Capturing Business 360°

ഫോണ്‍ വിപണിയില്‍ ഇനി സച്ചിന്റെ സ്മാര്‍ട്രോണ്‍ ഫോണുകള്‍ വെറും 499 രൂപ മുതല്‍

ന്യൂഏജ് ന്യൂസ്

മുംബൈ: രാജ്യത്തെ സ്മാര്‍ട് ഫോണ്‍ വിപണിയില്‍ തിളങ്ങാന്‍ ഇനി സച്ചിന്റെ സ്മാര്‍ട്രോണ്‍ ഫോണും. വന്‍ വില വരുന്ന ഫോണുകള്‍ക്ക് വെറും 499 രൂപയ്ക്ക് വിപണിയില്‍ എത്തി എന്നതു തന്നെയാണ് പ്രത്യേകത. ആകര്‍ഷകമായ ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. മിക്ക കമ്പനികളും വിലകുറച്ചും ഓഫറുകള്‍ വാരികോരി നല്‍കിയും ഉപഭോക്താക്കളെ കണ്ടെത്താന്‍ മല്‍സരിക്കുകയാണ്. കഴിഞ്ഞ ജനുവരിയില്‍ അവതരിപ്പിച്ച സ്മാര്‍ട്രോണ്‍ കമ്പനിയുടെ ടിഫോണ്‍ പി ഇപ്പോള്‍ വന്‍ വിലക്കുറവിലാണ് വിതരണം ചെയ്യുന്നത്. അവതരിപ്പിക്കുമ്പോള്‍ 25,999 രൂപ വിലയുണ്ടായിരുന്ന സ്മാര്‍ട്രോണ്‍ ടിഫോണ്‍ പി ഇപ്പോള്‍ വില്‍ക്കുന്നത് കേവലം 6499 രൂപയ്ക്കാണ്.

ഉപഭോക്താവിന്റെ കൈയ്യില്‍ പഴയ ഫോണുകള്‍ ഉണ്ടെങ്കില്‍ എക്‌സ്‌ചേഞ്ച് ഓഫറിലൂടെ 499 രൂപയ്ക്കും സ്വന്തമാക്കാം. ഫ്ലിപ്കാർട്ടിന്റെ ബിഗ് ഷോപ്പിംഗ് ഡെയ്‌സ് സെയിലിലും സ്മാര്‍ട്രോണ്‍ ടിഫോണ്‍ പിയ്ക്ക് വന്‍ ഓഫര്‍ നല്‍കുന്നുണ്ട്. ഫ്ലിപ്കാർട് സെയില്‍ തുടങ്ങുന്നതിന് മുന്‍പ് ഫോണിന്റെ വില 10,500 രൂപയായിരുന്നു. സ്മാര്‍ട്രോണ്‍ ടിഫോണ്‍ പി വാങ്ങുമ്പോള്‍ 6000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറായി നല്‍കുന്നുണ്ട്.

കടുത്ത മത്സരം നിലനില്‍ക്കുന്ന വിപണിയില്‍ സ്മാര്‍ട്രോണ്‍ കമ്പനിയുടെ ടിഫോണ്‍ പിയുടെ (tphone P) ആകര്‍ഷണീയത അതിന്റെ 5000 mAh ബാറ്ററിയാണ്. ഒപ്പം കിട്ടുന്ന ഒടിജി (OTG) കേബിള്‍ ഉപയോഗിച്ചാല്‍ മറ്റു ഫോണുകളും സ്പീക്കറുകളും സ്മാര്‍ട്ട്ബാന്‍ഡുകളും മറ്റും ചാര്‍ജു ചെയ്യാന്‍ പറ്റുന്ന ഒരു പവര്‍ബാങ്കായും ഉപയോഗിക്കാം. ഫോണിന് രണ്ടു ദിവസം വരെ ബാറ്ററി ലൈഫ് കിട്ടുമെന്ന് കമ്പനി പറയുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഫോട്ടോയും ഓട്ടോഗ്രാഫും പതിച്ച ഹാന്‍ഡ്‌സെറ്റും ലഭ്യമാണ്. ഹാന്‍ഡ്‌സെറ്റിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ സച്ചിനാണ്.

പൂര്‍ണ്ണമായും മെറ്റല്‍ നിര്‍മിതമായ ബോഡിയില്‍ കൂറ്റന്‍ ബാറ്ററി കൂടെ പിടിപ്പിച്ചതോടെ തങ്ങള്‍ ടിഫോണിന് ശക്തിയ്ക്കൊപ്പം സൗന്ദര്യവും നല്‍കിയെന്ന് കമ്പനി അവകാശപ്പെടുന്നു. 3 ജിബി റാമും എട്ടു കോറുള്ള സ്നാപ്ഡ്രാഗണ്‍ 435 പ്രൊസസറും ശക്തി പകരുന്ന ഈ ഫോണിന് 5.2 എച്ച്‌ഡി ഡിസ്പ്ലെയാണ് ഉള്ളത്. ആന്‍ഡ്രോയിഡ് 7.1 ആണ് ഒഎസ്.

ഡേറ്റാ സംഭരണത്തിലും സ്മാര്‍ട്രോണിന് തങ്ങളുടെ രീതിയുണ്ട്. ഫോണിന് 32 ജിബി സംഭരണ ശേഷിയുണ്ട്. 128 ജിബി വരെ എസ്ഡി കാര്‍ഡ് ഉപയോഗിപ്പിച്ച്‌ ബൂസ്റ്റു ചെയ്യാം. ഇതൊന്നും പോരാ എന്നുള്ളവര്‍ക്ക് കമ്പനിയുടെ ട്രോണ്‍ക്സുമായി (tronX) ബന്ധിപ്പിച്ചാല്‍ 1 ടിബി ക്ലൗഡ് സ്റ്റോറേജ് ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ഫോണിന് 13 മെഗാപിക്‌സല്‍ പിന്‍ ക്യാമറയാണ് ഉള്ളത്. എല്‍ഇഡി ഫ്ളാഷും ഡിഎസ്‌എല്‍ആറുകളില്‍ ഉപയോഗിക്കുന്ന ഫെയ്സ് (phase) ഡിറ്റെക്ഷന്‍ ഓട്ടോഫോക്കസും ഉണ്ട്. സെല്‍ഫി ക്യാമറയ്ക്ക് 5 മെഗാപിക്‌സല്‍ റെസലൂഷനാണ് ഉള്ളത്. ഇരുട്ടിലും മികച്ച സെല്‍ഫിയെടുക്കാം. കാരണം മുന്‍ ക്യാമറയ്ക്കും ഫ്ളാഷുണ്ട്. ഫൊട്ടോഗ്രഫി അനുഭവം മെച്ചപ്പെടുത്താന്‍ ‘ബ്യൂട്ടിഫൈ’ എന്നൊരു ആപ്പും ഉണ്ട്. ഈ ആപ് ഉപയോഗിച്ച്‌ ആളുകളുടെ ചര്‍മ്മത്തിനനുസരിച്ച്‌ ഫോട്ടോ സുന്ദരമാക്കാം