Capturing Business 360°

ഒപ്പോ എഫ്7 ആയിരം രൂപയ്ക്ക്; ഫ്ലിപ്കാർട്ട് പരസ്യം ശ്രദ്ധിക്കപ്പെടുന്നു

ന്യൂഏജ് ന്യൂസ്

മുംബൈ: ഫ്ലിപ്പ്കാര്‍ട്ടിന്‍റെ ‘ബിഗ് ഷോപ്പിങ് ഡെയ്സ് ‘ വില്‍പ്പനയുടെ ഭാഗമായി ഫ്ലിപ്പ്കാര്‍ട്ടിന്‍റെ പുതിയ പരസ്യം ചര്‍ച്ചയാകുന്നു. ഇന്ത്യന്‍ വിപണിയില്‍ അടുത്തിടെ ഇറങ്ങിയ 22,900 രൂപ വിലയുണ്ടായിരുന്ന ഒപ്പോ എഫ്7 ആയിരം രൂപയില്‍ നല്‍കും എന്നാണ് ഫ്ലിപ്പ്കാര്‍ട്ട് പരസ്യം. 64 ജിബി സ്റ്റോറേജ് വേരിയന്റാണ് ആയിരം രൂപയില്‍ കുറച്ച്‌ വില്‍ക്കുമെന്ന് പരസ്യം ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത് എങ്ങനെ ലഭ്യമാകും എന്ന കാര്യം ഫ്ലിപ്പ്കാര്‍ട്ട് വ്യക്തമാക്കിയിട്ടില്ല. ഉപാധികളും നിബന്ധനകളും പ്രകാരമാണ് ഹാന്‍ഡ്സെറ്റ് വില്‍ക്കുക എന്നും പരസ്യത്തിലുണ്ട്. ഫ്ലിപ്കാര്‍ട്ടില്‍ ഓഫറുകളുടെ പട്ടികയില്‍ നേരത്തെ തന്നെ എഫ്7 ഇടംപിടിച്ചിട്ടുണ്ട്.

ഇതിന് പുറമേ പകുതി വിലയ്ക്കുവരെ സ്മാര്‍ട്ട്ഫോണുകളും ഇലക്‌ട്രോണിക്ക് ഉപകരണങ്ങളും നല്‍കിയാണ് ഫ്ലിപ്പ്കാര്‍ട്ടിന്‍റെ ‘ബിഗ് ഷോപ്പിങ് ഡെയ്സ് ‘ . മെയ് 13-15നാണ് ഓണ്‍ലൈന്‍ വ്യാപാരം. മൊബൈല്‍ ഫോണ്‍, ടിവി, ക്യാമറ, കംപ്യൂട്ടര്‍, ഹോം അപ്ലിയന്‍സ് എന്നിവയെല്ലാം വില്‍പ്പനയ്ക്ക് എത്തുമെങ്കിലും ഏറ്റവും വിലക്കുറവ് മുന്‍നിര ബ്രാന്‍റുകളുടെ മൊബൈല്‍ ഫോണുകള്‍ക്കായിരിക്കും.

ഗൂഗിള്‍ പിക്സല്‍ 2, പിക്സല്‍ 2 എക്സ്‌എല്‍, ഗ്യാലസ്കി ഓണ്‍ നെക്സ്റ്റ് എന്നിവ പകുതി വിലയ്ക്ക് ഓഫര്‍ ദിനങ്ങളില്‍ ഉപയോക്താക്കള്‍ക്ക് സ്വന്തമാക്കാം. 61,000 രൂപ വിലയുണ്ടായിരുന്ന പിക്സല്‍ 2, പിക്സല്‍ 2 എക്സ് എല്‍ എന്നിവ 34,999 രൂപയ്ക്ക് വാങ്ങാം. ഇതോടൊപ്പം എച്ച്‌ഡിഎഫ്സി കാര്‍ഡിന്റെ പത്ത് ശതമാനം ഇളവും ലഭിക്കും. അവതരിപ്പിക്കുമ്ബോള്‍ 17,900 രൂപ വിലയുണ്ടായിരുന്ന ഗ്യാലക്സി ഓണ്‍ നെക്സ്റ്റ് 10,900 രൂപയ്ക്കും ലഭിക്കും. ഇതോടൊപ്പം വിവിധ എക്സ്ചേഞ്ച്, ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കും. ഗെയിമിങ് ലാപ്ടോപ്പുകള്‍ക്ക് 37,000 രൂപ വരെയാണ് ഇളവ് നല്‍കുന്നത്. 24,990 രൂപ വിലയുള്ള വയര്‍ലെസ് ഡോള്‍ബി സൗണ്ട്ബാറുകള്‍ 9999 രൂപയ്ക്കും വില്‍ക്കും. ടെലിവിഷന്‍, വാഷിങ് മെഷീന്‍, എസി തുടങ്ങി ഉപകരണങ്ങള്‍ക്ക് 70 ശതമാനം വരെയാണ് ഇളവ് നല്‍കുന്നത്.