊരു വിമാനത്തില്‍ ടിക്കറ്റ് നല്കണം. അത് യാത്രക്കാര്‍ക്ക് സ്വീകാര്യമല്ലെങ്കില്‍ പണം തിരികെ നല്കണം.

വിമാനം വൈകുന്നത് 24 മണിക്കൂര്‍ മുമ്ബ് അറിയിക്കുകയും വിമാനം 4 മണിക്കൂര്‍ വൈകുകയും ചെയ്താല്‍ ടിക്കറ്റ് നിരക്ക് പൂര്‍ണ്ണമായും മടക്കി നല്‍കണം. ആദ്യ വിമാനം മൂന്ന് മണിക്കൂര്‍ വൈകിയതു കൊണ്ട് കണക്ഷന്‍ വിമാനം വൈകിയാല്‍ മൂവായിരം രൂപ യാത്രക്കാര്‍ക്ക് നല്കണം. നാലു മുതല്‍ 12 മണിക്കൂറിന് പതിനായിരം രൂപയും അതിനു മുകളിലെങ്കില്‍ 20000 രൂപയും നല്കണം.

അടിസ്ഥാന നിരക്ക് ഇന്ധന സര്‍ചാര്‍ജ് എന്നിവ ചേര്‍ന്നുള്ളതിനെക്കാള്‍ കൂടുതല്‍ തുക റദ്ദാക്കുന്നതിന്‍റെ ചാര്‍ജജായി ഈടാക്കരുത്. വിമാനം ടേക്ക് ഓഫ് ചെയ്യുന്നത് മുതല്‍ വൈഫൈ സംവിധാനം നല്കാമെന്നും മൊബൈല്‍ സൗകര്യം 3000 മീറ്ററിനു മുകളിലേ നല്കാവൂ എന്നും കരട് പത്രിക നിര്‍ദ്ദേശിക്കുന്നു. രണ്ടു മാസത്തില്‍ ഇത് നടപ്പാക്കാനാണ് ലക്ഷ്യമെന്നും വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ അറിയിച്ചു.