Capturing Business 360°

മുത്തൂറ്റ് ഫിനാന്‍സിന്റെ സംയോജിത ലാഭം 1784 കോടി

ന്യൂഏജ് ന്യൂസ്

മുത്തൂറ്റ് ഫിനാന്‍സിന് 66.61 ശതമാനം ഓഹരി വിഹിതമുള്ള മൈക്രോ ഫിനാന്‍സ് എന്‍.ബി.എഫ്.സി. ആയ ബെല്‍സ്റ്റാര്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഫിനാന്‍സിന്റെ അറ്റാദായം 34 കോടി രൂപയായും ഉയര്‍ന്നിട്ടുണ്ട്

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ഗ്രൂപ്പിനു കീഴില്‍ കൈകാര്യം ചെയ്യുന്ന വായ്പാ ആസ്തികള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 12 ശതമാനം വര്‍ധനവോടെ 32,154 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇത് 28,660 കോടി രൂപയായിരുന്നു. ഈ വായ്പകളില്‍ പത്തു ശതമാനം സബ്‌സിഡിയറികളുടെ സംഭാവനയാണ്. മുത്തൂറ്റ് ഫിനാന്‍സിന്റേയും സബ്‌സിഡിയറികളുടേയും സംയോജിത ലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 49 ശതമാനം വര്‍ധിച്ച് 1784 കോടി രൂപയിലും എത്തിയിട്ടുണ്ട്.
കൈകാര്യം ചെയ്യുന്ന വായ്പകളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണപ്പണയ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് 2018 സാമ്പത്തിക വര്‍ഷം 1720 കോടി രൂപയുടെ അറ്റാദായമാണു കൈവരിച്ചിട്ടുള്ളത്. മുന്‍ വര്‍ഷത്തെ 1180 കോടി രൂപയെ അപേക്ഷിച്ച് 46 ശതമാനം വര്‍ധനവാണിത്. വായ്പാ ആസ്തി ഏഴു ശതമാനം വര്‍ധിച്ച് 29,138 കോടി രൂപയിലെത്തിയെന്ന് 2018 മാര്‍ച്ച് 31 ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 1037 കോടി രൂപയെന്ന ഏറ്റവും ഉയര്‍ന്ന തോതിലെ ആദായ നികുതിയടവും ഈ വര്‍ഷം നടത്തിയിരുന്നു.
പൂര്‍ണ സബ്‌സിഡിയറിയായ മുത്തൂറ്റ് ഹോംഫിന്‍ അതിന്റെ വായ്പ 1465 കോടി രൂപയായി ഉയര്‍ത്തിയ മുന്‍ വര്‍ഷത്തെ മൂന്നു കോടിയെ അപേക്ഷിച്ച് 28 കോടി രൂപയുടെ അറ്റാദായവും കൈവരിക്കുകയുണ്ടായി. മുത്തൂറ്റ് ഫിനാന്‍സിന് 66.61 ശതമാനം ഓഹരി വിഹിതമുള്ള മൈക്രോ ഫിനാന്‍സ് എന്‍.ബി.എഫ്.സി. ആയ ബെല്‍സ്റ്റാര്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഫിനാന്‍സിന്റെ അറ്റാദായം 34 കോടി രൂപയായും ഉയര്‍ന്നിട്ടുണ്ട്. പൂര്‍ണ സബ്‌സിഡിയറിയായ മുത്തൂറ്റ് ഇന്‍ഷുറന്‍സ് ബ്രോക്കേഴ്‌സ് 11 കോടി രൂപയുടെ അറ്റാദായമാണു കൈവരിച്ചിട്ടുള്ളത്. മുത്തൂറ്റ് ഫിനാന്‍സിന് 60 ശതമാനം ഓഹരി വിഹിതമുള്ള ഏഷ്യ അസറ്റ് ഫിനാന്‍സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 20 കോടി എല്‍.കെ.ആര്‍. അറ്റാദായമാണു കൈവരിച്ചത്.
