Capturing Business 360°

ലോക കാല്‍പ്പന്ത്‌ മാമാങ്കത്തിന്‌ ഒരു മാസംകൂടി; 23 അംഗ ടീമിനെ പ്രഖ്യാപിച്ച്‌ ബ്രസീല്‍

ന്യൂഏജ് ന്യൂസ്

ലോകം ഫുട്‌ബോള്‍ മാമാങ്കത്തിന്റെ ആവേശത്തിലേക്കു ഉരുണ്ടു വീഴാന്‍ ഇനി 30 ദിവസങ്ങള്‍ കൂടി. 21-ാം ഫിഫ ലോകകപ്പ്‌ മാമാങ്കത്തിന്‌ അടുത്തമാസം 14 ന്‌ മോസ്‌കോയിലെ ലുസ്‌നിക്കി സ്‌റ്റേഡിയത്തില്‍ കിക്കോഫാകും. ജൂലൈ 15 ന്‌ ഇതേ വേദിയില്‍ ലോകകിരീട ജേതാക്കളെ കാണാനാകും. ലോകകപ്പിന്‌ ആദ്യമായി ആതിഥ്യമരുളുന്ന റഷ്യ 13 നഗരങ്ങളിലായി 12 സ്‌റ്റേഡിയങ്ങളാണ്‌ മത്സരങ്ങള്‍ക്കായി തയാറാക്കിയിരിക്കുന്നത്‌. ഇവയില്‍ ഒമ്ബതെണ്ണവും ലോകകപ്പിനായി മാത്രം നിര്‍മ്മിച്ചവയാണ്‌. ആകെ എട്ട്‌ ഗ്രൂപ്പുകളിലായി 32 ടീമുകളാണ്‌ ലോകകിരീടത്തിനായി മാറ്റുരയ്‌ക്കുന്നത്‌. ഇതില്‍ 20 രാജ്യങ്ങള്‍ കഴിഞ്ഞ ലോകകപ്പ്‌ കളിച്ചവരാണ്‌.
കിരീടം നേടിയിട്ടു 16 വര്‍ഷത്തെ ഇടവേളയുമായി വരുന്ന ലാറ്റിനമേരിക്കയും, തുടര്‍ച്ചയായി നാലാം കിരീടത്തിനായി എത്തുന്ന യൂറോപ്പും തമ്മില്‍ വാശിയേറിയ ഏറ്റുമുട്ടലായിരിക്കും റഷ്യയില്‍ നടക്കുക. 1934, 38 വര്‍ഷങ്ങളില്‍ ഇറ്റലി തുടര്‍കിരീടം നേടിയ ശേഷം കിരീടം തുടര്‍ച്ചയായി യൂറോപ്പിലേക്കെത്തുന്നത്‌ 2006, 2010 ലോകകപ്പുകളിലെ വിജയത്തോടെയാണ്‌. 2006 ഇറ്റലി കിരീടം ചൂടിയപ്പോള്‍, 2010 കിരീടം സ്‌പെയിന്‍ സ്വന്തമാക്കി. 2014 ല്‍ ജര്‍മനിയിലേക്കാണ്‌ ലോകകിരീടം എത്തിയത്‌.
2010, 14 ലോകകപ്പ്‌ വിജയങ്ങളോടെ യൂറോപ്പിന്‌ പുറത്ത്‌ നടക്കുന്ന ലോകകപ്പിലും കിരീടം ചൂടാമെന്ന്‌ തെളിയിച്ച യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക്‌ റഷ്യയില്‍ ലോകകപ്പ്‌ നടക്കുമ്ബോള്‍ സാധ്യത കൂടുതലാണെന്ന്‌ വിലയിരുത്തപ്പെടുന്നു. നെയ്‌മറുടെ ബ്രസീലിലും മെസിയുടെ അര്‍ജന്റീനയിലുമാണ്‌ ലാറ്റിനമേരിക്കയുടെ പ്രതീക്ഷകള്‍.
ഇവര്‍ക്കു വെല്ലുവളിയുമായി ടീം ഗെയിമിന്റെ കരുത്തില്‍ ജര്‍മനിയും സ്‌പെയിനുമുണ്ട്‌. ഫ്രാന്‍സും, ഇംഗ്ലണ്ടും, ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലുമൊക്കെ യൂറോപ്പിന്റെ പ്രതീക്ഷകളാണ്‌.

അതിനിടെ അഞ്ചു തവണ ലോകകപ്പിന് മുത്തമിട്ട ബ്രസീല്‍ കപ്പ് തിരിച്ചുപിടിക്കാനുള്ള കഠിന പരിശ്രമത്തിലാണ്. 2014ലെ തോല്‍വിക്ക് മറുപടി നല്‍കാന്‍ 23 അംഗ അഗ ടീമിനെ പ്രഖ്യാപിച്ച്‌ ബ്രസീല്‍. ലോകകപ്പിനായുള്ള ബ്രസീല്‍ ടീമിനെ പരിശീലകന്‍ ടിറ്റെയാണ് പ്രഖ്യാപിച്ചത്. റഷ്യയില്‍ അടുത്ത മാസം നടക്കുന്ന ലോകകപ്പിനായുള്ള 23 അംഗ സ്‌ക്വാഡിനെയാണ് പ്രഖ്യാപിച്ചത്. നെയ്മര്‍, കുട്ടീന്യോ, ഫെര്‍മീന്യോ, വില്ല്യന്‍, പൗളീന്യോ, ഫെര്‍ണാണ്ടീന്യോ തുടങ്ങിയ പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടുന്നതാണ് ടീം. യുവതാരം ആര്‍തറിനെ, മൊണാക്കോയുടെ ഫാബിനോ, യുവന്റസ് ഫുള്‍ബാക്ക് അലക് സാന്‍ട്രോ തുടങ്ങിയവര്‍ ടീമിലില്ല.