Capturing Business 360°

റബ്ബറിനെ ഇനി ആരാണ് രക്ഷിക്കുക ? – എഡിറ്റോറിയല്‍

ന്യൂഏജ് ന്യൂസ്

രാജ്യത്ത് റബ്ബര്‍ ഉല്പാദനത്തില്‍ ഒന്നാം സ്ഥാനത്തുളള സംസ്ഥാനത്തെ കേന്ദ്രകയറ്റുമതി പ്രോത്സാഹന നയത്തില്‍ ഉള്‍പ്പെടുത്താതിരുന്ന കേന്ദ്ര നടപടിയ്‌ക്കെതിരെ വന്‍ പ്രതിഷേധമുയരുകയാണ്. 22 -ഓളം കാര്‍ഷിക വിളകള്‍ക്കായി തയ്യാറാക്കിയ കേന്ദ്ര നയത്തില്‍ പൈനാപ്പിള്‍, ഇഞ്ചി എന്നിവ മാത്രമാണ് സംസ്ഥ്ാനത്തിന്റെതായി ഉള്‍പ്പെടുത്തപ്പെട്ടത്. രാജ്യത്ത് റബ്ബര്‍ ഉല്പാദനത്തില്‍ 80 ശതമാനത്തിലേറെയും വരുന്നത് സംസ്ഥാനത്തു നിന്നാണെങ്കിലും കേന്ദ്രത്തിന്റെ നയത്തില്‍ സംസ്ഥാനെത്ത ഒരു ജില്ല പോലും ഉള്‍പ്പെടുന്നില്ല. എന്നാല്‍ ഉല്പാദനത്തില്‍ പിന്നില്‍ നില്‍ക്കുന്ന ത്രിപുരയിലെ ചില ജില്ലകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ലോകത്തിലെ തന്നെ ഗുണമേന്മയുളള സ്വാഭാവിക റബ്ബര്‍ ഉല്പാദിപ്പിക്കുന്ന സംസ്ഥാനത്തെ കയറ്റുമതി പ്രോത്സാഹന പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ കാര്യം തന്നെയാണ്. സംസ്ഥാനത്തെ റബ്ബര്‍ കര്‍ഷകര്‍ വര്‍ഷങ്ങളായി വിലയിടിച്ചിലിന്റെ ദുരിതക്കയത്തിലാണെന്നതും ഓര്‍്ക്കണം. റബ്ബര്‍ വില നൂറു രൂപയിലും താഴെയെത്തിയ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ വില സ്ഥിരതാപദ്ധതി നടപ്പാക്കിയത്. ഇതൊക്കെ പരിമിതമായ തരത്തിലുളള ആശ്വാസം മാത്രമെ കര്‍ഷകന് നല്‍കിയിട്ടുളളൂ. അശാസ്ത്രീയമായ ഇറക്കുമതി നയവും ടയര്‍ കമ്പനികളുടെ വിപണി തന്ത്രങ്ങളും അതിനു സഹായം ചെയ്യുന്ന കേന്ദ്രനയങ്ങളുമെല്ലാം ചേര്‍ന്ന് റബ്ബര്‍ മേഖലയെ നിലംപരിശാക്കുകയാണ്. ഈ സാഹചര്യത്തിന് മാറ്റം വരണം. റബ്ബര്‍ ഉല്പാദക രാജ്യങ്ങളിലെല്ലാം മികച്ച ഉല്പാദനം ഉണ്ടായിട്ടുളള സാഹചര്യത്തില്‍ ലഭ്യത ഉയര്‍ന്നതിനാല്‍ വില വര്‍ദ്ധനയ്ക്ക് ഉടന്‍ സാദ്ധ്യതയില്ലെന്നാണ് വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ ചില പ്രായോഗിക സമീപനങ്ങള്‍ റബ്ബര്‍ മേഖലയില്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. റബ്ബര്‍ കൃഷി ഉപേക്ഷിക്കാതെ തന്നെ തോട്ടങ്ങളില്‍ പലതരം ഇടവിളകള്‍ കൃഷിചെയ്യാവുന്നതാണ്. റീപ്ലാന്റ് ചെയ്യുന്ന ഇടവേളകളില്‍ പൈനാപ്പിളും മറ്റും കൃഷി ചെയ്യാം്. റബ്ബര്‍ ഉപയോഗിച്ചുളള ഉല്പന്ന നിര്‍മ്മാണവും പരിഗണിക്കണം. മൂല്യവര്‍ദ്ധനവ് കാര്‍ഷിക രംഗത്ത് വിപ്ലവം തീര്‍ക്കുന്ന കാലമാണ്. റബ്ബറിന്റെ കാര്യത്തിലും അത് പ്രയോജനപ്പെടുത്തണം. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തന്നെ ടയര്‍ വ്യവസായം എന്തുകൊണ്ട് ആരംഭിച്ചുകൂട? യുവാക്കള്‍ റബ്ബര്‍ അധിഷ്ഠിത സംരംഭങ്ങളിലെത്തുന്നതും പ്രയോജനം ചെയ്യും. കൃഷി അന്തസ്സുളള ഒരു തൊഴില്‍ മേഖലയെന്ന നിലയില്‍ പരിവര്‍ത്തനം ചെയ്യപ്പെടുന്നതിനും സാഹചര്യമൊരുക്കണം. ടയര്‍ ലോബിയും രാഷ്ട്രീയ ലോബിയും റബ്ബര്‍ മേഖലയോടുളള അവഗണനയില്‍ പങ്കാളികളാണെന്ന ചിന്ത ശക്തമാണ്. പുറത്തു വരുന്ന നടപടികളും തീരുമാനങ്ങളും ഈ ചിന്ത ബലപ്പെടുത്തുമ്പോള്‍ റബ്ബറിനെ ഇനി ആരാണ്.രക്ഷിക്കുക എന്ന ചിന്തയും വ്യാപകമായി ഉയരുന്നുണ്ട്.

