Capturing Business 360°

ആഗോള വിപണികളിലെ ചലനം ഇന്ത്യൻ ഓഹരിവിപണിയെയും സമ്മർദ്ദത്തിലാക്കി; സെന്‍സെക്‌സ് 306 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

ന്യൂഏജ് ന്യൂസ്

മുംബൈ: കനത്ത വില്പന സമ്മര്‍ദത്തില്‍ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 306.33 പോയന്റ് താഴ്ന്ന് 34344.91ലും നിഫ്റ്റി 106.30 പോയന്റ് നഷ്ടത്തില്‍ 10430.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മിഡ്ക്യാപ് സൂചിക 100ലേറെ പോയന്റും താഴ്ന്നു.

ബിഎസ്‌ഇയിലെ 1121 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1534 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. എസ്ബിഐ, ടെക് മഹീന്ദ്ര, സിപ്ല, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, എംആന്റ്‌എം തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
വേദാന്ത, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, ഡോ.റെഡ്ഡീസ് ലാബ്, ഹിന്‍ഡാല്‍കോ, ഐടിസി, റിലയന്‍സ്, ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, എച്ച്‌സിഎല്‍ ടെക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, ലുപിന്‍, ഏഷ്യന്‍ പെയിന്റ്‌സ്, ആക്‌സിസ് ബാങ്ക്, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ട്ത്തിലുമാണ് ക്ലോസ് ചെയ്തത്.

യുഎസ്-ചൈന വ്യാപാര ചര്‍ച്ചകളില്‍ സംതൃപ്തിയില്ലെന്ന ട്രംപിന്റെ പ്രസ്താവനയെതുടര്‍ന്ന് ആഗോള വിപണികള്‍ നഷ്ടത്തിലായിരുന്നു ക്ലോസ് ചെയ്തത്. ഇതാണ് ആഭ്യന്തര സൂചികകളെ സ്വാധീനിച്ചത്.