Capturing Business 360°

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷം; സംസ്ഥാനതല ഉദ്ഘാടനം നാളെ തിരുവനന്തപുരത്ത്

ന്യൂഏജ് ന്യൂസ്

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷം നാളെ വൈകിട്ട് അഞ്ച് മണിക്ക് കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ‘സര്‍ക്കാര്‍ ധനസഹായ പദ്ധതികള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനവും പി ആര്‍ ഡി സഹായ കേന്ദ്രങ്ങളുടെ പ്രഖ്യാപനവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍, റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍, ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്, ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ഇ.പി. ലത, പി.കെ. ശ്രീമതി ടീച്ചര്‍ എം.പി തുടങ്ങിയവര്‍ ചടങ്ങിന് ആശംസ നേരും. എം.പിമാര്‍, എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ സാന്നിധ്യവും ചടങ്ങിലുണ്ടാകും.

ഉദ്ഘാടന ചടങ്ങിന് ശേഷം പ്രശാന്ത് നാരയണന്‍ സംവിധാനം ചെയ്ത ‘ഉദയപഥം’ മള്‍ട്ടി മീഡിയ ഷോയോടെ കലാപരിപാടികളുടെ അരങ്ങുണരും. ശേഷം പ്രശസ്ത നര്‍ത്തകിയും അഭിനേത്രിയുമായ ആശാശരത്തിന്റെ നൃത്താവതരണവും വിജയ് യേശുദാസ് നയിക്കുന്ന പിന്നണി ഗായകരുടെ ഗാനമേളയും കണ്ണൂരിന് പുത്തനനുഭവം സൃഷ്ടിക്കും. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കലക്ടറേറ്റ് മൈതാനിയില്‍ നടക്കുന്ന മെഗാ എക്‌സിബിഷന്‍ ‘പൊന്‍കതിര്‍’ 18ന് രാവിലെ 9.30ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. സര്‍ക്കാറിലെ വിവിധ വകുപ്പുകളും സഹകരണ സ്ഥാപനങ്ങളും ഒരുക്കുന്ന 180ഓളം സ്റ്റാളുകള്‍ ഉള്‍പ്പെടുന്ന മെഗാ എക്‌സിബിഷന്‍ മെയ് 25 വരെ തുടരും. സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുകയും പരിചയപ്പെടുത്തുകയും ചെയ്യുന്നതോടൊപ്പം ഉല്‍പ്പന്നപ്രദര്‍ശനവും വില്‍പ്പനയും എക്‌സിബിഷനില്‍ നടക്കും.

രണ്ടാംദിവസമായ മെയ് 19ന് വൈകീട്ട് അഞ്ചിന് കുടുംബശ്രീ പ്രവര്‍ത്തകരുടെ കലാപരിപാടികള്‍ അരങ്ങേറും. 6.30ന് കൈത്തറി സറ്റാര്‍ട്ടപ്പ് സംരംഭത്തിന്റെ ബ്രാന്റ് ലോഞ്ചിങ്ങ് പി.കെ ശ്രീമതി ടീച്ചര്‍ എംപി നിര്‍വഹിക്കും. ശേഷം നിഫ്റ്റ് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ ചടങ്ങിന് കൊഴുപ്പേകും. 7 മണിക്ക് മഹിള സമഖ്യ സൊസൈറ്റി മഹിള ശിക്ഷണ്‍ കേന്ദ്രത്തിന്റെ രാഗസായാഹ്നം സംഗീത പരിപാടി നടക്കും. ഗവ. വനിത ടിടിഐ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന സംഗീത ശില്‍പ്പം, വിസ്മയ പട്ടുവം അവതരിപ്പിക്കുന്ന നൃത്തം, ദേവിക സജീവിന്റെ ഭരതനാട്യ കച്ചേരി എന്നിവയുമുണ്ടാകും.
മെയ് 20ന് വൈകിട്ട് നാലിന് ‘വിമാനത്താവളം: വികസന സാധ്യതയുടെ ആകാശം’ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷിന്റെ അധ്യക്ഷതയില്‍ ഇ.പി ജയരാജന്‍ എം.എല്‍.എ സെമിനാര്‍ ഉദ്ഘാടനം ചെയ്യും.

വൈകിട്ട് 6.30ന് കലാപരിപാടി പ്രശസ്ത പിന്നണി ഗായിക പുഷ്പാവതി പൊയ്പ്പാട്ട് അവതരിപ്പിക്കുന്ന ഗാനമേള നടക്കും. മെയ് 21ന് വൈകീട്ട് 4ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കരിവെള്ളൂര്‍ മുരളി ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. 7 മണിക്ക് വെയില്‍ നാടക പ്രദര്‍ശനം. 22ന് വൈകീട്ട് 7 മണിക്ക് മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി അവതരിപ്പിക്കുന്ന ഇശലിരമ്ബം മാപ്പിളപ്പാട്ട് മെഗാഷോ നടക്കും. 23ന് വൈകിട്ട് 4ന് നടക്കുന്ന അതിഥി തൊഴിലാളി സംഗമത്തില്‍ ബോധവല്‍ക്കരണ ക്ലാസുകളും ആരോഗ്യ പരിശോധനയും സംഘടിപ്പിക്കും. വൈകിട്ട് 7ന് ലിസി മുരളീധരന്റെ ഗുരുദേവ ജ്ഞാനമൃതം ഡാന്‍സ് ഫ്യൂഷന്‍ അരങ്ങേറും. 24ന് വൈകിട്ട് 7 മണിക്ക് പിന്നണി ഗായകന്‍ രതീഷ്‌കുമാര്‍ പല്ലവിയുടെ ബാബുരാജ്‌നൈറ്റ്. മെയ് 25ന് വൈകിട്ട് 6 മണിക്ക് പൊലീസ് വനിതാ സെല്‍ (റൂറല്‍) അവതരിപ്പിക്കുന്ന അനന്തരം ആനി സ്ത്രീ ശാക്തീകരണ നാടകം അരങ്ങേറും.