Capturing Business 360°

വണ്ടിയോടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിച്ചാല്‍‌ കേസ് എടുക്കാനാകില്ല; ശിക്ഷിക്കണമെങ്കില്‍ നിയമനിര്‍മാണം നടത്തണം: ഹൈക്കോടതി

ന്യൂഏജ് ന്യൂസ്

നിലവിലെ നിയമങ്ങള്‍ പ്രകാരം മൊബൈലില്‍ സംസാരിച്ച്‌ വാഹനമോടിച്ചാല്‍ പൊലീസിന് കേസെടുക്കാന്‍ വകുപ്പില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്. വാഹനമോടിക്കുമ്പോള്‍ ഫോണില്‍ സംസാരിക്കുന്നയാള്‍ പൊതുജനത്തെ അപകടപ്പെടുത്തുന്നയാളായി വ്യാഖ്യാനിക്കാന്‍ നിലവിലെ നിയമങ്ങളില്‍ വഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.

പൊലീസ് ആക്ടിലെ 118 ഇ എന്ന വകുപ്പാണ് ഇത്തരം കേസുകളില്‍ പൊലീസ് ചുമത്താറുള്ളത്. പൊതുജനത്തിന് അപകടകരമാകും എന്നറിഞ്ഞുകൊണ്ട് ഒരാള്‍ പോതുസ്ഥലത്ത് നടത്തുന്ന പ്രവൃത്തികളെക്കുറിച്ചാണ് ഈ വകുപ്പ് പറയുന്നത്. മദ്യപിച്ച്‌ അവനവനെ നോക്കാന്‍ ശേഷിയില്ലാത്ത വിധത്തില്‍ കാണപ്പെടുന്നതോ, കലാപാവസ്ഥ സൃഷ്ടിക്കാന്‍ സാധ്യതയുള്ള തരത്തില്‍ കാണപ്പെടുന്നതോ ആയ വ്യക്തികള്‍ക്കെതിരെ ഈ വകുപ്പു പ്രകാരം കേസെടുക്കാവുന്നതാണ്. അറിഞ്ഞുകൊണ്ട് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നവരെ നിയമത്തിനു മുമ്ബില്‍ കൊണ്ടുവരാനും ഈ വകുപ്പ് ഉപയോഗിക്കാറുണ്ട്. ഫോണ്‍ വിളിച്ചുകൊണ്ടോ മറ്റ് പ്രസ്താവനകള്‍ വഴിയോ പൊതുസ്ഥലത്ത് മാന്യതയില്ലാതെ പെരുമാറിയാലും കേസെടുക്കുക ഈ വകുപ്പ് പ്രകാരമാണ്. ഇതില്‍ പക്ഷെ, വാഹനമോടിക്കുമ്ബോള്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച്‌ ഒന്നും പറഞ്ഞിട്ടില്ല. അതിനാല്‍ത്തന്നെ കേസെടുക്കാന്‍‌ വകുപ്പുമില്ല. മൂന്നു വര്‍‌ഷം വരെ തടവും പതിനായിരം രൂപ വരെ പിഴയും രണ്ടും ചേര്‍ത്തും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നത് കുറ്റകരമാണെങ്കില്‍ അതിന് നിയമത്തില്‍ ഭേദഗതി വരുത്തി നിയമസഭയില്‍ ബില്ല് പാസ്സാക്കണമെന്നും കോടതി പറഞ്ഞു. കേരളത്തില്‍ എവിടെയെങ്കിലും പൊലീസ് ഇത്തരത്തില്‍ കേസെടുത്തിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കിക്കിട്ടാന്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി പറഞ്ഞു. കാക്കനാട് സ്വദേശി എംജെ സന്തോഷ് നല്‍കിയ ഹരജിയിലാണ് ഈ വിധി വന്നിരിക്കുന്നത്.