രാഷ്ട്രീയ നേതൃത്വത്തിന് ഇതില്‍ താല്പര്യമില്ല – പി.സി.സിറിയക്

റബ്ബര്‍ വിലയിടിവുമായി ബന്ധപ്പെട്ട് മുമ്പ് അന്നത്തെ വാണിജ്യമന്ത്രി നിര്‍മ്മലാ സീതാരാമനെ നേരില്‍ കണ്ടിരുന്നു. അന്ന് റബ്ബറിനായി നയം ഉടന്‍ ഉണ്ടാകുമെന്നും പറഞ്ഞിരുന്നു. രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ റബ്ബറിനു മാത്രമായി ഒരു നയം ആവശ്യമില്ലെന്ന തീരുമാനമാണുണ്ടായത്. ഇപ്പോള്‍ വീണ്ടും നയം ഉണ്ടാകുമെന്ന വാര്‍ത്ത വരുന്നുണ്ട്. കയറ്റുമതി പ്രോത്സാഹന പദ്ധതിയില്‍ നിന്ന് കേരളത്തിന്റെ റബ്ബര്‍ ഒഴിവാക്കുകയാണുണ്ടായത്. ഏറ്റവും അധികം റബ്ബര്‍ ഉല്പാദനമുളള സംസ്ഥാനമെന്ന പരിഗണന പോലും ഇവിടെ ലഭിച്ചില്ല. പൊളിറ്റിക്കല്‍ ഇടപെടല്‍ ഉണ്ടാകുമെന്നു കരുതുന്നില്ല. കര്‍ഷകന്റെ ഭാഗത്തു നിന്ന് ചെയ്യാവുന്നത് ചെയ്യുകയെന്നതാണ് പ്രധാനം. റബ്ബര്‍ തോട്ടങ്ങളില്‍ ഇടവിളയ്ക്ക് വലിയ പ്രതീക്ഷയുണ്ടെന്നു കരുതുന്നില്ല. ടാപ്പ് ചെയ്യുന്ന റബ്ബര്‍ അതുപോലെ തുടരണം. റിപ്ലാന്റ് ചെയ്യാതെ പൈനാപ്പിള്‍, കമുക്, എണ്ണപ്പന തുടങ്ങിയവ കൃഷി ചെയ്യാം. ജലലഭ്യതയനുസരിച്ച് ജാതിയും കൃഷി ചെയ്യാവുന്നതാണ്. മറ്റ് വ്യവസായങ്ങള്‍ക്ക് ലൈസന്‍സ് തരപ്പെടുത്തുന്നത് വലിയ ബുദ്ധിമുട്ടുളള കാര്യമായിരിക്കും. ഉദേ്യാഗസ്ഥതലത്തിലെ മെല്ലെപ്പോക്ക് തടസങ്ങള്‍ സൃഷ്ടിക്കും. വോട്ട് ബാങ്ക് മാത്രം ലക്ഷ്യമിടുന്ന സര്‍ക്കാരില്‍ നിന്ന് അനുകൂലനയം പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല.

(ലേഖകന്‍ റബ്ബര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാനും മുന്‍ തമിഴ്‌നാട് അഡീഷണല്‍ ചീഫ് സെക്രട്ടറിയുമാണ്)