സംയോജിത ലാഭത്തില്‍ 49 ശതമാനം വര്‍ധനവു കൈവരിച്ച് 1784 കോടി രൂപയിലെത്തിച്ച റെക്കോര്‍ഡ് പ്രകടനമാണു കൈവരിച്ചിട്ടുള്ളതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ചെയര്‍മാന്‍ എം.ജി. ജോര്‍ജ്ജ് മുത്തൂറ്റ് പറഞ്ഞു. സ്വര്‍ണപ്പണയ ബിസിനസിലെ ശ്രദ്ധ തുടരുമ്പോള്‍ തന്നെ വായ്പാ മേഖലകളുടെ വൈവിധ്യവല്‍ക്കരണത്തിലുള്ള ഗ്രൂപ്പിന്റെ ശ്രദ്ധ വരുമാനം നല്‍കിത്തുടങ്ങിയിട്ടുണ്ട്. ഗ്രൂപ്പിന്റെ സംയോജിത വായ്പകള്‍ 12 ശതമാനം വര്‍ധിച്ച് 32,154 കോടി രൂപയിലെത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗ്രൂപ്പിന്റെ വായ്പകളുടെ പത്തു ശതമാനം സംഭാവന ചെയ്യുന്ന സബ്‌സിഡിയറികള്‍ മികച്ച പ്രകടനമാണു കാഴ്ച വെച്ചതെന്ന് ഈ അവസരത്തില്‍ പ്രതികരിച്ച മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. വരും വര്‍ഷം ഇത് 15 ശതമാനമായി ഉയരുമെന്നാണു തങ്ങള്‍ പ്രതീക്ഷിക്കുന്നത്. ശക്തമായ സ്വാശ്രയ സംഘങ്ങളുള്ള മൈക്രോ ഫിനാന്‍സ് സബ്‌സിഡിയറി അതിന്റെ വായ്പകള്‍ 97 ശതമാനം വര്‍ധിപ്പിച്ച് 1137 കോടി രൂപയിലെത്തിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. മുത്തൂറ്റ് ഫിനാന്‍സ് കമ്പനിയെ സംബന്ധിച്ചിടത്തോളം ആറു മാസ കാലാവധിയുള്ള വായ്പകള്‍ അടക്കാന്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സമയം അനുവദിച്ചതാണ് പ്രാഥമിക നിഷ്‌ക്രിയ ആസ്തികള്‍ വര്‍ധിക്കാനുള്ള പ്രധാന ഘടകം. പതിവ് 12 മാസ വായ്പകളേക്കാള്‍ വേഗത്തില്‍ ഇവ നിഷ്‌ക്രിയ ആസ്തികളായി മാറാറുണ്ട്. പതിവ് ആസ്തി വകയിരുത്തല്‍ നിയന്ത്രണം അനുശാസിക്കുന്ന 0.40 ശതമാനത്തേക്കാള്‍ ഉയര്‍ന്ന നിലയില്‍ 1.25 ശതമാനമായി ഉയര്‍ത്തിയാണു നിലനിര്‍ത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് 2018 സാമ്പത്തിക വര്‍ഷത്തില്‍ ആകെ 6243 കോടി രൂപയുടെ വരുമാനമാണു കൈവരിച്ചത്. നാലാം ത്രൈമാസത്തില്‍ ഇത് 1608 കോടി രൂപയായിരുന്നു. 2018 സാമ്പത്തിക വര്‍ഷത്തെ അറ്റാദായ 1720 കോടി രൂപയും നാലാം ത്രൈമാസത്തിലെ അറ്റാദായം 451 കോടി രൂപയും ആണ്. പ്രതി ഓഹരി വരുമാനം മുന്‍ വര്‍ഷത്തെ 29.56 രൂപയില്‍ നിന്ന് 46% വര്‍ദ്ധനവോടെ 43.04 രൂപയിലെത്തി. കമ്പനിയുടെ ശാഖകളുടെ എണ്ണം 4307 ല്‍നിന്ന് 4325 ആയി.