Capturing Business 360°

കുടുംബശ്രീയുടെ സംഘകൃഷി ഗ്രൂപ്പുകള്‍ അറുപതിനായിരം

ന്യൂഏജ് ന്യൂസ്

കുടുംബശ്രീ അംഗങ്ങളുടെ പ്രധാന പ്രവര്‍ത്തനമേഖലകളിലൊന്ന് കൃഷിയാണ്. കേരളത്തിലുടനീളം സംഘകൃഷിയിലൂടെ വലിയൊരു മുന്നേറ്റം നടത്താന്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ക്കു സാധിച്ചിട്ടുണ്ട്. തരിശുനിലങ്ങളില്‍ നൂറുമേനി കൊയ്യാനും അതുവഴി ഭക്ഷ്യസുരക്ഷയും വിഷമില്ലാത്ത പഴവും പച്ചക്കറികളും ലഭ്യമാക്കാനും കുടുംബശ്രീ സംഘങ്ങള്‍ക്കു കഴിഞ്ഞുവെന്നതു വലിയൊരു നേട്ടമാണ്.
ഇന്ന് 60,000ല്‍ അധികം സംഘകൃഷി ഗ്രൂപ്പുകളാണു കേരളത്തില്‍ കുടുംബശ്രീക്കുള്ളത്. മൂന്നു ലക്ഷത്തിലധികം വനിതകള്‍ കാര്‍ഷികരംഗത്തു സ്ഥിരമായി പ്രവര്‍ത്തിക്കുന്നു. നെല്ല്, പച്ചക്കറി, വാഴപ്പഴം, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിങ്ങനെ നാലു വിഭാഗങ്ങളിലായാണു സംഘകൃഷി. കാര്‍ഷിക കൂട്ടായ്മകള്‍ക്കും വനിതാസംഘങ്ങള്‍ക്കും ആവശ്യമായ പരിശീലനവും ധനസഹായവും വിപണി കണ്ടെത്താനുള്ള മാര്‍ഗവുമെല്ലാം കുടുംബശ്രീ മിഷന്‍ നല്‍കുന്നതിനാല്‍ താല്‍പര്യമുള്ളവര്‍ക്ക് ആയാസമില്ലാതെ കാര്‍ഷികവൃത്തിയിലേര്‍പ്പെടാനും പ്രാദേശിക മുന്നേറ്റത്തില്‍ ഭാഗമാകാനും സാധിക്കും.
ഗ്രാമങ്ങളിലാണു സംഘകൃഷി കൂടുതലായി നടക്കുന്നത്. എന്നാല്‍ നഗരപ്രദേശത്തുള്ള കുടുംബശ്രീ പ്രവര്‍ത്തകരും കൃഷിയില്‍ സ്വന്തമായൊരിടം കണ്ടെത്താന്‍ മുന്നോട്ടുവന്നിട്ടുണ്ട്. മട്ടുപ്പാവ് കൃഷിയും ഗ്രോബാഗ് വിപണിയും, മറ്റു വീടുകളില്‍ കൃഷി ചെയ്യാനത്യാവശ്യമായ സഹായം നല്‍കലുമായി മികച്ച വരുമാനമാര്‍ഗം നഗരങ്ങളിലെ വനിതാസംഘങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു. കൂടാതെ നൂതന ആശയങ്ങള്‍ ആവിഷ്‌കരിക്കാനും കുടുംബശ്രീ കുടുംബാംഗങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ട്. നഴ്‌സറി തുടങ്ങി തൈകള്‍ വിതരണം ചെയ്യാനും പൂക്കള്‍ കൃഷി ചെയ്തു നൂതന വിപണി കണ്ടെത്താനും ‘കാര്‍ഷിക ലേബര്‍ ബാങ്ക്’ രൂപീകരിക്കാനുമൊക്കെ വനിതകള്‍ മുന്നോട്ടുവന്നതു വലിയൊരു ആവേശത്തോടെയാണ്. കഴിഞ്ഞ ഓണക്കാലത്ത് 12 കോടി രൂപയുടെ വിറ്റുവരവാണു കൃഷി വിപണിയിലെ കുടുംബശ്രീയുടെ നേട്ടമെന്നതിനാല്‍ ഈ രംഗത്തു താല്‍പര്യമുള്ളവര്‍ക്കു വരുമാനലഭ്യതയും ഉറപ്പിക്കാം.
