Capturing Business 360°

പി.എന്‍.ബി തട്ടിപ്പിലെ സിബിഐ കുറ്റപത്രം തിരിച്ചടിയായി; അലഹബാദ്‌ ബാങ്ക്‌ മേധാവി ഉഷാ അനന്തസുബ്രഹ്‌മണ്യത്തിനെ ചുമതലകളില്‍നിന്ന്‌ നീക്കി

ന്യൂഏജ് ന്യൂസ്

ന്യൂഡല്‍ഹി: അലഹബാദ്‌ ബാങ്ക്‌ സി.ഇ.ഒ യും എം.ഡിയുമായ ഉഷാ അനന്തസുബ്രഹ്‌മണ്യത്തിനെ ചുമതലകളില്‍നിന്നും മാറ്റിനിര്‍ത്താന്‍ ധനകാര്യ സേവന സെക്രട്ടറി രാജീവ്‌ കുമാര്‍ ഉത്തരവിട്ടു. 2015 മുതല്‍ 2017 വരെയുള്ള കാലയളവില്‍ പഞ്ചാബ്‌ നാഷണല്‍ ബാങ്കിന്റെ സി.ഇ.ഒ യും എം.ഡിയുമായി സേവനമനുഷ്‌ഠിച്ച ഉഷ അനന്തസുബ്രഹ്‌മണ്യത്തെ പി.എന്‍.ബി തട്ടിപ്പുമായി ബന്ധപ്പെട്ട്‌ സിബിഐ ചോദ്യം ചെയ്യുകയും കുറ്റപത്രത്തിൽ പേരുൾപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ്‌ അലഹബാദ്‌ ബാങ്കിന്റെ ചുമതലകളില്‍നിന്നും നീക്കിയത്‌.

സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തെത്തുടര്‍ന്ന്‌ ബാങ്ക്‌ വിളിച്ചുച്ചേര്‍ത്ത ബോര്‍ഡ്‌ മീറ്റിങ്ങിനുശേഷമാണ്‌ ഈ തീരുമാനം. ബോര്‍ഡ്‌ തലത്തിലുള്ള മൂന്ന്‌ ഓഫീസര്‍മാരെയും രണ്ട്‌ ഇഡി ഓഫീസര്‍മാരെയും നീക്കം ചെയ്യാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്‌. ഇന്നലെ സി.ബി.ഐ നീരവ്‌ മോഡിക്കും മറ്റു ഉദ്യോഗസ്‌ഥരേയും പ്രതിചേര്‍ത്ത്‌ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. മുബൈയിലെ പ്രത്യേക കോടതിയിലാണ്‌ കുറ്റപത്രം സമര്‍പ്പിച്ചത്‌. ഉഷാ അനന്തസുബ്രഹ്‌മണ്യം ഉള്‍പ്പെടെ നിരവധി ഉന്നത ഉദ്യോഗസ്‌ഥര്‍ക്കെതിരേ പി.എന്‍.ബി തട്ടിപ്പുമായി ബന്ധപ്പെട്ട്‌ ആരോപണമുയര്‍ന്നിട്ടുണ്ട്‌.