Capturing Business 360°

ഹോണ്ട അമേസ് ഇന്ത്യയില്‍: വില 5.60 ലക്ഷം രൂപ മുതല്‍

ന്യൂഏജ് ന്യൂസ്

ഹോണ്ട അമേസ് ഇന്ത്യയില്‍ പുറത്തിറങ്ങി. പുതിയ ഹോണ്ട അമേസിന്റെ എക്‌സ്‌ഷോറൂം വില 5.60 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. 2018 ഓട്ടോ എക്‌സ്‌പോയിലാണ് രണ്ടാം തലമുറ അമേസിനെ ഇന്ത്യ ആദ്യം കണ്ടത്. മൂന്നു മാസങ്ങള്‍ക്ക് ഇപ്പുറം അമേസ് വിപണിയിലും എത്തി.

E, S, V, VX എന്നിങ്ങനെ നാലു വകഭേദങ്ങളാണ് അമേസില്‍. പരിഷ്‌കരിച്ച രൂപവും പുതുമയാര്‍ന്ന ഫീച്ചറുകളുമാണ് പുതിയ അമേസിന്റെ പ്രധാന ആകര്‍ഷണം. 5.60 ലക്ഷം രൂപ മുതല്‍ അമേസ് പെട്രോള്‍ പതിപ്പുകളുടെ ദില്ലി എക്‌സ്‌ഷോറൂം വില ആരംഭിക്കും. ഡീഡല്‍ പതിപ്പുകള്‍ക്ക് വില 6.69 ലക്ഷം രൂപ മുതലും. പുതിയ അമേസിന്റെ വരവ് നിലവിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളിലാണ്. പെട്രോള്‍ എഞ്ചിന്‍ 6,000 rpm ല്‍ 89 bhp കരുത്തും 4,800 rpm ല്‍ 110 Nm ടോര്‍ക്കും പരമാവധി ഉത്പാദിപ്പിക്കുമ്ബോള്‍ 3,600 rpm 99 bhp കരുത്തും 1,500 rpm ല്‍ 200 Nm ടോര്‍ക്കും ഡീസല്‍ എഞ്ചിന് സൃഷ്ടിക്കുന്നു. അഞ്ചു സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ കാറില്‍ ഒരുങ്ങുന്നു.

905 കിലോയ്ക്കും 1039 കിലോയ്ക്കും ഇടയിലാണ് ഭാരം. 19.5 കിലോമീറ്റര്‍ മൈലേജ് പുതിയ അമേസ് പെട്രോള്‍ കാഴ്ചവെക്കുമെന്ന് ഹോണ്ട പറയുന്നു. അമേസ് ഡീസല്‍ നല്‍കുക 27.8 കിലോമീറ്റര്‍ മൈലേജുമാണ്.

അഞ്ചു നിറങ്ങളാണ് അമേസില്‍; വൈറ്റ് ഓര്‍ക്കിഡ് പേള്‍, റേഡിയന്റ് റെഡ്, ലുണാര്‍ സില്‍വര്‍ മെറ്റാലിക്, ഗോള്‍ഡന്‍ ബ്രൗണ്‍ മെറ്റാലിക്, മോഡേണ്‍ സ്റ്റീല്‍ മെറ്റാലിക് നിറങ്ങളില്‍ അമേസ് വിപണിയില്‍ എത്തുന്നു. 7.0 ഇഞ്ച് ഡിജിപാട് 2.0 ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം അകത്തളത്തില്‍ ലഭ്യമാണ്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഫീച്ചറുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തില്‍ ലഭ്യമാണ്.