വനിതാ കൃഷിസംഘങ്ങള്‍ക്കു വേണ്ട പ്രചോദനവും പ്രോല്‍സാഹനവും നല്‍കുന്നതു സിഡിഎസാണ്. ഒരു ജെഎല്‍ജി രൂപീകരിക്കാനും ജെഎല്‍ജിക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാനും സിഡിഎസ് നേതൃത്വം നല്‍കുന്നു. സംഘമായി കൃഷി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ സിഡിഎസിനെ സമീപിച്ചാല്‍ പഞ്ചായത്തുമായി ചേര്‍ന്ന് തരിശുഭൂമി ലഭ്യമാക്കാനും ജെഎല്‍ജി റജിസ്റ്റര്‍ ചെയ്തു ബാങ്ക് ലോണ്‍ ലഭിക്കാനുമുള്ള അടിസ്ഥാന കാര്യങ്ങള്‍ ചെയ്യാനും സിഡിഎസ് സഹായിക്കുന്നു. കൂടാതെ മാസച്ചന്തകളും ആഴ്ചച്ചന്തകളും വിഷു/ഓണം പ്രത്യേക വിപണികളും ക്രമീകരിച്ച് വിപണനത്തിനും പ്രത്യേക സഹായം സിഡിഎസ് നല്‍കുന്നു.
കാര്‍ഷിക സംഘങ്ങള്‍ക്കു പലിശയിളവ് നല്‍കുന്നതു കുടുംബശ്രീ സംസ്ഥാന മിഷനാണ്. സാധാരണയായി 1 ലക്ഷം രൂപ വരെ 7% പലിശയ്ക്കു കാര്‍ഷികാവശ്യങ്ങള്‍ക്കായി ബാങ്കുകള്‍ നല്‍കാറുണ്ട്. എന്നാല്‍, ഇത്തരത്തില്‍ ലോണെടുക്കുന്ന ഒരു സംഘത്തിനു പലിശരഹിത വായ്പ ലഭ്യമാക്കാന്‍ കുടുംബശ്രീ സംവിധാനത്തിലൂടെ സാധിക്കുന്നു. 5% പലിശയിളവ് കുടുംബശ്രീ നല്‍കുകയും കൃത്യമായി തിരിച്ചടയ്ക്കുന്ന സംഘങ്ങള്‍ക്കു 2% പലിശയിളവ് ബാങ്കുകള്‍ നല്‍കുകയും ചെയ്യുമ്പോള്‍ 0% പലിശയ്ക്കു കുടുംബശ്രീയിലൂടെ കാര്‍ഷിക വായ്പ ലഭ്യമാകുന്നു. 360 കോടി രൂപയാണ് ഈ വര്‍ഷം കാര്‍ഷിക വായ്പയായി കുടുംബശ്രീ സംഘങ്ങള്‍ക്കു ബാങ്കുകളിലൂടെ ലഭ്യമായിട്ടുള്ളത്.
വായ്പകള്‍ക്കു പലിശയിളവു നല്‍കുന്നതുകൂടാതെ വായ്പയെടുക്കുന്ന സംഘങ്ങള്‍ക്കു കാര്‍ഷിക പ്രോല്‍സാഹന ധനസഹായവും കുടുംബശ്രീ നല്‍കുന്നു. കൃഷിചെയ്യുന്ന ഭൂമിയുടെ വിസ്തീര്‍ണവും വിളയുടെ തരവും നോക്കിയാണ് ഈ പ്രോല്‍സാഹന ധനസഹായം നല്‍കാറ്. ഉദാഹരണമായി ഒരു ഹെക്ടര്‍ സ്ഥലത്തു നെല്ല് ഉല്‍പാദിപ്പിക്കുന്ന സംഘത്തിനു 10,200 രൂപയും വാഴക്കൃഷി നടത്തുന്ന സംഘത്തിന് 6,600 രൂപയും പ്രോല്‍സാഹന ധനമായി കുടുംബശ്രീ ലഭ്യമാക്കുന്നു. വനിതാ കൃഷിസംഘങ്ങള്‍ക്കു വലിയൊരു പ്രേരണ നല്‍കാന്‍ ഈ പ്രോല്‍സാഹനത്തിലൂടെ സാധിക്കുന്നു.