റബ്ബര്‍ കര്‍ഷകര്‍ മാറി ചിന്തിക്കണം – പി.സി.ജോര്‍ജ്ജ്

റബ്ബറിന്റെ കാര്യത്തില്‍ കേന്ദ്ര ഭരണത്തില്‍ മാറി മാറി വരുന്ന സര്‍ക്കാരുകളെല്ലാം തന്നെ തികഞ്ഞ അവഗണനയാണ് കാണിച്ചിട്ടുളളത്. കയറ്റുമതി പ്രോത്സാഹനത്തിനായുളള പട്ടികയില്‍ കേരളത്തിന് വേണ്ട പരിഗണന നല്‍കാത്തതും ഈ സമീപനത്തിന്റെ തുടര്‍ച്ചയായി തന്നെ കാണണം. സംസ്ഥാനത്ത് ഇനി റബ്ബറിന് വലിയ പ്രതീക്ഷയുണ്ടെന്നു കരുതുന്നില്ല. ടയര്‍ ഉല്പാദനത്തില്‍ സിന്തറ്റിക് റബ്ബറാണ് അധികവും ഉപയോഗിക്കുന്നത്. സ്വാഭാവിക റബ്ബറിന്റെ ഉപയോഗം വിമാനത്തിന്റെ ടയര്‍ നിര്‍മ്മാണത്തിലാണ് വരുന്നത്. അതിനുളള റബ്ബര്‍ മലേഷ്യയില്‍ നിന്നും ഇറക്കുമതി വഴി എത്തുന്നുണ്ട്. കേരളത്തിലെ കര്‍ഷകര്‍ ഇനി റബ്ബര്‍ മൊത്തം വെട്ടിമാറ്റി തേക്കിന്‍ തൈ നടണം. പത്തോ ഇരുപതോ വര്‍ഷം കൊണ്ട് നല്ല വരുമാനമുണ്ടാക്കാം. റബ്ബര്‍ തോട്ടങ്ങളില്‍ കൊക്കൊ, ഗ്രാമ്പൂ, കാപ്പി, കുരുമുളക്, ജാതി മുതലായവ കൃഷി ചെയ്യണം. റബ്ബര്‍ പരിസ്ഥിതി പ്രശ്‌നമുണ്ടാക്കുന്നുണ്ട്. റബ്ബര്‍ മരം നട്ട് പത്ത് വര്‍ഷം കൊണ്ട് സമീപത്തെ ജലസ്സ്രോതസ്സുകള്‍ വറ്റിത്തുടങ്ങും. അത്രമാത്രം ജലം വലിച്ചെടുക്കുന്നുണ്ട്. വിലയില്ലാത്ത സാഹചര്യത്തില്‍ ഇത് എന്തിനാണ് നട്ടുവളര്‍ത്തുന്നത്. നമ്മുടെ കൃഷിക്കാര്‍ ഇനിയെങ്കിലും മാറി ചിന്തിക്കണം. 120 രൂപയില്‍ താഴെ വിലയുളള റബ്ബര്‍ കര്‍ഷകന് അധിക ബാദ്ധ്യതയാണ് നല്‍കുന്നത്. ഒരു സര്‍ക്കാരിനും ഇതില്‍ താല്പര്യമില്ലെന്നിരിക്കെ എന്തിനാണ് ഇതിനായി നഷ്ടം വരുത്തി വെയ്ക്കുന്നത്. മറ്റ് ലാഭകരമായ വിളകളിലേക്ക് മാറി വരുമാനം നേടുകയാണ് വേണ്ടത്.

(പൂഞ്ഞാര്‍ എംഎല്‍എയാണ് ലേഖകന്‍)

മൂല്യവര്‍ദ്ധനവിന് വലിയ പ്രാധാന്യമുണ്ട് – പ്രൊഫ.ജോസ് ജോര്‍ജ്ജ് കടവൂര്‍

റബ്ബറിന്റെ കാര്യത്തില്‍ തുടര്‍ച്ചയായ അവഗണനയാണ് കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. നമ്മുടെ സംസ്ഥാനെത്ത എംപിമാര്‍ എന്തിനാണ് ഡല്‍ഹിയിലേക്ക് പോയത.് രാഷ്ട്രീയ സമ്മര്‍ദ്ദം എന്തുകൊണ്ട് ഉണ്ടാകുന്നില്ല. കര്‍ഷകന് മറ്റു വിളകളിലേക്ക് പോകുന്നതുകൊണ്ട് വലിയ പ്രയോജനമുണ്ടാകണമെന്നില്ല. റബ്ബറിനിടയ്ക്ക് മറ്റു വിളകള്‍ വളരില്ലെന്നത് അനുഭവമാണ്. കാന്താരിയും മറ്റും കൃഷി ചെയ്യാം. എന്നാല്‍ അത് ലാഭകരമാക്കി മാറ്റാന്‍ ബുദ്ധിമുട്ടാണ്. റബ്ബറിന് എല്ലാ മേഖലയിലും ഇന്ന് ആവശ്യമുണ്ട്. മൂല്യവര്‍ദ്ധനവിന് വലിയ പ്രാധാന്യമുണ്ടെന്നത് തളളിക്കളയാനാവില്ല. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ടയര്‍ വ്യവസായം ആരംഭിക്കണം. ഇതിനെതിരെ ടയര്‍ ലോബിയും രാഷ്ട്രീയ ലോബിയും സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. കര്‍ഷകരെ ചൂഷണം ചെയ്യുകയാണ് ഇവര്‍ ചെയ്യുന്നത്. കാര്‍ഷികോല്പന്നത്തെ വ്യാവസായികോല്പന്നമാക്കി മാറ്റിയിരിക്കുന്നു. കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി ഇത് പുന:പരിശോധിക്കണം. മൂല്യവര്‍ദ്ധനതന്നെയാണ് റബ്ബറിനുളള രക്ഷാമാര്‍ഗ്ഗമെന്നതില്‍ സംശയമില്ല.

(ലേഖകന്‍ കടവൂര്‍ റബ്ബര്‍ ഉല്പാദക സംഘം പ്രസിഡന്റാണ്)