Capturing Business 360°

സക്കര്‍ബര്‍ഗിന് ശേഷം ഫെയ്‌സ്ബുക്കിന്റെ അമരത്തേക്ക് ‘ക്രിസ് കോക്‌സ്’ എത്തിയേക്കുമെന്ന് അന്താരാഷ്ട മാധ്യമങ്ങൾ

ന്യൂഏജ് ന്യൂസ്

മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്ന മുപ്പത്തിനാലുകാരനാണ് ഫെയ്‌സ്ബുക്കിന്റെ സ്രഷ്ടാവും ഇപ്പോഴത്തെ മേധാവിയും. 2004-ല്‍ ജന്മം കൊണ്ട ഫെയ്‌സ്ബുക്കിനെ ലോകത്തെ ഏറ്റവും വലിയ സാങ്കേതിക സ്ഥാപനങ്ങളിലൊന്നായി മാറിയത് മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ നേതൃത്വത്തിലാണ്. അടുത്തിടെ ഫെയ്‌സ്ബുക്കിന്റെ വിവിധ വിഭാഗങ്ങളുടെ ചുമതലകളില്‍ വലിയ അഴിച്ചുപണിയാണുണ്ടായത്. വാട്‌സ്‌ആപ്പ് ഉള്‍പ്പടെയുള്ള സഹസ്ഥാപനങ്ങളുടെയും വിഭാഗങ്ങളുടേയും മേധാവികളെയെല്ലാം കമ്ബനി മാറ്റി നിയമിച്ചു.

ഈ അവസരത്തിലാണ് ഒരു ചോദ്യം ഏറെ ചര്‍ച്ചയായത്. സക്കര്‍ബര്‍ഗിന്റെ അഭാവത്തില്‍ ആരാവും അദ്ദേഹത്തിന് പകരക്കാരന്‍. അതിന് ഒരുത്തരമായിരിക്കുന്നു. ഫെയ്‌സ്ബുക്കിന്റെ ചീഫ് പ്രൊഡക്റ്റ് ഓഫീസര്‍ ആയിരുന്ന ക്രിസ് കോക്‌സ് ആയിരിക്കും സക്കര്‍ബര്‍ഗിന് പിന്‍ഗാമിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നത്‌.

നേതൃനിരയിലുണ്ടായ പുന:സംഘടനയില്‍ ഫെയ്‌സ്ബുക്കിലെ സുപ്രധാന ചുമതലകള്‍ ചിലത് ഏല്‍പ്പിച്ചുകിട്ടിയത് ക്രിക്‌സ് കോക്‌സിനാണ്. ഇന്‍സ്റ്റാഗ്രാം, വാട്‌സ്‌ആപ്പ്, മെസഞ്ചര്‍ പോലുള്ള ഫേയ്‌സ്ബുക്ക് ആപ്ലിക്കേഷനുകളുടേയെല്ലാം ചുമതല ഇപ്പോള്‍ ക്രിസ് കോക്‌സിനാണ്.

ആരാണ് ക്രിസ് കോക്‌സ്

മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഉറ്റ സുഹൃത്താണ് കോക്‌സ്. സ്റ്റാര്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍നിന്നുള്ള ഈ ബിരുദധാരി 2005-ലാണ് ഫെയ്‌സ്ബുക്കിന്റെ ഭാഗമാവുന്നത്. അന്നുമുതല്‍ സ്തുത്യര്‍ഹമായ സേവനങ്ങളാണ് അദ്ദേഹം കമ്ബനിയ്ക്ക് വേണ്ടി നല്‍കി വരുന്നത്. ആളുകളുമായെല്ലാം ഏറെ അടുപ്പം പുലര്‍ത്തുകയും പ്രസന്നവദനനായി പൊതുവേദികളിലെല്ലാം പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന കോക്‌സ് ഫെയ്‌സ്ബുക്കിലെ താരമായാണ് അറിയപ്പെടുന്നത്.

ഫെയ്‌സ്ബുക്ക് ന്യൂസ് ഫീഡില്‍ അടുത്തിടെയുണ്ടായ മാറ്റങ്ങളുടെയെല്ലാം പിന്നില്‍ ക്രിസ് കോക്‌സിന്റെ കൈകളാണ്. ലൈക്ക് ബട്ടനുകളില്‍ വന്ന മാറ്റങ്ങള്‍ മുതല്‍ ഫെയ്‌സ്ബുക്ക് ലൈവ് സംവിധാനമടക്കം ക്രിസ് കോക്‌സിന്റെ നേതൃത്വത്തില്‍ സൃഷ്ടിക്കപ്പെട്ടവയാണ്. ഫെയ്‌സ്ബുക്കിന് ഏറെ നേട്ടങ്ങളുണ്ടാക്കിയ പരിഷ്‌കാരങ്ങളായിരുന്നു ഇവയെല്ലാം തന്നെ.