ഇതു കൂടാതെ ആവശ്യമായ പരിശീലനം സംഘകൃഷി ഗ്രൂപ്പുകള്‍ക്കു നല്‍കാന്‍ കുടുംബശ്രീ മിഷന്‍ എപ്പോഴും ശ്രദ്ധ നല്‍കുന്നുണ്ട്. കാര്‍ഷിക മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവച്ചവരെ ‘മാസ്റ്റര്‍ ഫാര്‍മര്‍’ ആയി തിരഞ്ഞെടുത്ത് അവരിലൂടെയാണു പുതിയ സംഘങ്ങള്‍ക്കു പരിശീലനം നല്‍കുന്നത്. ഇന്ന് 20 വനിതാ കൃഷിസംഘങ്ങള്‍ക്ക് ഒരു മാസ്റ്റര്‍ കര്‍ഷകന്‍ ഉണ്ട്. മൂന്നു തലത്തിലുള്ള പരിശീലനത്തിനും തിരഞ്ഞെടുപ്പിനും ശേഷമാണു മാസ്റ്റര്‍ ഫാര്‍മര്‍മാരെ കുടുംബശ്രീ തിരഞ്ഞെടുക്കുന്നത് എന്നതിനാല്‍ ഇവരിലൂടെ സംഘങ്ങള്‍ക്കു കൃഷിചെയ്യാനുള്ള അറിവും സഹായവുമെല്ലാം കൃത്യമായി ലഭിക്കുന്നു. ഇതു കൂടാതെ വനിതാ കര്‍ഷകരുടെ കൂട്ടായ്മകളെ പഠിക്കാനും പ്രവര്‍ത്തനം വിലയിരുത്താനും ഖഋഢഅ (ഖഘഏ ഋ്മഹൗമശേീി അഴലി)േ എന്ന പേരില്‍ കുടുംബശ്രീ അംഗങ്ങളുടെ പ്രത്യേക ഗ്രൂപ്പും ഉണ്ടാക്കിയിട്ടുണ്ട്.
വിപണി കണ്ടെത്താന്‍ നല്‍കുന്ന സഹായം കൂടാതെ, കാര്‍ഷിക മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാന്‍ വലിയ അളവില്‍ പ്രോല്‍സാഹനം നല്‍കാന്‍ കുടുംബശ്രീ ഉദ്ദേശിക്കുന്നു. നഴ്‌സറി, വിത്തുസംഭരണ കേന്ദ്രം, ജാം, സ്‌ക്വാഷ് തുടങ്ങിയ വിവിധ മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ സംരംഭങ്ങള്‍ ആരംഭിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കു പ്രോജക്ടിന്റെ അടിസ്ഥാനത്തില്‍ 50,000 രൂപ വരെ ധനസഹായം കുടുംബശ്രീയില്‍നിന്നു ലഭിക്കുന്നു.
വിഷമില്ലാത്ത പച്ചക്കറികള്‍ നമ്മുടെ കുടുംബങ്ങള്‍ക്കു നല്‍കാനും കൃഷിയിലൂടെ വരുമാനം കണ്ടെത്താനും തരിശുനിലങ്ങളില്‍ ഉല്‍പാദനം നടത്തി ഭൂമിയുടെ മികച്ച ഉപയോഗം സാധ്യമാക്കാനും നാടിനു ഭക്ഷ്യസുരക്ഷ ഉറപ്പുനല്‍കാനും മറ്റും വലിയൊരു അവസരമാണു വനിതാ സംഘകൃഷി. താല്‍പര്യമുള്ളവര്‍ക്കു കുടുംബശ്രീയിലൂടെ വലിയ കൈത്താങ്ങും ധനസഹായവും പരിശീലനവുമൊക്കെ ലഭ്യമാകുമെന്നതിനാല്‍ സംഘകൃഷിയില്‍ പങ്കാളിയാവാന്‍ താല്‍പര്യമുള്ളവര്‍ കുടുംബശ്രീ സംഘടനാ സംവിധാനത്തിലൂടെ മുന്നോട്ടുവരണമെന്ന് അഭ്യര്‍ഥിക്കട്ടെ. സുരക്ഷിതമായ ഭക്ഷണത്തിനായി നമുക്കു കുടുംബശ്രീയിലൂടെ കൈകോര്‍ക്കാം.