Capturing Business 360°

സാങ്കേതികവിദ്യാ മേഖലയിലെ സംരംഭക മികവിനായി സ്റ്റാര്‍ട്ടപ് മിഷന്‍ – ഐസിടി അക്കാദമി സഹകരണം

ന്യൂഏജ് ന്യൂസ്

തിരുവനന്തപുരം: സാങ്കേതികവിദ്യയില്‍ ബിസിനസ് മികവും ശേഷി വികസനവും ലക്ഷ്യമാക്കി കേരള സ്റ്റാര്‍ട്ടപ് മിഷനും ഐസിടി അക്കാദമി ഓഫ് കേരള (ഐസിടിഎകെ)യും ചേര്‍ന്ന് നൂതനമായ പദ്ധതി നടപ്പാക്കുന്നു. സ്റ്റാര്‍ട്ടപ് മിഷന്റെ കീഴില്‍ കേരളത്തിലുടനീളം കോളജുകളില്‍ തുടങ്ങിയിട്ടുള്ള നൂതനത്വ സംരംഭക വികസന കേന്ദ്രങ്ങളിലൂടെയും (ഐഇഡിസി) വിദ്യാര്‍ഥി സ്റ്റാര്‍ട്ടപ്പുകളിലൂടെയുമാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയനുസരിച്ച് ഐഇഡിസികളുടെ പ്രവര്‍ത്തന മേല്‍നോട്ടത്തിനും മികവനുസരിച്ച് അവയ്ക്ക് അക്രഡിറ്റേഷന്‍ നല്‍കുന്നതിനും മികവിന്റെ കേന്ദ്രങ്ങളായി വികസിപ്പിക്കുന്നതിനും ഈ സെന്ററുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ബിസിനസ്‌ സാങ്കേതികവിദ്യാ പരിശീലനം നല്‍കുന്നതിനും ഐസിടിഎകെ സ്റ്റാര്‍ട്ടപ് മിഷനുമായി സഹകരിക്കും.
പുറത്തുനിന്ന് പങ്കാളികളെ കണ്ടുപിടിച്ച് സംരംഭകത്വം വികസിപ്പിക്കാനും ഐഇഡിസികളെ മികവിന്റെ കേന്ദ്രങ്ങളാക്കാനും മികച്ച ഐഇഡിസികളെയും വിദ്യാര്‍ഥി സ്റ്റാര്‍ട്ടപ്പുകളെയും നിര്‍ണയിച്ച് അവയ്ക്ക് മതിയായ പ്രോത്സാഹനം നല്‍കാനും പദ്ധതി ലക്ഷ്യമിടുന്നു. അക്രഡിറ്റേഷന്‍ പ്രക്രിയയിലൂടെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഐഇഡിസികളുടെ പട്ടിക തയാറാക്കും. അവയ്ക്കായി വാര്‍ഷിക ബിസിനസ് പ്ലാന്‍ തയാറാക്കി വര്‍ഷംതോറും അവയുടെ പ്രകടനം പരിശോധിക്കും. ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന ഐഇഡിസികളെ കെഎസ്യുഎം ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡുകള്‍ക്കായി ശുപാര്‍ശ ചെയ്യും.
ബിസിനസ് ആസൂത്രണം, ഉല്പന്ന രൂപകല്പന, ഭാവി സാങ്കേതികവിദ്യ, ഉല്പന്ന അവതരണ മികവ് എന്നിവയില്‍ പരിശീലനം നല്‍കാനായി ഐസിടിഎകെ വ്യവസായ മേഖലയില്‍നിന്ന് പങ്കാളികളെ കണ്ടുപിടിച്ചുനല്‍കും. പ്രാദേശികാടിസ്ഥാനത്തില്‍ ശില്പശാലകള്‍, മത്സരങ്ങള്‍ എന്നിവ സംഘടിപ്പിച്ച് അവയിലൂടെ മികച്ച ഐഇഡിസികളെയും വിദ്യാര്‍ഥി സ്റ്റാര്‍ട്ടപ്പുകളെയും കണ്ടുപിടിക്കാനും ഐസിടിഎകെ സ്റ്റാര്‍ട്ടപ് മിഷനെ സഹായിക്കും. ഈ സംരംഭകര്‍ക്ക് സ്റ്റാര്‍ട്ടപ് മിഷന്‍ ഇന്‍കുബേഷന്‍, ആക്‌സിലറേഷന്‍ എന്നിവയിലൂടെ വേണ്ട പിന്തുണയും സഹായവും നല്‍കും.
കോളജുകളില്‍ തുടങ്ങിയിട്ടുള്ള ഐഇഡിസികള്‍ മുഖേന നൂതനത്വവും സംരഭകത്വവും പ്രോത്സാഹിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഇനി ഈ പ്രക്രിയയില്‍ ഗുണനിലവാരവും പുത്തന്‍ തലമുറ സാങ്കേതികവിദ്യയും കൊണ്ടുവരേണ്ടതുണ്ടെന്നും കെഎസ്യുഎം സിഇഒ ഡോ.സജി ഗോപിനാഥ് പറഞ്ഞു. ഇതിനായി സ്ഥിരമായ മേല്‍നോട്ടവും പ്രോത്സാഹനവും നല്‍കേണ്ടതുണ്ട്. ഐസിടിഇകെയിലൂടെ സര്‍ക്കാര്‍സ്വകാര്യ മേഖലകളുമായി ബന്ധം സ്ഥാപിക്കുകയും അവിടെയുള്ള വിജ്ഞാനവും വിഭവശേഷിയും സ്റ്റാര്‍ട്ടപ്പുകളിലേയ്ക്ക് കൊണ്ടുവരികയുമാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവരസാങ്കേതിക വിദ്യയിലെ വ്യവസായങ്ങളുമായി തങ്ങള്‍ക്കുള്ള അടുപ്പം സംരംഭകത്വത്തില്‍ പ്രയോജനപ്പെടുത്താനായി സ്റ്റാര്‍ട്ടപ് മിഷനുമായുള്ള സഹകരണത്തിലൂടെ കഴിയുമെന്ന് ഐസിടിഎകെ സിഇഒ ശ്രീ സന്തോഷ് കുറുപ്പ് പറഞ്ഞു. കടുത്ത മത്സരം നിലനില്‍ക്കുന്ന ഈ മേഖലയില്‍ വിപണിയിലിറങ്ങുമ്പോള്‍ നമ്മുടെ വിദ്യാര്‍ഥികള്‍ വേണ്ടത്ര തയാറെടുപ്പു നടത്തുകയും വെല്ലുവിളി ഏറ്റെടുക്കുകയും വേണം. കെഎസ്യുഎമ്മിന്റെ ഈ ഉദ്യമം വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ മത്സരശേഷി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.