Capturing Business 360°

ടെലികോം രംഗം വേള്‍ഡ് ടെലികോം-ഇന്‍ഫര്‍മേഷന്‍ ദിനം ആഘോഷിക്കുന്നു

ന്യൂഏജ് ന്യൂസ്

കൊച്ചി: ഡിജിറ്റല്‍ ശക്തിയായ രാജ്യം കെട്ടിപ്പടുക്കുക എന്ന കാഴ്ചപ്പാടുമായി രാജ്യത്തെ പ്രമുഖ ടെലികോം, ഇന്റര്‍നെറ്റ്, ടെക്‌നോളജി സേവന ദാതാക്കളുടെ സംഘടനയായ സിഒഎഐ വേള്‍ഡ് ടെലികോം ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സൊസൈറ്റി ദിനം ആഘോഷിക്കുന്നു. ”ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന്റെ പൊസിറ്റീവ് ഉപയോഗം എല്ലാവര്‍ക്കും സാധ്യമാക്കുക” എന്ന 2018ലെ പ്രമേയത്തിന് അനുബന്ധമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത സേവന രംഗത്ത് ഇന്ത്യ ഏറ്റവും വേഗത്തില്‍ മുന്നേറുന്ന രാജ്യമാകുമെന്ന് സിഒഎഐ വിശ്വസിക്കുന്നു.രാജ്യത്തിന്റെ മുക്കിലും മൂലയിലും തടസമില്ലാത്ത കണക്റ്റീവിറ്റി എത്തിക്കാന്‍ വേണ്ട പിന്തുണ നല്‍കിയ ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിന് വേള്‍ഡ് ടെലികോം ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സൊസൈറ്റി ദിനാഘോഷ വേളയില്‍ സിഒഎഐ നന്ദി പറഞ്ഞു. ഡിജിറ്റല്‍ സാക്ഷരത വ്യാപിപ്പിക്കേണ്ടതിന്റെയും ശേഷി വര്‍ധിപ്പിക്കേണ്ടതിന്റെയും ആവശ്യകതയിലൂന്നി വേണ്ട നടപടികള്‍ എത്രയും വേഗം കൈക്കൊണ്ട് പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ എന്ന സ്വപ്‌നം സാക്ഷാല്‍ക്കരിക്കണമെന്നും സിഒഎഐ ആവശ്യപ്പെട്ടു.
ലോകോത്തര ടെലികോം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ടെലികോം സേവന ദാതാക്കള്‍ 10.4 ലക്ഷം കോടി രൂപ ഇതിനകം നിക്ഷേപിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മൂന്നു ലക്ഷത്തിലധികം ബേസ് ട്രാന്‍സീവര്‍ സ്റ്റേഷനുകള്‍ (ബിടിഎസ്) സ്ഥാപിച്ചു കൊണ്ട് ഇവയുടെ മൊത്തം എണ്ണം 17.64 ലക്ഷമാക്കി. ഗ്രാമീണ മേഖലകളില്‍ ടെലികോം സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ടെലികോം സേവന ദാതാക്കള്‍ 3ജിയില്‍ നിന്നും 4ജിയിലേക്ക് മാറുന്നതുള്‍പ്പടെയുള്ളവയ്ക്കായി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. 5ജി, എഐ, ഐഒടി, എം2എം തുടങ്ങിയ ഭാവി സാങ്കേതിക വിദ്യകള്‍ സ്വീകരിക്കുന്നതിനായി സൗകര്യങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.
ടെലികോം എക്കോസിസ്റ്റത്തിന്റെ ആവശ്യമനുസരിച്ച് ഡിപാര്‍ട്ട്‌മെന്റ് സംസ്ഥാന തല വികസനങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്നു. രാജസ്ഥാന്‍, ഹരിയാന, ഒഡീഷ, മഹാരാഷ്ട്ര, ആസാം, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ ഇത് നടപ്പിലാക്കിയതിനെ സിഒഎഐ സ്വാഗതം ചെയ്തു. കന്റോണ്‍മെന്റ് ഏരിയകളില്‍ ടെലികോം അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കുള്ള ഇന്‍സ്റ്റലേഷന് അനുമതി നല്‍കിയ പ്രതിരോധ മന്ത്രാലയത്തിന് വ്യവസായം നന്ദി പറഞ്ഞു. നാഷണല്‍ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് പോളിസി 2018ന് വിശദമായ ചട്ടക്കൂട് അവതരിപ്പിച്ച ടെലികോം ഡിപാര്‍ട്ട്‌മെന്റിനും സിഒഎഐ നന്ദി പറഞ്ഞു. ടെലികോം രംഗത്തിന്റെ കാലങ്ങളായുള്ള ആശങ്കകള്‍ നയത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ടെന്നും വിവിധ നികുതികള്‍ ഏകീകരിക്കാന്‍ നിര്‍ദേശമുണ്ടെന്നും രാജ്യത്തിന്റെ ടെലികോം, ഡിജിറ്റല്‍ സേവനങ്ങള്‍ വികസിക്കുമെന്ന് മാത്രമല്ല 40 ലക്ഷത്തോളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും. കമ്മ്യൂണിക്കേഷന്‍ വയവസായം 100 ബില്ലന്‍ യുഎസ് ഡോളറിന്റെ നിക്ഷേപമാണ് ലക്ഷ്യമിടുന്നത്. ഇത് സേവനങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് മാത്രമല്ല, വ്യവസായത്തിന് ആകെ ആശ്വാസമാകുകയും ചെയ്യും.നാഷണല്‍ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് പോളിസി 2018ന്റെ അവതരണത്തോടെ ഇന്ത്യ അടുത്ത തലമുറ സാങ്കേതിക വിദ്യകളില്‍ മുന്നോട്ട് പോകുമെന്ന് ഉറപ്പായെന്നും രാജ്യത്തിന്റെ സാമൂഹ്യ-സാമ്പത്തിക വികസനത്തിന് ഇത് വഴിക്കാട്ടിയാവുമെന്നും സിഒഎഐ ഡയറക്ടര്‍ ജനറല്‍ രാജന്‍ എസ്. മാത്യൂസ് പറഞ്ഞു.