Capturing Business 360°

ഇന്റര്‍നെറ്റ് വേഗത വർധിപ്പിച്ച് എയര്‍ടെല്‍; രാജ്യത്തെ ഡേറ്റ മത്സരത്തില്‍ ജിയോയ്ക്ക് വെല്ലുവിളി

ന്യൂഏജ് ന്യൂസ്

4ജി ഇന്റര്‍നെറ്റ് സേവനരംഗത്ത് റിലയന്‍സ് ജിയോയുടെ ശക്തരായ എതിരാളിയാണ് ഭാരതി എയര്‍ടെല്‍. ജിയോ ഒരു പുതിയ ഓഫര്‍ അവതരിപ്പിച്ച്‌ വെല്ലുവിളിക്കുമ്പോള്‍ അതിനൊപ്പം നില്‍ക്കുന്നതോ ചിലപ്പോള്‍ അതിനേക്കാള്‍ ഏറെ മികച്ചതോ ആയ ഓഫര്‍ അവതരിപ്പിച്ച്‌ മറുപടി നല്‍കുകയാണ് എയര്‍ടെല്‍. ഇപ്പോഴിതാ റിലയന്‍സ് ജിയോയ്ക്ക് എയര്‍ടെല്‍ മറ്റൊരു വെല്ലുവിളി സൃഷ്ടിച്ചിരിക്കുന്നു.

പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌, തങ്ങള്‍ നല്‍കുന്ന അണ്‍ലിമിറ്റഡ് ഓഫറില്‍ ഒരു ദിവസം അനുവദിച്ചിട്ടുള്ള ഡേറ്റയ്ക്ക് പുറമെ ഉപയോഗിക്കുമ്പോള്‍ ഇന്റര്‍നെറ്റ് വേഗത സെക്കന്റില്‍ 128 കെബി ആയി വര്‍ധിപ്പിച്ചിരിക്കുകയാണ് എയര്‍ടെല്‍. ഇതോടെ ദിവസേനയുള്ള ഇന്റര്‍നെറ്റ് ഉപയോഗ പരിധി കഴിഞ്ഞാലും എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് താരതമ്യേന മെച്ചപ്പെട്ട വേഗതയിൽ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കും.

റിലയന്‍സ് ജിയോയാണ് ഈ പ്രതിദിന ഉപയോഗ പരിധി എന്ന സമ്പ്രദായം അവതരിപ്പിച്ചത്. ഇതുവഴി ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് ഡേറ്റ ഉപയോഗം സാധ്യമാവുന്നു. ഓഫര്‍ അനുസരിച്ച്‌ ലഭിക്കുന്ന പ്രതിദിന ഉപയോഗ പരിധി കഴിഞ്ഞാല്‍ കുറഞ്ഞ വേഗതയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ ഇതില്‍ സാധിക്കും. ജിയോയുടെ ആരംഭകാലത്ത് 128 കെബിപിഎസ് ആയിരുന്നു വേഗത. എന്നാല്‍ അത് 64 കെബിപിഎസ് ആയി കുറച്ചിരുന്നു. സെക്കന്റില്‍ 128 കെബി വേഗതയില്‍ ഇന്റര്‍നെറ്റ് നല്‍കുന്നത് നിലവില്‍ ബിഎസ്‌എന്‍എലും എയര്‍ടെലും മാത്രമാണ്. എയര്‍ടെലിന്റെ പ്ലാനുകളോ അതിന് മുകളിലുള്ള പ്ലാനുകളിലോ ഈ പുതിയ സൗകര്യം ലഭ്യമാവും.

രാജ്യത്ത് 4ജി സേവനം നല്‍കുന്നതില്‍ റിലയന്‍സ് ജിയോയാണ് മുന്നില്‍ എങ്കിലും 4ജി വേഗതയുടെ കാര്യത്തില്‍ എയര്‍ടെല്‍ ആണ് മുന്നില്‍ നില്‍ക്കുന്നതെന്ന് നേരത്തെ വാര്‍ത്തയായിരുന്നു. ശക്തമായ വെല്ലുവിളിയാണ് രാജ്യത്തെ ടെലികോം വിപണിയിലേക്ക് ഏറ്റവും ഒടുവില്‍ രംഗപ്രവേശം ചെയ്ത റിലയന്‍സ് ജിയോ എയര്‍ടെല്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നത്.