Capturing Business 360°

സംരംഭകരെ ആകര്‍ഷിക്കാന്‍ കഴിയുന്ന കേന്ദ്രമായി കേരളം മാറുന്നു ; വ്യവസായമന്ത്രി

ന്യൂഏജ് ന്യൂസ്

തിരുവനന്തപുരം : ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും സംരംഭകരെ ആകർഷിക്കുന്ന വിധത്തിൽ കേരളത്തിലെ വ്യവസായ സംസ്കാരം രൂപപ്പെടുകയാണെന്ന് വ്യവസായമന്ത്രി എ.സി. മൊയ്തീന്‍. പശ്ചാത്തലസൗകര്യം ഒരുക്കി സംരംഭകര്‍ക്കും വ്യവസായികള്‍ക്കും അവസരം വര്‍ധിപ്പിക്കുകയാണ് സര്‍ക്കാര്‍ നയമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ വ്യവസായ അന്തരീക്ഷം സമൃദ്ധമാക്കുന്നത് സംബന്ധിച്ച്‌ കെ.എഫ്.സി കോണ്‍ക്ലേവിനോടനുബന്ധിച്ച്‌ നടന്ന ചര്‍ച്ചയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സേവന, ഉത്പാദന മേഖലകളില്‍ സംരംഭകരെ ആകര്‍ഷിക്കാന്‍ കഴിയുന്ന കേന്ദ്രമായി കേരളം മാറുകയാണ്. തൊഴിലാളി സംഘടനകളും ഇപ്പോള്‍ യാഥാര്‍ഥ്യബോധത്തോടെയാണ് പെരുമാറുന്നത്. സംരംഭങ്ങള്‍ തുടങ്ങാനുള്ള കാലതാമസം ഒഴിവാക്കാനും അനുമതി ലഭ്യമാകുന്നതിനുമാണ് ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ഫെസിലിറ്റേഷന്‍ ആക്‌ട് കൊണ്ടുവന്നത്. പശ്ചാത്തലസൗകര്യവും ഭൂമിയുടെ ലഭ്യതയും ഉറപ്പാക്കാന്‍ വിവിധമേഖലകളില്‍ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കാന്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.