ഫെയ്‌സ്ബുക്കിലേക്ക് കാലെടുത്തുവെക്കുന്ന പുതിയ ജീവനക്കാരെല്ലാം തന്നെ ആദ്യം കാണുന്നത് കോക്‌സിനെയാണ്. 12 വര്‍ഷക്കാലത്തോളം ഫെയ്‌സ്ബുക്കിന്റെ സ്പന്ദനങ്ങളെല്ലാം അറിയുന്ന കോക്‌സ് ആണ് കമ്ബനിയിലേക്ക് വരുന്ന പുതിയ ജീവനക്കാര്‍ക്ക് ഫെയ്‌സ്ബുക്കിന്റെ രീതികളും സമ്ബ്രദായങ്ങളും സംസ്‌കാരവുമെല്ലാം പരിചിതമാക്കി നല്‍കുന്നത്. ഫെയ്‌സ്ബുക്കിന്റെ പൊതുയോഗങ്ങളിലെല്ലാം സംസാരിക്കുന്നയാളുകൂടിയാണ് അദ്ദേഹം.

ആളുകളെ കയ്യിലെടുക്കുന്ന കാര്യത്തില്‍ സക്കര്‍ബര്‍ഗിനേക്കാള്‍ മുന്നിലാണ് കോക്‌സ്. കോക്‌സിന്റെ എഞ്ചിനീയറിങ് വൈദഗ്ധ്യവും ഫെയ്‌സ്ബുക്ക് ചരിത്രത്തിന്റെ ഭാഗമാണെന്നതും ഒപ്പം ഗാംഭീര്യമുള്ള ശബ്ദവും വേദികളില്‍ കോക്‌സിനെ ശ്രദ്ധേയനാക്കാറുണ്ട്. ഇക്കാരണങ്ങളാലെല്ലാം തന്നെ മെന്‍ലോ പാര്‍ക്കില്‍ സക്കര്‍ബര്‍ഗിനെ പോലെ തന്നെ നാലാളറിയുന്ന മുഖമാണ് ക്രിസ് കോക്‌സിന്റേത്.

പുതിയ ചുമതലകള്‍

ഇതുവരെ വഹിച്ചതിലും ഏറ്റവും പ്രധാനപ്പെട്ട ചുമതലയാണ് ഇപ്പോള്‍ കോക്‌സിനുള്ളത്. ഫെയ്‌സ്ബുക്കിന്റെ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് ആപ്ലിക്കേഷനുകളുടേയെല്ലാം ചുമതല. കമ്ബനിയുടെ അടിത്തറയും ഈ മേഖലയാണ്.

വാട്‌സ്‌ആപ്പിനേയും ഇന്‍സ്റ്റാഗ്രാമിനേയും ഒപ്പം മറ്റ് ഫെയ്‌സ്ബുക്ക് ആപ്പുകളെയും ഒരു മേധാവിയ്ക്ക് കീഴില്‍ കൊണ്ടുവരുന്നതിലൂടെ ഈ രണ്ട് ആപ്ലിക്കേഷനുകളെയും കമ്ബനിയിലേക്ക് കൂടുതല്‍ അടുപ്പിക്കാന്‍ ഫെയ്‌സ്ബുക്ക് ലക്ഷ്യമിടുന്നു.

കമ്ബനിയുടെ നേതൃഘടനയിലുണ്ടായ പുതിയ മാറ്റങ്ങള്‍ ഫെയ്ബുക്ക് സാമ്രാജ്യത്തെ അടക്കിവാഴുന്ന മേധാവിയെന്ന നിലയിലേക്ക് സക്കര്‍ബര്‍ഗിനെ ഉയര്‍ത്തുകയാണ്. അതുകൊണ്ടുതന്നെ ഫെയ്‌സ്ബുക്കിന്റെ സുപ്രധാന സോഷ്യല്‍ മീഡിയാ ആപ്ലിക്കേഷനുകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് ഒരു സഹായി ഇല്ലാതെ പറ്റില്ല. അതുകൊണ്ടുതന്നെയാണ് ക്രിസ് കോക്‌സിനെ തന്നെ ആ ചുമതലയിലേക്ക് സക്കര്‍ബര്‍ഗ് കൊണ്ടുവരുന്നത്.

ഫെയ്‌സ്ബുക്കിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് 2018 വര്‍ഷാരംഭത്തില്‍ പ്രഖ്യാപിച്ച മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ആ ലക്ഷ്യം പൂര്‍ത്തീകരിക്കുകയാവും കോക്‌സിന്റെ പ്രധാന ചുമതല.