Capturing Business 360°

കര്‍ണാടകയിലെ ബിജെപി മുന്നേറ്റം ഓഹരിവിപണിക്കും കരുത്തായി; സെന്‍സെക്സ് 260 പോയിന്റ് ഉയര്‍ന്നു

ന്യൂഏജ് ന്യൂസ്

മുംബൈ: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റത്തിന് പിന്നാലെ ഓഹരി വിപണിയിലും കുതിപ്പ്. സെന്‍സെക്സ് 260 പോയിന്റ് ഉയര്‍ന്ന് 35817ലും നിഫ്റ്റി 70.5 പോയിന്റ് ഉയര്‍ന്ന് 10877ലുമാണ് നിലവില്‍ വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച താഴ്ന്ന നിരക്കില്‍ വ്യാപാരം ആരംഭിച്ച ഓഹരി വിപണിയില്‍ കര്‍ണാടക ഫലമാണ് കുതിപ്പ് സൃഷ്ടിച്ചത്.

പവര്‍ ഗ്രിഡ്, ടാറ്റാ സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, ഗെയില്‍, എച്ച്‌ഡിഎഫ്സി തുടങ്ങിയവയെല്ലാം മികച്ച നേട്ടമുണ്ടാക്കി. കര്‍ണാടകയിലെ ആദ്യഫലസൂചനകള്‍ പുറത്തുവന്നതു മുതല്‍ ഓഹരി വിപണിയില്‍ കുതിപ്പ് ആരംഭിച്ചിരുന്നു. കര്‍ണാടകയില്‍ 120ഓളം സീറ്റുകളില്‍ വ്യക്തമായ ലീഡ് നേടിയാണ് ബിജെപി മുന്നേറ്റം നടത്തുന്നത്.

കേവലഭൂരിപക്ഷമായ 113ഉം പിന്നിട്ട ബിജെപിയ്ക്ക് ഈ മുന്നേറ്റം തുടരാനായാല്‍ ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനാവും. കര്‍ണാടകയിലെ അഞ്ച് മേഖലകളിലും ബിജെപിയ്ക്കാണ് ആധിപത്യം. ഒരിടത്ത് ജെഡിഎസിനാണ് മേല്‍ക്കൈ. ഒട്ടേറെ സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പെടെ മിക്ക മണ്ഡലങ്ങളിലും കോണ്‍ഗ്രസ് പിന്നില്‍പോയി.