Capturing Business 360°

റോഡപകടങ്ങള്‍ കുറയ്ക്കാനുള്ള കര്‍മ്മപദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍; സെയ്ഫ് കേരള പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് റോഡപകടങ്ങള്‍ 50 ശതമാനമായി കുറയ്ക്കാൻ

ന്യൂഏജ് ന്യൂസ്

സംസ്ഥാനത്ത് കൂടിക്കൂടി വരുന്ന റോഡപകടങ്ങള്‍ കുറയ്ക്കാനുള്ള കര്‍മ്മപദ്ധതിയുടെ ഭാഗമായി സെയ്ഫ് കേരള പദ്ധതിയുമായി സര്‍ക്കാര്‍. വരും വര്‍ഷങ്ങളില്‍ റോഡപകടങ്ങള്‍ 50 ശതമാനമായി കുറയ്ക്കാനാണ് സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. ഇതിനായി മോട്ടോര്‍ വാഹന വകുപ്പ്, ജലഗതാഗത വകുപ്പ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, പൊലീസ്, കെഎസ്‌ഇബി, എക്‌സൈസ് എന്നീ വകുപ്പുകളെ ഏകോപിപ്പിച്ച്‌ ബോധവത്ക്കരണം നടത്താനും അപകടങ്ങള്‍ ഉണ്ടായാല്‍ വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താനും പദ്ധതിയിലൂടെ സാധിക്കുമെന്ന് ഏ.കെ. ശശീന്ദ്രന്‍ അറിയിച്ചു.

ഗതാഗത നിയമലംഘനങ്ങള്‍ തടയുവാനും കര്‍ശനമായ ശിക്ഷ ഉറപ്പാക്കുവാനുമായി 85 പ്രത്യേക സ്‌ക്വാഡുകളെ നിയോഗിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഗതാഗത വകുപ്പില്‍ 262 പേരുടെ തസ്തിക സൃഷ്ടിക്കും. അപകട സാധ്യതയേറെയുളള മേഖലകളില്‍ എല്ലാ സമയത്തും ഇവരുടെ സാന്നിദ്ധ്യമുണ്ടാകും .അപകടങ്ങള്‍ കുറക്കാന്‍ ശബരിമല പാതയില്‍ മുമ്ബ് ആവിഷ്‌കരിച്ച പദ്ധതി വിജയകരമായതിനെ തുടര്‍ന്നാണ് ഈ മോഡല്‍ വീണ്ടും നടപ്പാക്കുന്നത്. നിലവിലുളള 34 സ്‌ക്വാഡുകള്‍ക്ക് പുറമെ 51 പുതിയ സ്‌ക്വാഡുകള്‍ രൂപീകരിക്കും. സംസ്ഥാനതലത്തില്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും.

ഇതിന് പുറമെ നിയമലംഘനം തടയുവാനായി 10 ആര്‍ടിഒ, 65 മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, 187 അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എന്നിവര്‍ക്കായുളള തസ്തികകളും സൃഷ്ടിക്കും.