Capturing Business 360°

എസ്.യു.വി. വിപണി കൈപ്പിടിയിലാക്കാൻ പുതിയ മാറ്റങ്ങളോടെ ഹ്യുണ്ടായ് ക്രെറ്റ

ന്യൂഏജ് ന്യൂസ്

എല്ലാവരും മാറുകയാണ്. എന്നാല്‍ പിന്നെ ഹ്യുണ്ടായ്ക്ക് എന്താ അയിത്തം. എസ്.യു.വി. രംഗത്തെ പൊടിപാറുന്ന മത്സരം നടക്കുന്ന നേരത്ത് പഴയ മോഡലും വച്ചുകൊണ്ടിരുന്നാല്‍ കാര്യം നടക്കില്ലെന്ന് അവര്‍ക്ക് വ്യക്തമായി അറിയാം. അതുകൊണ്ടുതന്നെ വിപണിയില്‍ തിളങ്ങി നില്‍ക്കുന്ന ക്രെറ്റയിലും അവര്‍ കൈവയ്ക്കുകയാണ്. എസ്.യു.വി. വിപണിയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ക്രെറ്റയുടെ പുതിയ മുഖം അടുത്തുതന്നെ വരുമെന്നാണ് കേള്‍ക്കുന്നത്.

മുന്‍കൂര്‍ പണമടച്ച്‌ ബുക്ക് ചെയ്യാം എന്ന് അറിയിച്ചിരുന്നെങ്കിലും എന്തായിരിക്കും ക്രെറ്റയില്‍ കമ്ബനി കാട്ടിക്കൂട്ടാന്‍ പോകുന്നത് എന്നതിനെക്കുറിച്ച്‌ അധികമാര്‍ക്കും വലിയ ഗ്രാഹ്യമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കമ്ബനി തന്നെ അത് വെളിപ്പെടുത്തിയിരിക്കുകയാണ്. ആറ് വകഭേദങ്ങളാണ് പുതിയ ക്രെറ്റയിലുണ്ടാവുക. ഇ, ഇ പ്ലസ്, എസ്, എസ്.എക്‌സ്, എസ്.എക്‌സിന്റെ രണ്ട് വകഭേദം. ഇതില്‍ നിറത്തിലാണ് കളിയെന്ന് മാത്രം.

സ്‌കിഡ് പ്ലേറ്റുകള്‍, ഗ്രില്‍, രണ്ട് നിറങ്ങളിലുള്ള ബംപര്‍ എന്നിവയിലെല്ലാം മാറ്റങ്ങളുണ്ട്. എല്‍.ഇ.ഡി. ഡേ ടൈം റണ്ണിങ് ലൈറ്റുകളുള്ള പരിഷ്‌കരിച്ച പ്രൊജക്ടര്‍ ഹെഡ്ലാമ്ബുകള്‍, 17 ഇഞ്ച് അലോയ് വീലുകള്‍. കൈയില്‍ ധരിക്കാവുന്ന ‘സ്മാര്‍ട്ട് കീ ബാന്‍ഡ്’, ആറു വിധത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ഇലക്‌ട്രിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജിങ്ങ്, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയെല്ലാം പുതിയ ക്രെറ്റയിലുണ്ടാവും. എസ്.എക്‌സ്. ഓട്ടോമാറ്റിക്കിലായിരിക്കും സണ്‍റൂഫ്. പാഷന്‍ ഓഞ്ച്, മറീന ബ്ലൂ എന്നിങ്ങനെ പുതിയ രണ്ടു നിറങ്ങളിലും പുതിയ ക്രെറ്റ ലഭ്യമായിരിക്കും. മേല്‍ക്കൂരയ്ക്ക് കറുപ്പ് നിറം നല്‍കിയിട്ടുണ്ട്.

ഇരട്ട എയര്‍ബാഗുകളും ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും എല്ലാ വിഭാഗത്തിലുമുണ്ടാകും. ഏറ്റവും ഉയര്‍ന്ന വകഭേദത്തില്‍ ആറ് എയര്‍ബാഗുകള്‍ ഒരുങ്ങുന്നുണ്ട്. ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ്, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ക്യാമറ, ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവയുമുണ്ട്. 1.4 ലിറ്റര്‍ ഡീസല്‍, 1.6 ലിറ്റര്‍ ഡീസല്‍, 1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുകളാണ് ശക്തിപകരുക. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷന്‍ 1.6 ലിറ്റര്‍ എന്‍ജിന്‍ പതിപ്പുകളില്‍ ലഭ്യമാണ്. അഞ്ചു സ്പീഡാണ് 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുള്ള മാനുവല്‍ ഗിയര്‍ബോക്‌സ്. മാരുതി എസ്‌ക്രോസ്, റെനോ ഡസ്റ്റര്‍ എന്നിവരാണ് പ്രധാന എതിരാളികള്‍. വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 9.5 ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം.